ഗര്‍ഭച്ഛിദ്രത്തിന് നിര്‍ബന്ധിച്ചു, സ്ത്രീകളെ സോഷ്യല്‍ മീഡിയയില്‍ പിന്തുടര്‍ന്ന് ശല്യം ചെയ്തു; രാഹുലിനെതിരെ ക്രൈംബ്രാഞ്ച് എഫ്‌ഐആര്‍

കോണ്‍ഗ്രസ് എംഎല്‍എ രാഹുല്‍ മാങ്കൂട്ടത്തിലിനെതിരായ ലൈംഗികാരോപണ പരാതികളില്‍ ക്രൈംബ്രാഞ്ച് എഫ്‌ഐആര്‍ കോടതിയില്‍ സമര്‍പ്പിച്ചു.

തിരുവനന്തപുരം ജുഡീഷ്യല്‍ ഫസ്റ്റ്ക്ലാസ് മജിസ്ട്രേറ്റ് കോടതിയിലാണ് എഫ്‌ഐആര്‍ സമര്‍പ്പിച്ചത്. അഞ്ച് പേരുടെ പരാതികളിലാണ് രാഹുലിനെതിരെ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.

സ്ത്രീകളെ സോഷ്യല്‍ മീഡിയയില്‍ പിന്തുടര്‍ന്ന് ശല്യം ചെയ്‌തു. ഗര്‍ഭച്ഛിദ്രത്തിന് നിര്‍ബന്ധിച്ച്‌ സന്ദേശം അയച്ചു, ഫോണില്‍ സ്ത്രീകളെ ഭീഷണിപ്പെടുത്തിയെന്നാണ് എഫ്‌ഐആറില്‍ പറയുന്നത്. സ്ത്രീകളെ പിന്തുടർച്ച്‌ ശല്യം ചെയ്തെന്ന കേസില്‍ രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ ക്രൈംബ്രാഞ്ച് സ്വമേധയാ കേസെടുത്തിരുന്നു. പൊലീസ് സ്വമേധയാ കേസെടുത്ത ശേഷമാണ് പരാതിക്കാരുടെ മൊഴി രേഖപ്പെടുത്തിയത്. അതേസമയം, ഇതുവരെ ആരോപണം ഉന്നയിച്ച സ്ത്രീകളാരും നേരിട്ട് പരാതിയുമായി മുന്നോട്ട് വന്നിട്ടില്ല.

ക്രൈംബ്രാഞ്ചിന്റെ പ്രത്യേക സംഘമാണ് രാഹുലിനെതിരായ ആരോപണങ്ങള്‍ അന്വേഷിക്കുന്നത്. ഡിവൈഎസ്‌പി ഷാജിക്കാണ് അന്വേഷണ ചുമതല. അന്വേഷണത്തിന് സൈബര്‍ സംഘത്തെയും ചുമതലപ്പെടുത്തിയിട്ടുണ്ട്. സാമൂഹിക മാധ്യമങ്ങള്‍ വഴിയുള്ള സന്ദേശങ്ങളുടെയും കോളുകളുടെയും ആധികാരികത സംബന്ധിച്ചുള്ള വിവരങ്ങള്‍ തിരിച്ചറിയാനാണ് അന്വേഷണ സംഘത്തില്‍ സൈബർ വിദഗ്ധരെയും ഉള്‍പ്പെടുത്തിയിരിക്കുന്നത്.

ലൈംഗിക ആരോപണങ്ങളില്‍ കോണ്‍ഗ്രസ് എംഎല്‍എ രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ കോണ്‍ഗ്രസ് നടപടിയെടുത്തിരുന്നു. പാർട്ടിയുടെ പ്രാഥമിക അംഗത്വത്തില്‍നിന്ന് സസ്പെൻഡ് ചെയ്തു. 6 മാസത്തേക്കാണ് സസ്പെൻഡ് ചെയ്തിരിക്കുന്നത്. എംഎല്‍എ സ്ഥാനത്ത് രാഹുല്‍ തുടരും. പാർട്ടിയില്‍നിന്ന് സസ്പെൻഡ് ചെയ്തതോടെ രാഹുലിന്റെ രാജിയെന്ന ആവശ്യത്തില്‍നിന്നും കോണ്‍ഗ്രസ് പിന്മാറി. എംഎല്‍എ സ്ഥാനം രാജിവച്ചാല്‍ പാലക്കാട് ഉപതിരഞ്ഞെടുപ്പ് വരുമ്ബോള്‍ പാർട്ടിക്ക് അത് തിരിച്ചടിയാകുമെന്ന കണക്കുകൂട്ടലിലാണ് കോണ്‍ഗ്രസ് നേതൃത്വം. ഇതോടെയാണ് രാഹുല്‍ എംഎല്‍എ സ്ഥാനം രാജിവയ്ക്കണമെന്ന ആവശ്യത്തില്‍നിന്നും കോണ്‍ഗ്രസ് പിന്മാറിയതെന്ന് സ്ഥിരീകരിക്കാത്ത റിപ്പോർട്ടുകളുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *