തിരുവനന്തപുരം കോര്‍പ്പറേഷനില്‍ ബിജെപി കുഴപ്പത്തില്‍, തുടര്‍ച്ചയായ മൂന്ന് ആത്മഹത്യകള്‍, പുറത്തുവരുന്നത് നേതാക്കളുടെ അഴിമതിയും ലൈംഗിക ചൂഷണവും, തെരഞ്ഞെടുപ്പില്‍ ജയിക്കുക എളുപ്പമല്ല

തദ്ദേശ തെരഞ്ഞെടുപ്പില്‍ ബിജെപി ഏറെ പ്രതീക്ഷ പുലര്‍ത്തുന്ന തിരുവനന്തപുരം കോര്‍പ്പറേഷനില്‍ പാര്‍ട്ടി കടുത്ത പ്രതിരോധത്തില്‍.

തെരഞ്ഞെടുപ്പ് പ്രചരണം നടന്നുകൊണ്ടിരിക്കെ ബിജെപിയെ വെട്ടിലാക്കുന്നത് മൂന്ന് മുന്‍ നേതാക്കളുടെ ആത്മഹത്യയാണ്.

ബിജെപി കൗണ്‍സിലര്‍ തിരുമല അനില്‍, ആര്‍എസ്‌എസ് പ്രവര്‍ത്തകന്‍ അനന്തു അജി, ആനന്ദ് കെ. തമ്ബി എന്നിവര്‍ പാര്‍ട്ടി നേതൃത്വത്തിനെതിരെ കുറിപ്പെഴുതിയാണ് ആത്മഹത്യ ചെയ്തത്.

സഹകരണ ബാങ്കിന്റെ സാമ്ബത്തിക തകര്‍ച്ച, ആര്‍എസ്‌എസ് ക്യാമ്ബുകളിലെ ലൈംഗിക ചൂഷണം, തിരഞ്ഞെടുപ്പ് സീറ്റ് നിഷേധം, അപമാനം, ഭീഷണിപ്പെടുത്തല്‍ തുടങ്ങിയവയാണ് ഇവര്‍ സൂചിപ്പിക്കപ്പെടുന്നത്. തിരുവനനന്തപുരം കോര്‍പ്പറേഷനിലെ തിരഞ്ഞെടുപ്പില്‍ ബിജെപിക്ക് ഈ വിഷയങ്ങള്‍ വലിയ പ്രതിസന്ധിയാകുമെന്നാണ് രാഷ്ട്രീയ വിദഗ്ധര്‍ വിലയിരുത്തുന്നത്.

സെപ്റ്റംബര്‍ 20-ന്, അന്നൂര്‍ വാര്‍ഡിലെ ബിജെപി കൗണ്‍സിലറായ കെ. അനില്‍ കുമാര്‍ തന്റെ ഓഫീസില്‍ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തുകയായിരുന്നു. അനില്‍ എഴുതിയ ആത്മഹത്യാ കുറിപ്പില്‍ താന്‍ അധ്യക്ഷനായിരുന്ന സഹകരണ ബാങ്കിന്റെ സാമ്ബത്തിക തകര്‍ച്ചയില്‍ പാര്‍ട്ടി നേതൃത്വം ഇടപെട്ടില്ലെന്ന് ആരോപിച്ചിരുന്നു. പണം വാങ്ങിയ നേതാക്കള്‍ തിരിച്ചടക്കാത്തത് കടുത്ത പ്രതിസന്ധിക്കിടയാക്കിയതാണ് അനിലിന്റെ ജീവഹാനിയിലേക്ക് നയിച്ചത്.

കോട്ടയം സ്വദേശി അനന്തു അജി ആത്മഹത്യ ചെയ്തത് ആര്‍എസ്‌എസ് ക്യാമ്ബുകളില്‍ നടന്ന തുടര്‍ച്ചയായ ലൈംഗിക ഉപദ്രവങ്ങള്‍ മൂലം മാനസികമായി തകര്‍ന്നുപോയതുകൊണ്ടാണ്. അനന്തുവിന്റെ മരണത്തിന് ശേഷം പുറത്തുവന്ന വീഡിയോയില്‍ ഇക്കാര്യം വ്യക്തമായി ചൂണ്ടിക്കാട്ടുന്നു. ആര്‍എസ്‌എസ് അംഗമായി ജീവിച്ചത് ജീവിതത്തിലെ ഏറ്റവും വലിയ തെറ്റാണ്. ഒരിക്കലും ആര്‍എസ്‌എസ് അംഗങ്ങളുമായി ഇടപഴകരുത് എന്ന് വീഡിയോയില്‍ അനന്തു മുന്നറിയിപ്പ് നല്‍കി.

തിരുവനനന്തപുരം കോര്‍പ്പറേഷനിലെ തിരുകണ്ണപുരം വാര്‍ഡിലെ ബിജെപി പ്രവര്‍ത്തകന്‍ ആനന്ദ് കെ. തമ്ബി ആത്മഹത്യ ചെയ്തത് സ്ഥാനാര്‍ത്ഥിത്വം നിഷേധിച്ചത് മൂലമാണ്. ആത്മഹത്യാ കുറിപ്പില്‍ നേതൃത്വത്തിനെതിരെ കടുത്ത വിമര്‍ശനം ഉന്നയിച്ചു. പാര്‍ട്ടി നേതൃത്വത്തിന്റെ അവഗണന, അപമാനം, നിന്ദ എന്നിവ മൂലം താന്‍ ഒറ്റപ്പെട്ടുപോയെന്ന് ആനന്ദ് പറഞ്ഞു. പാനല്‍ ചര്‍ച്ചകളില്‍ സീറ്റ് നഷ്ടപ്പെട്ടതിന് പിന്നാലെ സ്വതന്ത്ര സ്ഥാനാര്‍ത്ഥിയാകാന്‍ തീരുമാനിച്ചെങ്കിലും, ഭീഷണികളും ഒറ്റപ്പെടുത്തലും നേരിട്ടു. ഈ സാഹചര്യത്തില്‍ ശിവസേനയില്‍ ചേരാന്‍ ആലോചിച്ചിരുന്നു, ആര്‍എസ്‌എസ് ബന്ധങ്ങള്‍ വിച്ഛേദിച്ചു. ‘ആര്‍എസ്‌എസ് അംഗമായി ജീവിച്ചത് ജീവിതത്തിലെ ഏറ്റവും വലിയ തെറ്റാണ്’ എന്ന് ആനന്ദും അനന്തുവിനെപ്പോലെ സൂചിപ്പിച്ചു. നേതാക്കളുടെ മണ്ണ് മാഫിയ ബന്ധങ്ങളെക്കുറിച്ചും ആനന്ദ് വ്യക്തമാക്കുന്നുണ്ട്.

ഈ മൂന്ന് സംഭവങ്ങളും ബിജെപി-ആര്‍എസ്‌എസ് നേതൃത്വത്തിനെതിരെ ഗൗരവമേറിയ ആരോപണങ്ങള്‍ ഉയര്‍ത്തുന്നു. ബിജെപിക്കകത്തെ സംഘടനാ വീഴ്ചയും അഴിമതിയും തുറന്നുകാട്ടുന്നതാണ് ഇവരുടെ ആത്മഹത്യാ കുറിപ്പുകള്‍.

തിരുവനനന്തപുരം കോര്‍പ്പറേഷനിലെ തിരഞ്ഞെടുപ്പില്‍ ബിജെപി വലിയ മുന്നേറ്റം പ്രതീക്ഷിച്ചിരുന്നു. എന്നാല്‍, ഈ ആത്മഹത്യകള്‍ അത് ബുദ്ധിമുട്ടാക്കുമെന്നാണ് വിലയിരുത്തല്‍. ഇവരുടെ മരണം പ്രതിപക്ഷ പാര്‍ട്ടികള്‍ തിരഞ്ഞെടുപ്പ് ആയുധമാക്കുമെന്ന് ഉറപ്പാണ്. സംഭവങ്ങള്‍ പാര്‍ട്ടിയുടെ ആഭ്യന്തര അസംതൃപ്തി വര്‍ധിപ്പിക്കുകയും, പ്രവര്‍ത്തകരുടെ മനോഭാവത്തെ ബാധിക്കുകയും ചെയ്യും.

Leave a Reply

Your email address will not be published. Required fields are marked *