തൃശ്ശൂരില്‍ രണ്ടാം ഭാര്യയെയും അമ്മയെയും കൊന്നയാള്‍ ആദ്യഭാര്യയെ കൊന്ന് കാട്ടില്‍ കുഴിച്ചിട്ട കേസിലെ പ്രതി ; തെരച്ചില്‍ ഊര്‍ജിതമാക്കി പൊലീസ്

പടിയൂരിനെ ഞെട്ടിച്ച ഇരട്ടക്കൊലക്കേസിലെ പ്രതി നേരത്തെ ആദ്യഭാര്യയെ കൊലപ്പെടുത്തിയ കേസില്‍ ജാമ്യത്തില്‍ ഇറങ്ങിയയാള്‍.

പടിയൂർ പഞ്ചായത്തിനടുത്ത വീട്ടില്‍ ഇന്നലെയാണ് കാറളം വെള്ളാനി കൈതവളപ്പില്‍ വീട്ടില്‍ മണി (74), മകള്‍ രേഖ (43) എന്നിവരെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്. രേഖയുടെ ഭർത്താവ് കോട്ടയം സ്വദേശി പ്രേംകുമാറാണ് ഇരുവരെയും കൊന്ന് ഒളിവില്‍ പോയതെന്ന് സംശയിക്കുന്നതായി പൊലീസ് പറഞ്ഞു. ഇയാള്‍ക്കായി പൊലീസ് തെരച്ചില്‍ ഊർജിതമാക്കി.

ആദ്യഭാര്യ ഉദയംപേരൂരിലെ വിദ്യയെ കൊലപ്പെടുത്തി കാട്ടില്‍ കുഴിച്ചുമൂടിയ കേസില്‍ ജയില്‍വാസം അനുഭവിച്ച പ്രേംകുമാർ ജാമ്യത്തില്‍ ഇറങ്ങിയതായിരുന്നു. ഇതിനിടെയാണ് നാടിനെ ഞെട്ടിച്ച്‌ വീണ്ടും കൊലപാതകം നടത്തിയത്.

മണിയുടെ മൂത്ത മകളും ഇരിങ്ങാലക്കുട ബോയ്സ് സ്കൂളിലെ ജീവനക്കാരിയുമായ സിന്ധുവിന് രണ്ട് ദിവസമായി അമ്മയെ വിളിച്ചിട്ട് കിട്ടിയിരുന്നില്ല. ഇന്നലെ ഇവർ താമസിച്ച വീട്ടില്‍നിന്ന് ദുർഗന്ധം വമിക്കുന്നതായി പരിസരവാസികള്‍ വിളിച്ചറിയിച്ചതിനെ തുടർന്ന് സ്കൂളില്‍ നിന്നും രണ്ട് മണിയോടെ മടങ്ങിയ സിന്ധു പടിയൂരിലെ വീട്ടിലെത്തി പിറകില്‍നിന്നും വാതില്‍ തള്ളിത്തുറന്ന് അകത്ത് കയറിയപ്പോഴാണ് ഇരുവരെയും മരിച്ചനിലയില്‍ കണ്ടത്. കിടപ്പുമുറിക്കും അടുക്കളക്കും ഇടയിലുള്ള ഭാഗത്താണ് ഇരുവരും മരിച്ചുകിടന്നത്. കാട്ടൂർ സി.ഐ ഇ.ആർ. ബൈജുവിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു.

അഞ്ചു മാസമായി മണിയും മകളും ഇവിടെ വാടകക്ക് താമസിച്ചുവരുകയാണ്. മണി ഇരിങ്ങാലക്കുടയില്‍ വീട്ടുജോലിക്ക് പോയിരുന്നു. സ്മിത എന്ന ഒരു മകള്‍ കൂടിയുണ്ട്. ശരീരങ്ങള്‍ അഴുകിയ നിലയിലാണ്. വീട്ടിനുള്ളില്‍ സാധനങ്ങള്‍ അലങ്കോലമായ നിലയിലായിരുന്നു.

രേഖയുടെ രണ്ടാമത്തെ ഭർത്താവാണ് പ്രേംകുമാർ. ഇയാള്‍ക്കെതിരെ കുറച്ച്‌ ദിവസം മുമ്ബ് ഇരിങ്ങാലക്കുട വനിത സ്റ്റേഷനില്‍ രേഖ പരാതി നല്‍കിയിരുന്നതായി സഹോദരി പറഞ്ഞു. ഏതാനും ദിവസം മുമ്ബ് ഇയാളെ ഇവിടെ കണ്ടവരുണ്ട്. കാട്ടൂർ ഇൻസ്പെക്ടർ ഇ.ആർ. ബൈജുവിന്റെ നേതൃത്വത്തില്‍ തുടർനടപടി സ്വീകരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *