മലപ്പുറം ജില്ലാ ആശുപത്രിയിലെ പുതിയ കെട്ടിടത്തില്‍ പരിശോധന നടത്തുന്നതിനിടെ ഭൂഗര്‍ഭ നിലയിലേക്കു വീണ് പരുക്കേറ്റ് ചികിത്സയിലായിരുന്ന ഹെഡ് നഴ്‌സ് മരിച്ചു.
ചാലക്കുടി വെട്ടുകടവ് തോപ്പില്‍ ആന്റോയുടെ ഭാര്യ ടി.ജെ മിനി (48) ആണ് മരിച്ചത്. പുതിയ ഓങ്കോളജി ബ്ലോക്കിനായി നിര്‍മിച്ച കെട്ടിടത്തില്‍ ചൊവ്വാഴ്ച ഉച്ചയ്ക്കാണ് അപകടമുണ്ടായത്. ആശുപത്രിയിലെ കാന്‍സര്‍ വാര്‍ഡ് ഈ കെട്ടിടത്തിലേക്കു മാറ്റുന്നതിന്റെ ഭാഗമായി നഴ്‌സിങ് സൂപ്രണ്ട്, സ്റ്റാഫ് നഴ്‌സ് എന്നിവര്‍ക്കൊപ്പം പരിശോധനയ്ക്ക് എത്തിയതായിരുന്നു.
ഗ്രൗണ്ട് ഫ്‌ലോറിലെ പരിശോധനയ്ക്കിടെ ഭൂഗര്‍ഭ നിലയിലേക്കുള്ള പടികളില്ലാത്ത ഭാഗത്തെ വാതില്‍ തുറന്ന് അബദ്ധത്തില്‍ കാലെടുത്ത് വയ്ക്കുകയായിരുന്നു. ഇതോടെ 8 മീറ്റര്‍ താഴ്ചയിലേക്ക് പതിച്ചു. ഉടന്‍ അത്യാഹിത വിഭാഗത്തില്‍ എത്തിച്ച് പ്രാഥമിക ചികിത്സ നല്‍കിയ ശേഷം കോട്ടയ്ക്കലിലെ സ്വകാര്യ ആശുപത്രിയിലേക്കു മാറ്റി.
തലയോട്ടിക്കുള്ളിലും വയറിനുള്ളിലും നട്ടെല്ലിനും ഗുരുതരമായി പരുക്കേറ്റിരുന്നു. ചികിത്സയ്ക്കിടെ രാത്രി ഒന്നരയോടെ മരണത്തിനു കീഴടങ്ങുകയായിരുന്നു. നടപടി ക്രമങ്ങള്‍ക്കു ശേഷം ഇന്നു ജില്ലാ ആശുപത്രിയില്‍ പൊതുദര്‍ശനത്തിനു വയ്ക്കും. തുടര്‍ന്ന് നാട്ടിലേക്കു കൊണ്ടുപോകും. 2 വര്‍ഷമായി മിനി ജില്ലാ ആശുപത്രിയില്‍ ഹെഡ് നഴ്‌സാണ്. പുതിയ സ്ഥലം മാറ്റപ്പട്ടികയില്‍ പേരുണ്ടായിരുന്നു. മക്കള്‍: ജോയല്‍, ഏയ്ഞ്ചല്‍. സംസ്‌കാര ചടങ്ങുകള്‍ വ്യാഴാഴ്ച ഉച്ചക്ക് 12ന് ചാലക്കുടി സെന്റ് മേരീസ് ഫൊറോന പള്ളിയില്‍ നടക്കും.