കണ്ണൂർ പയ്യന്നൂർ ഏരിയ കമ്മിറ്റി യോഗത്തില്‍ സി.പി.എം. നേതാക്കള്‍ തമ്മില്‍ രൂക്ഷമായ തർക്കവും ഇറങ്ങിപ്പോക്കും ഉണ്ടായി.
ധനരാജ് രക്തസാക്ഷി ഫണ്ട് ഉള്‍പ്പെടെയുള്ളവയുടെ വരവുചെലവ് കണക്കുകള്‍ യോഗത്തില്‍ അവതരിപ്പിക്കാത്തതിനെച്ചൊല്ലിയാണ് തർക്കം ഉടലെടുത്തത്. വി. കുഞ്ഞികൃഷ്ണൻ നേരത്തെ ഉന്നയിച്ച ക്രമക്കേടുകള്‍ സംബന്ധിച്ച കണക്കുകള്‍ പൊതുസമക്ഷം വ്യക്തമാക്കുമെന്ന് ജില്ലാ സെക്രട്ടറി കെ.കെ. രാഗേഷ് അറിയിച്ചിരുന്നുവെങ്കിലും യോഗത്തില്‍ കൃത്യമായ വിശദീകരണം ലഭിക്കാത്തത് ചില അംഗങ്ങളെ പ്രകോപിപ്പിച്ചു.
ജില്ലാ സെക്രട്ടറി കെ.കെ. രാഗേഷ് പങ്കെടുത്ത വെള്ളിയാഴ്ചത്തെ യോഗത്തില്‍ വാക്കേറ്റം രൂക്ഷമായതോടെ ചില അംഗങ്ങള്‍ പ്രതിഷേധിച്ചു പുറത്തേക്ക് പോയി. എന്നാല്‍ ജില്ലാ സെക്രട്ടറി നേരിട്ട് ഇടപെട്ട് ഇവരെ അനുനയിപ്പിച്ച് തിരിച്ചുകൊണ്ടുവരികയായിരുന്നു. പയ്യന്നൂർ നിയമസഭാ മണ്ഡലത്തില്‍ ടി.ഐ. മധുസൂദനനെ സ്ഥാനാർത്ഥിയായി മത്സരിപ്പിക്കാൻ സി.പി.എം. സെക്രട്ടേറിയറ്റ് തീരുമാനിച്ച പശ്ചാത്തലത്തിലാണ് പാർട്ടിയില്‍ ഈ ആഭ്യന്തര കലഹം രൂക്ഷമാകുന്നത്.
