പയ്യന്നൂരില്‍ ജീവനൊടുക്കിയ ബൂത്ത് ലെവല്‍ ഓഫീസര്‍ അനീഷ് ജോര്‍ജിന്റെ മരണത്തില്‍ സിപിഎമ്മിനെതിരെ ആരോപണവുമായി കോണ്‍ഗ്രസ്.
അനീഷിന് ചിലരില്‍ നിന്നും ഭീഷണി ഉണ്ടായിരുന്നുവെന്ന് ഡിസിസി ജനറല്‍ സെക്രട്ടറി രജിത്ത് നാറാത്ത് പറഞ്ഞു. കോണ്‍ഗ്രസ് ബൂത്ത് ലെവല്‍ ഏജന്റിനെ വീട് കയറാന്‍ കൂട്ടരുതെന്ന് അനീഷിനെ ചിലര്‍ ഭീഷണിപ്പെടുത്തിയതായി രജിത്ത് നാറാത്ത് ആരോപിച്ചു.
അനീഷ് ജോര്‍ജിനെ ഭീഷണിപ്പെടുത്തുന്ന ഡിജിറ്റല്‍ തെളിവ് ഉണ്ട്. ഇത് സംബന്ധിച്ച് ജില്ലാ കളക്ടര്‍ക്ക് പരാതി നല്‍കിയിരുന്നു. അനീഷിനെ ഭീഷണിപ്പെടുത്തുന്ന ഫോണ്‍ സംഭാഷണം പുറത്തുവിടുമെന്നും രജിത്ത് നാറാത്ത് പറഞ്ഞു.
എസ്‌ഐആര്‍ ഫോം വിതരണത്തിന് കോണ്‍ഗ്രസ് സിപിഐഎം ഏജന്റുമാര്‍ക്കൊപ്പം പോകാനായിരുന്നു അനീഷ് തീരുമാനിച്ചിരുന്നത്. എന്നാല്‍ നിശ്ചയിച്ച ദിവസം സിപിഐഎമ്മിന്റെ ഏജന്റ് വന്നില്ല. കോണ്‍ഗ്രസിന്റെ ഏജന്റിനെ മാത്രം കൂട്ടി പോയപ്പോള്‍, ഒരു പാര്‍ട്ടിക്കാരനെ കൂട്ടി പോകരുതെന്ന് പറഞ്ഞ് അനീഷിനെ വിളിച്ച് ചിലർ ഭീഷണിപ്പെടുത്തി. ഇങ്ങിനെ സമ്മർദ്ദമുണ്ടായപ്പോള്‍ ഒറ്റയ്‌ക്ക് പോകാം എന്ന് അനീഷ് തീരുമാനിച്ചിരുന്നു.
പയ്യന്നൂര്‍ മണ്ഡലം പതിനെന്നാം ബൂത്തിലെ ഓഫീസറായിരുന്ന അനീഷ് ജോര്‍ജിനെ ഇന്നലെ രാവിലെ വീടിനുള്ളില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയിരുന്നു. വീട്ടിലുള്ളവര്‍ പള്ളിയില്‍ പോയപ്പോഴായിരുന്നു സംഭവം.
