പ്ലസ്ടു പഠിച്ചിറങ്ങുമ്ബോള്‍ ഏതെങ്കിലുമൊരു തൊഴിലിലേക്ക് തിരിയാന്‍ കുട്ടികളെ പ്രാപ്തരാക്കുക എന്ന ലക്ഷ്യത്തോടെ അഞ്ചാംക്ലാസുമുതല്‍ തൊഴില്‍പഠനം വിഭാവനംചെയ്ത് പുതിയ സ്‌കൂള്‍ പാഠ്യപദ്ധതി.
തൊഴില്‍പഠനം ഔപചാരിക വിദ്യാഭ്യാസത്തിന്റെ ഭാഗമാക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചതോടെ, ഇനി സംസ്ഥാനത്തെ വൊക്കേഷണല്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂളുകള്‍ (വി.എച്ച്.എസ്.ഇ.) ഇല്ലാതാവും.
അടുത്തവര്‍ഷം സ്‌കൂള്‍പാഠ്യപദ്ധതി പരിഷ്‌കാരം പൂര്‍ത്തിയാക്കിയശേഷം 2026-ല്‍ ഹയര്‍സെക്കന്‍ഡറിയില്‍ പുതിയ പാഠ്യപദ്ധതി നടപ്പാക്കാനുള്ള ഒരുക്കത്തിലാണ് എസ്.സി.ഇ.ആര്‍.ടി. ഇതോടെ തൊഴില്‍പഠനം അഞ്ചുമുതല്‍ 12 വരെയുള്ള ക്ലാസുകളിലേക്കു മാറും. ഇതോടെ, വി.എച്ച്.എസ്.ഇ.കള്‍ ഇല്ലാതാവും. അവ ഹയര്‍സെക്കന്‍ഡറിയില്‍ സംയോജിപ്പിക്കും. തൊഴില്‍ പഠിപ്പിക്കുന്നവരെ നൈപുണികേന്ദ്രങ്ങളിലേക്കും അല്ലാത്തവരെ ഹയര്‍ സെക്കന്‍ഡറിയിലേക്കും പുനര്‍വിന്യസിക്കും.
ദേശീയ നൈപുണി യോഗ്യതാ ചട്ടക്കൂട് (എന്‍.എസ്.ക്യു.എഫ്.) അനുസരിച്ചാണ് ഇപ്പോള്‍ വി.എച്ച്.എസ്.ഇ. പഠനം. കാലാനുസൃതമായി തൊഴിലും ട്രേഡുകളും മാറുന്നതിനാല്‍ കോഴ്സുകളുടെ ഉള്ളടക്കവും ഇടയ്ക്കിടെ മാറുന്നുണ്ട്. അതുകൊണ്ടുതന്നെ തൊഴില്‍ പഠിപ്പിക്കാന്‍ സ്ഥിരാധ്യാപകര്‍ വേണ്ടെന്ന നിലപാടിലാണ് സര്‍ക്കാര്‍. വി.എച്ച്.എസ്.ഇ.കളിലെ തൊഴില്‍ അധ്യാപക തസ്തിക വാനിഷിങ് കാറ്റഗറിയില്‍ (ഇല്ലാതാവുന്ന വിഭാഗം) ഉള്‍പ്പെടുത്തി. നിലവിലെ സ്ഥിരാധ്യാപകരെ ഇതു ബാധിക്കില്ല.