തദ്ദേശ തെരഞ്ഞെടുപ്പ് പരാജയത്തിന്റെ പശ്ചാത്തലത്തില്‍ ചേര്‍ന്ന സിപിഐ നേതൃയോഗത്തില്‍ മുഖ്യമന്ത്രി പിണറായി വിജയനെതിരെ വിമര്‍ശനം.
മുന്നണിയെ മുഖ്യമന്ത്രി വിശ്വാസത്തിലെടുക്കുന്നില്ലെന്ന ചര്‍ച്ച യോഗത്തിലുണ്ടായി.
മുഖ്യമന്ത്രി പല തീരുമാനങ്ങളും ഒറ്റയ്ക്ക് എടുക്കുകയാണ്. പി എം ശ്രീ അതിന് ഉദാഹരണമാണ്. പി എം ശ്രീയും വെള്ളാപ്പള്ളി നടേശന്റെ സമുദായ വിരുദ്ധ നിലപാടും മുസ്ലിം ന്യൂനപക്ഷത്തെ എല്‍ഡിഎഫില്‍ നിന്നകറ്റിയെന്നും യോഗം വിലയിരുത്തി.
ശബരിമല സ്വര്‍ണ്ണക്കൊള്ള തോല്‍വിക്ക് കാരണമായി. ഭരണവിരുദ്ധ വികാരം അടിത്തട്ടില്‍ ഉണ്ടായെന്നും യോഗം അഭിപ്രായപ്പെട്ടു. തദ്ദേശ തെരഞ്ഞെടുപ്പിലെ തിരിച്ചടിക്ക് പിന്നാലെ എല്‍ഡിഎഫ് സര്‍ക്കാരിനെ സിപിഐ മുഖപത്രമായ ജനയുഗം വിമര്‍ശിച്ചിരുന്നു. ആത്മപരിശോധനയും ഗതിമാറ്റവും അനിവാര്യമാക്കുന്ന തെരഞ്ഞെടുപ്പുഫലം എന്ന തലക്കെട്ടിലുള്ള എഡിറ്റോറിയലിലാണ് ജനയു?ഗം കടുത്ത വിമര്‍ശനം ഉയര്‍ത്തിയിരിക്കുന്നത്. എല്‍ഡിഎഫ് സര്‍ക്കാരിന്റെ അടുത്തകാലത്തെ ചില നടപടികളെങ്കിലും ആ വിശ്വാസത്തിന് തെല്ലെങ്കിലും ഉലച്ചില്‍ സംഭവിക്കാന്‍ കാരണമായിട്ടുണ്ടോ എന്നുള്ള ആത്മപരിശോധനയ്ക്കു കൂടിയുള്ള അവസരമാണിതെന്നാണ് ജനയു?ഗം തെരഞ്ഞെടുപ്പ് പരാജയത്തിന് പിന്നാലെ വ്യക്തമാക്കുന്നത്. കഴിഞ്ഞ ഒരു ദശാബ്ദത്തോളമായി കേരളത്തില്‍ അധികാരത്തിലിരിക്കുന്ന ഇടതുപക്ഷ ജനാധിപത്യ മുന്നണിയെ സംബന്ധിച്ചിടത്തോളം കണക്കുകൂട്ടലുകള്‍ക്ക് വിരുദ്ധവും കനത്ത രാഷ്ട്രീയ വെല്ലുവിളി ഉയര്‍ത്തുന്നതുമാണ് ഈ തെരഞ്ഞെടുപ്പുഫലമെന്നും ജനയു?ഗം ചൂണ്ടിക്കാണിക്കുന്നുണ്ട്.
