ശബരിമലയിലെ സ്വര്‍ണപ്പാളി വിവാദത്തില്‍ കേന്ദ്ര അന്വേഷണം ആവശ്യപ്പെട്ട് യുഡിഎഫ്. കേരള പൊലീസ് അന്വേഷിച്ചാല്‍ സത്യം തെളിയില്ലെന്ന് യുഡിഎഫ് കണ്‍വീനര്‍ അടൂര്‍ പ്രകാശ് ആരോപിച്ചു.
സിബിഐയെ ഏല്‍പ്പിച്ചാല്‍ മാത്രമേ സത്യം പുറത്തുവരൂ. ഇവിടെനിന്ന് അന്വേഷിച്ചാല്‍ സത്യസന്ധമായ റിപ്പോര്‍ട്ട് പുറത്തുവരില്ല. അങ്ങനെയെങ്കില്‍ അയ്യപ്പന്‍ അതിനു മാപ്പു നല്‍കില്ല. അതുകൊണ്ടാണല്ലോ അയ്യപ്പ സംഗമം നടത്തിയപ്പോള്‍ ഇങ്ങനെ ഒരു വിഷയം പൊന്തിവന്നത്. ഭക്തജനങ്ങളെ സംബന്ധിച്ച് വൈകാരികമായുള്ള ബന്ധമാണ് ശബരിമല. ദേവസ്വം ബോര്‍ഡുമായി ബന്ധപ്പെട്ട് അന്വേഷണം നടക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
തദ്ദേശ-നിയമസഭാ തെരഞ്ഞെടുപ്പില്‍ യോജിച്ചുപോകുന്ന എല്ലാവരുമായി ഒന്നിച്ചു ചേര്‍ന്നു പ്രവര്‍ത്തിക്കുമെന്നും അദ്ദേഹം പറഞ്ഞു. പ്രശ്നങ്ങളെല്ലാം പരിഹരിക്കും. എന്‍എസ്‌എസുമായി ഒരു അഭിപ്രായ വ്യത്യാസവുമില്ല. കേരളത്തിലെ ആരോഗ്യ രംഗം തകര്‍ന്നതിന്റെ തെളിവാണ് പാലക്കാട്ടെ കുട്ടിയുടെ കൈ മുറിച്ചു മാറ്റിയ സംഭവമെന്നും അദ്ദേഹം ആരോപിച്ചു.