14 വാര്‍ഡ് വര്‍ധിച്ചിട്ടും ഒരു വാര്‍ഡ് പോലും സിപിഐയ്ക്ക് നല്‍കിയില്ലെന്ന് പരാതി

ത്രിതല പഞ്ചായത്ത് തെരഞ്ഞെടുപ്പിന്റെ ഭാഗമായി പുതുക്കാട് മണ്ഡലത്തിലെ പഞ്ചായത്തുകളില്‍ വര്‍ധിച്ച വാര്‍ഡുകള്‍ കൈയടക്കി സിപിഎം.

എട്ട് പഞ്ചായത്തുകളിലായി 14 വാര്‍ഡുകളുടെ വര്‍ധനവാണ് ഉണ്ടായിട്ടുള്ളത്. ചില പഞ്ചായത്തുകളില്‍ രണ്ടും, ചിലയിടത്ത് ഒരു വാര്‍ഡുമാണ് വര്‍ധിപ്പിച്ചിട്ടുള്ളത്. എന്നാല്‍ 14 വാര്‍ഡിന്റെ വര്‍ധനവ് ഉണ്ടായിട്ടും അതില്‍ ഒരു വാര്‍ഡ് പോലും ഘടകകക്ഷിയായ സിപിഐക്ക് നല്‍കാതെ പതിനാലും സിപിഎം കയ്യടക്കി വച്ചിരിക്കുന്നത് മുന്നണി മര്യാദയുടെ ലംഘനമാണെന്ന് ആക്ഷേപമുയരുന്നു.

തര്‍ക്കം മണ്ഡലം തലത്തില്‍ ചര്‍ച്ച ചെയ്യാതെ അതാത് പഞ്ചായത്തുകളില്‍ തന്നെ തീര്‍ക്കുക എന്ന നയതന്ത്രമാണ് സിപിഎം നേതൃത്വം കൈ കൊണ്ടിട്ടുളളത്. പഞ്ചായത്തുതലത്തില്‍ ഒന്നോ രണ്ടോ വാര്‍ഡുകള്‍ വര്‍ധിച്ചാല്‍ അതിലൊന്ന് എങ്ങനെ സിപിഐയ്ക്ക് നല്‍കാനാവും എന്ന തന്ത്രമാണ് സിപിഎം പയറ്റുന്നത്. എന്നാല്‍ മണ്ഡലം അടിസ്ഥാനത്തില്‍ കണക്കുകൂട്ടുമ്ബോള്‍ പതിനാലില്‍ നാലെണ്ണമാണ് സിപിഐ ചോദിച്ചത്. എന്നാല്‍ ഇത് നല്‍കാന്‍ സിപിഎം തയ്യാറാകാത്തതാണ് തര്‍ക്കത്തിന് കാരണം.

സീറ്റ് തര്‍ക്കം ചര്‍ച്ച ചെയ്യാനായി മണ്ഡലം തല മുന്നണിയോഗം ചേരുന്നില്ല എന്നതാണ് സിപിഐയുടെ പരാതി. നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കേണ്ട ദിവസം എത്തിയിട്ടും വര്‍ദ്ധിപ്പിച്ച വാര്‍ഡുകളിലെ സീറ്റു തര്‍ക്കം തീരാത്തത് കാരണം 8 പഞ്ചായത്തുകളിലും ഇടതുമുന്നണി സ്ഥാനാര്‍ത്ഥി പട്ടിക പുറത്തിറക്കാന്‍ കഴിഞ്ഞിട്ടില്ല.

Leave a Reply

Your email address will not be published. Required fields are marked *