നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി ബേപ്പൂർ മണ്ഡലത്തിലെ രാഷ്ട്രീയ പോരാട്ടം ചൂടുപിടിക്കുന്നു. ബേപ്പൂരില്‍ ആര് വന്ന് മത്സരിച്ചാലും വിജയം എല്‍ഡിഎഫിനായിരിക്കുമെന്ന് പൊതുമരാമത്ത്-ടൂറിസം വകുപ്പ് മന്ത്രി പി.എ.
മുഹമ്മദ് റിയാസ് ആത്മവിശ്വാസം പ്രകടിപ്പിച്ചു. തൃണമൂല്‍ കോണ്‍ഗ്രസ് നേതാവ് പി.വി. അൻവർ യുഡിഎഫ് പിന്തുണയോടെ ബേപ്പൂരില്‍ മത്സരിച്ചേക്കുമെന്ന റിപ്പോർട്ടുകളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
ബേപ്പൂരില്‍ സ്ഥാനാർത്ഥിയെ നിശ്ചയിക്കാനുള്ള അധികാരം യുഡിഎഫിനുണ്ടെന്നും വോട്ടർ പട്ടികയില്‍ പേരുള്ള ആർക്കും എവിടെയും മത്സരിക്കാമെന്നും റിയാസ് പറഞ്ഞു. എന്നാല്‍ മണ്ഡലത്തിലെ ജനങ്ങള്‍ എല്‍ഡിഎഫിനൊപ്പമാണെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. നിലവില്‍ മുഹമ്മദ് റിയാസ് പ്രതിനിധീകരിക്കുന്ന മണ്ഡലത്തില്‍ പി.വി. അൻവറിനെ ഇറക്കി അട്ടിമറി വിജയം നേടാൻ കോഴിക്കോട് ഡിസിസി സമ്മർദ്ദം ചെലുത്തുന്നതായി വാർത്തകള്‍ പുറത്തുവന്നിരുന്നു. അങ്ങനെയെങ്കില്‍ കേരളം ഉറ്റുനോക്കുന്ന ഒരു തീപ്പൊരി പോരാട്ടത്തിനാകും ബേപ്പൂർ സാക്ഷ്യം വഹിക്കുക.
സിപിഐഎമ്മിന്റെ ഗൃഹസന്ദർശന പരിപാടിക്ക് ജനങ്ങളില്‍ നിന്ന് മികച്ച പ്രതികരണമാണ് ലഭിക്കുന്നതെന്ന് മന്ത്രി പറഞ്ഞു. ജനങ്ങളുടെ കരുത്താണ് പാർട്ടിയെന്നും സർക്കാരിന്റെയും ജനപ്രതിനിധികളുടെയും പ്രവർത്തനങ്ങളെക്കുറിച്ച് നേരിട്ട് അഭിപ്രായങ്ങള്‍ തേടുകയാണെന്നും അദ്ദേഹം വിശദീകരിച്ചു.
