ഭൂമി ക്രയവിക്രയങ്ങള്‍ സുതാര്യമാകുന്ന ‘എന്റെ ഭൂമി’ സംയോജിത വെബ് പോർട്ടല്‍ സംവിധാനം കൊണ്ടുവരുമെന്ന് റവന്യു വകുപ്പ് മന്ത്രി കെ രാജൻ.
ശൂരനാട് തെക്ക് സ്മാര്‍ട്ട് വില്ലേജ് ഓഫീസിന്റെ ശിലാസ്ഥാപനവും ശിലാഫലക അനാച്ഛാദനവും സര്‍വീസ് സഹകരണ ബാങ്ക് ഓപ്പണ്‍ ഓഡിറ്റോറിയത്തില്‍ നിർവഹിക്കുകയായിരുന്നു അദ്ദേഹം. വില്ലേജ് ഓഫീസുകള്‍ സ്മാർട്ട് ആയതോടെ സേവനം സുതാര്യവും ജനകീയവുമായി.
ഡിജിറ്റല്‍ സർവ്വെ പൂർത്തീകരിച്ച് രേഖകള്‍ ഡിജിറ്റൈസ് ചെയ്യും. നിയോജക മണ്ഡലാടിസ്ഥാനത്തില്‍ പട്ടയ അസംബ്ലി നടപ്പിലാക്കി. വാതില്‍ പടി പട്ടയം നടപ്പിലാക്കാൻ കഴിഞ്ഞു. സംസ്ഥാനത്ത് അർഹതപ്പെട്ട മുഴുവൻ ആളുകള്‍ക്കും പട്ടയം നല്‍കുന്നതിന് വേണ്ടിയുള്ള പട്ടയമിഷനിലേക്ക് സർക്കാർ കടക്കുകയാണെന്നും മന്ത്രി പറഞ്ഞു.
സ്മാർട്ട് വില്ലേജ് ഓഫീസ് പദ്ധതിയുടെ ഭാഗമായി പ്ലാൻ ഫണ്ട് 2021-22 പദ്ധതിയില്‍ ഉള്‍പ്പെടുത്തി 44 ലക്ഷം രൂപ വിനിയോഗിച്ചാണ് പുനർനിർമാണം. കൊടിക്കുന്നില്‍ സുരേഷ് എം പി മുഖ്യപ്രഭാഷണം നടത്തി. കോവൂര്‍ കുഞ്ഞുമോന്‍ എംഎല്‍എ അധ്യക്ഷനായി.
ജില്ലാ കലക്ടർ എൻ ദേവിദാസ്,സബ് കലക്ടർ മുകുന്ദ് ഠാക്കൂർ, കാപെക്സ് ചെയർമാൻ എം ശിവശങ്കര പിള്ള, ശൂരനാട് തെക്ക് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എസ് കെ ശ്രീജ, ശാസ്താംകോട്ട ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി ഗീതാകുമാരി, ശൂരനാട് തെക്ക് ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് വി സി രാജി, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ ശശികല, പുഷ്പകുമാരി, എഡിഎം ആർ ബീനാ റാണി, തദ്ദേശ സ്വയംഭരണ സ്ഥാപന പ്രതിനിധികള്‍, ഉദ്യോഗസ്ഥര്‍ ജീവനക്കാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.