മെസിയുടെ പേരില്‍ തട്ടിപ്പ്; മുൻമന്ത്രി അബ്ദുറഹ്‌മാനെ പ്രതിചേര്‍ക്കാൻ ഉത്തരവിറങ്ങി

ലയണല്‍ മെസിയെയും അർജന്റൈൻ ദേശീയ ഫുട്ബാള്‍ ടീമിനെയും കേരളത്തിലെത്തിക്കാമെന്ന വാഗ്ദാനത്തിന്റെ മറവില്‍ നടന്ന സാമ്പത്തിക തട്ടിപ്പില്‍ മുൻ കായികമന്ത്രി വി. അബ്ദുറഹ്മാനെയും പ്രതിചേർക്കാൻ ആഭ്യന്തരവകുപ്പ് ഉത്തരവിറക്കി.

അഴിമതി നിരോധന നിയമപ്രകാരം മുൻ മന്ത്രി ഉള്‍പെടെയുള്ളവർക്കെതിരേ കേസെടുത്ത് അന്വേഷണം നടത്താനാണ് ആഭ്യന്തരവകുപ്പിന്റെ ഉത്തരവ്. കേസില്‍ അബ്ദുറഹ്മാനെ കൂടാതെ മുൻ പ്രൈവറ്റ് സെക്രട്ടറി സി. സത്യപാലൻ, സ്പോർട്സ് കൗണ്‍സില്‍ മുൻ അധ്യക്ഷൻ യു. ഷറഫലി എന്നിവർക്കെതിരെയും അന്വേഷണം നടത്തും.

മുൻമന്ത്രിക്കെതിരേ അന്വേഷണം നടത്തുന്നതിന് ഗവർണർ ഓംപ്രകാശ് മാഥൂർ അനുമതി നല്‍കിയതോടെയാണ് തുടർനടപടികള്‍ക്ക് വഴിയൊരുങ്ങിയത്. നിലവില്‍ തട്ടിപ്പുമായി ബന്ധപ്പെട്ട് കളമശേരി പൊലിസ് രജിസ്റ്റർ ചെയ്ത കേസില്‍ റിപ്പോർട്ടർ ബ്രോഡ്കാസ്റ്റിംഗ് കമ്പനി (ആർബിസി), എംഡി ആന്റോ അഗസ്റ്റിൻ എന്നിവരാണ് പ്രതികള്‍.

ഔദ്യോഗിക പദവി ദുരുപയോഗം ചെയ്ത് സ്വകാര്യ കമ്പനിക്ക് സാമ്പത്തിക നേട്ടമുണ്ടാക്കാൻ സഹായിച്ചെന്നും സർക്കാരിന് സാമ്പത്തിക നഷ്ടമുണ്ടാക്കിയെന്നുമാണ് അബ്ദുറഹിമാനെതിരായ ആരോപണം.

അനധികൃതമായി ഇടപെടലുകളും കത്തിടപാടുകളും നടത്തിയെന്നാണ് സത്യപാലനെതിരായ കണ്ടെത്തല്‍. സ്പോർട്സ് കൗണ്‍സില്‍ അധ്യക്ഷനായിരിക്കെ സ്പോണ്‍സർക്ക് അനുകൂലമായി കരാറില്‍ സാക്ഷിയായി ഒപ്പിട്ടെന്നാണ് ഷറഫലിക്കെതിരായ ആരോപണം.

കായികവകുപ്പിലെ അന്വേഷണ റിപ്പോർട്ടിനെ തുടർന്നാണ് എസ്‌ഐടി അന്വേഷണം ആരംഭിച്ചത്. മെസിയുടെ പേരില്‍ പണപ്പിരിവും സാമ്പത്തിക ക്രമക്കേടുകളും അധികാരദുർവിനിയോഗവും നടന്നതായി അന്വേഷണസംഘം കണ്ടെത്തിയിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *