അഹമ്മദാബാദ് വിമാനാപകടത്തില്‍ മരിച്ച പത്തനംതിട്ട സ്വദേശി രഞ്ജിതയുടെ മൃതദേഹം കേരളത്തിലെത്തിച്ചു.
തിരുവനന്തപുരം വിമാനത്താവളത്തില്‍ എത്തിച്ച മൃതദേഹം രഞ്ജിതയുടെ ജന്മനാടായ പുല്ലാട്ടേക്ക് കൊണ്ടുപോയി. . ഉച്ചയ്ക്ക് രണ്ടരവരെ ശ്രീ വിവേകാനന്ദ സ്കൂളില്‍ പൊതുദർശനമുണ്ടാകും. ശേഷം സംസ്കാരം വൈകിട്ട് നാലരയ്ക്ക് വീട്ടുവളപ്പില്‍ നടക്കും.
മന്ത്രിമാരായ വി ശിവൻകുട്ടി, ജി ആർ അനില്‍, സിപിഐഎം ജനറല്‍ സെക്രട്ടറി എം എ ബേബി, സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ, കോണ്‍ഗ്രസ് നേതാവ് തിരുവഞ്ചൂർ രാധാകൃഷ്ണൻ, ബിജെപി നേതാവ് എസ് സുരേഷ് തുടങ്ങിയവർ വിമാനത്താവളത്തില്‍ എത്തി അന്തിമോപചാരം അർപ്പിച്ചു. ഇന്നലെ അമ്മയുടെ ഡിഎന്‍എ സാമ്ബിളുമായി പൊരുത്തപ്പെട്ടതോടെയാണ് രഞ്ജിതയുടെ മൃതദേഹം തിരിച്ചറിഞ്ഞത്. ഇതോടെ മൃതദേഹം നാട്ടിലേക്ക് എത്തിക്കുകയായിരുന്നു.
കഴിഞ്ഞ ജൂണ്‍ 12നാണ് അഹമ്മദാബാദില്‍ എയർ ഇന്ത്യ വിമാനം അപകടത്തില്‍പെട്ടത്. അഹമ്മദാബാദിലെ സർദാർ വല്ലഭായ് പട്ടേല്‍ വിമാനത്താവളത്തില്‍ നിന്ന് ലണ്ടനിലേക്ക് പുറപ്പെട്ട വിമാനം മിനിറ്റുകള്‍ക്കുള്ളില്‍ തകർന്നുവീഴുകയായിരുന്നു.