സ്പോർട്‌സ് അതോറിറ്റി ഓഫ് ഇന്ത്യ (സായി)യുടെ കൊല്ലത്തെ വനിതാ ഹോസ്റ്റലില്‍ രണ്ട് വിദ്യാർഥിനികളെ മുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തി.
കോഴിക്കോട് സ്വദേശി സാന്ദ്ര (18), തിരുവനന്തപുരം സ്വദേശി വൈഷ്ണവി (16) എന്നിവരാണ് മരിച്ചത്. സാന്ദ്ര പ്ലസ്ടു വിദ്യാർഥിനിയും വൈഷ്ണവി പത്താം ക്ലാസ് വിദ്യാർഥിനിയുമാണ്.
വ്യാഴാഴ്ച (15.01.2026) പുലർച്ചെ അഞ്ചു മണിയോടെയാണ് സംഭവം പുറത്തറിയുന്നത്. സായിയിലെ പതിവ് പരിശീലന പരിപാടിയില്‍ ഇരുവരും പങ്കെടുക്കാത്തതിനെ തുടർന്ന് സഹപാഠികള്‍ മുറിയിലെത്തി അന്വേഷിക്കുകയായിരുന്നു. മുറിയുടെ വാതില്‍ അകത്തുനിന്ന് അടഞ്ഞ നിലയിലായിരുന്നു. തുടർന്ന് ജനലിലൂടെ നോക്കിയപ്പോഴാണ് ഇരുവരെയും മുറിക്കുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്.
മരിച്ച വൈഷ്ണവി കബഡി താരവും സാന്ദ്ര അത്ലറ്റിക് താരവുമാണ്. കഴിഞ്ഞ ദിവസം കല്ലുവാതുക്കല്‍ നടന്ന കബഡി മത്സരത്തില്‍ വൈഷ്ണവി വിജയിച്ചിരുന്നു. ഇരുവരും മികച്ച കായിക താരങ്ങളായിരുന്നുവെന്നാണ് അധികൃതർ നല്‍കുന്ന വിവരം.
വിവരം അറിയിച്ചതിനെ തുടർന്ന് പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തി. മരണകാരണം വ്യക്തമല്ലെന്നും അസ്വാഭാവിക മരണമെന്ന നിലയിലാണ് അന്വേഷണം നടക്കുന്നതെന്നും പൊലീസ് അറിയിച്ചു. ഇൻക്വസ്റ്റ് നടപടികള്‍ക്ക് ശേഷം മൃതദേഹങ്ങള്‍ പോസ്റ്റ്‌മോർട്ടത്തിനായി ആശുപത്രിയിലേക്ക് മാറ്റും. പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
ശ്രദ്ധിക്കുക: സ്വയം ജീവനൊടുക്കുന്നത് ഒന്നിനും പരിഹാരമല്ല, മാനസികാരോഗ്യ വിദഗ്‌ധരുടെ സഹായം തേടുക, അതിജീവിക്കാൻ ശ്രമിക്കുക. അത്തരം ചിന്തകളുള്ളപ്പോള്‍ ‘ദിശ’ ഹെല്‍പ് ലൈനില്‍ വിളിക്കുക. ടോള്‍ ഫ്രീ ഹെല്‍പ് ലൈൻ നമ്പർ: 1056, 0471-2552056
