മദീനയ്ക്ക് സമീപം വെച്ചുണ്ടായ റോഡപകടത്തില്‍ ഉംറ തീർത്ഥാടകരായ 42 പേർ മരണപ്പെട്ടു.
ബദർ, മദീന എന്നിവയ്ക്കിടയിലെ മുഫ്റഹാത്ത് എന്ന പ്രദേശത്ത് വെച്ച് ഞായറാഴ്ച ഇന്ത്യൻ സമയം അർദ്ധ രാത്രി ഒന്നരയോടെയായിരുന്നു മഹാദുരന്തം.
മരണപ്പെട്ടവർ ഹൈദരാബാദില്‍ നിന്നുള്ള തീർത്ഥാടകരാണ്.
മക്കയിലെ കർമങ്ങള്‍ക്ക് ശേഷം മദീനാ സിയാറത്തിന് പോവുകയായിരുന്ന തീർത്ഥാടകരുടെ ബസ് ഇന്ധന ടാങ്കറുമായി കൂട്ടിയിടിക്കുകയും തല്‍ക്ഷണം അഗ്നിയില്‍ അമരുകയുമായിരുന്നു.
മൃതദേഹങ്ങള്‍ തിരിച്ചറിയാവാത്ത വിധം കത്തിക്കരിഞ്ഞ നിലയിലാണെന്ന് സൗദി സിവില്‍ ഡിഫൻസ് അധികൃതർ അറിയിച്ചു.
മരണപ്പെട്ടവരുടെ വിസ, മറ്റു രേഖകള്‍ എന്നിവ സംബന്ധിച്ച് ഉംറ ഏജൻസിയും സൗദി അധികൃതരുമായി ബന്ധപ്പെട്ടുവരുന്നതായാണ് വിവരം.
