തദ്ദേശ തിരഞ്ഞെടുപ്പില്‍ തിരുവനന്തപുരം കോർപ്പറേഷനിലെ വിഴിഞ്ഞം വാർഡ് തിരിച്ചുപിടിച്ച് യുഡിഎഫ്.
83 വോട്ടിനാണ് യുഡിഎഫിന്റെ കെ എച്ച് സുധീർഖാൻ വിജയിച്ചത്. ഹാർബർ വാർഡിലെ മുൻ കൗണ്‍സിലറായിരുന്നു സുധീർഖാൻ. ഇതോടെ കോർപ്പറേഷനില്‍ യുഡിഎഫിന്റെ സീറ്റ് എണ്ണം 20 ആയി. രണ്ടാം സ്ഥാനത്ത് എല്‍ഡിഎഫ് ആണ്.
വിഴിഞ്ഞം വാർഡിലെ വിജയം ഉറപ്പാക്കി സ്വന്തം നിലയില്‍ കോർപ്പറേഷനില്‍ കേവല ഭൂരിപക്ഷം തികയ്‌ക്കാമെന്ന ബിജെപിയുടെ പ്രതീക്ഷകള്‍ക്കാണ് ഇതോടെ തിരിച്ചടിയേറ്റത്. ഒപ്പം സീറ്റ് നിലനിർത്താൻ മത്സരത്തിനിറങ്ങിയ എല്‍ഡിഎഫിനും കനത്ത തിരിച്ചടിയായി. ഏറെക്കാലത്തിന് ശേഷമാണ് വിഴിഞ്ഞം വാർഡ് യുഡിഎഫ് തിരിച്ചുപിടിക്കുന്നത്. 2015ലാണ് കോണ്‍ഗ്രസില്‍ നിന്നും എല്‍ഡിഎഫ് വിഴിഞ്ഞം സീറ്റ് പിടിച്ചെടുത്തത്. അതിനുശേഷം ഇപ്പോഴാണ് യുഡിഎഫ് വിഴിഞ്ഞത്ത് ജയിക്കുന്നത്.
ഇന്നലെയാണ് വിഴിഞ്ഞം വാർഡില്‍ വോട്ടെടുപ്പ് നടന്നത്. ഇന്ന് രാവിലെ പത്ത് മണിക്കാണ് വോട്ടെണ്ണല്‍ ആരംഭിച്ചത്. വോട്ടെണ്ണല്‍ കേന്ദ്രത്തിന് മുന്നില്‍ യുഡിഎഫ് പ്രവർത്തകർ മുദ്രാവാക്യം വിളിച്ചും മധുരം വിതരണം ചെയ്‌തുമാണ് വിജയം ആഘോഷിച്ചത്. യുഡിഎഫ് സ്ഥാനാർത്ഥി 2,902 വോട്ടുകളും എല്‍ഡിഎഫ് സ്ഥാനാർത്ഥി 2,819 വോട്ടുകളുമാണ് നേടിയത്. മൂന്നാം സ്ഥാനത്തുള്ള ബിജെപിക്ക് 2,437 വോട്ടുകളാണ് ലഭിച്ചത്. എല്‍ഡിഎഫ് വിമതൻ 118 വോട്ട് പിടിച്ചതാണ് പാർട്ടി സ്ഥാനാർത്ഥിക്ക് കനത്ത തിരിച്ചടിയായത്. വിമതന് ലഭിച്ച വോട്ട് യുഡിഎഫിന്റെ വിജയത്തില്‍ നിർണായകമായി.
