മലബാറില്‍ പ്ലസ് വണ്‍ സീറ്റ് ക്ഷാമമില്ലെന്ന സർക്കാർ വാദം പൊളിച്ച് സപ്ലിമെന്‍ററി അലോട്ട്മെന്‍റിനുള്ള അപേക്ഷകരുടെ കണക്ക് പുറത്ത്.
14 ജില്ലകളിലും ഒന്നാം സപ്ലിമെന്‍ററി അലോട്ട്മെന്‍റിനായി ആകെ ലഭിച്ചത് 57,712 അപേക്ഷകളാണ്. ഇതില്‍ 40,945 അപേക്ഷകരും പാലക്കാട് മുതല്‍ കാസർകോട് വരെയുള്ള ജില്ലകളില്‍ നിന്നാണ്.
സംസ്ഥാനത്താകെ സീറ്റില്ലാത്ത മൊത്തം അപേക്ഷകരുടെ 70.94 ശതമാനവും മലബാറിലാണെന്ന് കണക്കുകളില്‍ വ്യക്തം. സീറ്റ് ക്ഷാമം രൂക്ഷമായ മലപ്പുറത്താണ് ഏറ്റവും കൂടുതല്‍ അപേക്ഷകർ; 16881 പേർ. സംസ്ഥാനത്താകെ സീറ്റില്ലാത്തവരില്‍ 29.25 ശതമാനവും മലപ്പുറത്താണ്. മലബാറില്‍ സീറ്റില്ലാത്തവരില്‍ 41.22 ശതമാനവും മലപ്പുറത്താണ്.
മലപ്പുറത്ത് സീറ്റിന്‍റെ കുറവില്ലെന്നായിരുന്നു ആദ്യം വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി നിയമസഭയില്‍ ഉള്‍പ്പെടെ പറഞ്ഞത്. വിദ്യാർഥി സംഘടനകളും മാധ്യമങ്ങളും കണക്കുകള്‍ പുറത്തുവിട്ടതോടെ മലപ്പുറത്ത് ഏഴായിരം സീറ്റിന്‍റെ കുറവുണ്ടെന്ന് മന്ത്രി നിലപാട് മാറ്റി. ഈ കണക്കും മറികടക്കുന്നതാണ് സപ്ലിമെന്‍ററി ഘട്ടത്തിലുള്ള അപേക്ഷകരുടെ എണ്ണം.
പാലക്കാട് ജില്ലയില്‍ 8139 അപേക്ഷകർക്കായി ഇനിയുള്ളത് 3712 സീറ്റുകളാണ്. കുറവുള്ളത് 4427 സീറ്റ്. കോഴിക്കോട് ജില്ലയില്‍ 7192 അപേക്ഷകർക്കായുള്ളത് 4888 സീറ്റുകളാണ്. തിരുവനന്തപുരം മുതല്‍ തൃശൂർ വരെയുള്ള ജില്ലകളിലെല്ലാം അപേക്ഷകരേക്കാള്‍ കൂടുതല്‍ സീറ്റുണ്ട്.