സമൂഹത്തില്‍ സ്പർധ വളർത്താൻ ശ്രമിച്ചെന്ന ആരോപണത്തില്‍ സി.പി.എം നേതാവ് ചിന്ത ജെറോമിനെ ഒന്നാം പ്രതിയാക്കി ഇരവിപുരം പോലീസ് കേസെടുത്തു
കോണ്‍ഗ്രസ് കൊല്ലൂർവിള മണ്ഡലം കമ്മിറ്റി പ്രസിഡന്റ് റിയാസുദ്ദീൻ റാവുത്തർ നല്‍കിയ പരാതിയിലാണ് നടപടി. ചിന്തയ്ക്ക് പുറമെ തിരിച്ചറിയാത്ത 55 പേർക്കെതിരെയും കേസെടുത്തിട്ടുണ്ട്.
മന്ത്രി വീണാ ജോർജിന് നേരെയുണ്ടായ കെ.എസ്.യു പ്രതിഷേധത്തിന് പിന്നാലെ ഡി.വൈ.എഫ്.ഐ കൊല്ലം ഈസ്റ്റ് ബ്ലോക്ക് കമ്മിറ്റി സംഘടിപ്പിച്ച പ്രതിഷേധ ജാഥയിലാണ് വിവാദ സംഭവമുണ്ടായത്. ജാഥയില്‍ ചിന്ത ജെറോം അസഭ്യവും സ്ത്രീവിരുദ്ധവുമായ മുദ്രാവാക്യങ്ങള്‍ ഏറ്റുവിളിച്ചെന്നാണ് പരാതി. ബോധപൂർവ്വം സമൂഹത്തില്‍ കലഹം സൃഷ്ടിക്കണമെന്ന ഉദ്ദേശത്തോടെ സംഘം ചേർന്ന് പ്രതിഷേധം നടത്തിയെന്ന് എഫ്.ഐ.ആറില്‍ പറയുന്നു.
പ്രതിഷേധ പ്രകടനത്തിനിടെ ചിന്ത മുദ്രാവാക്യം വിളിക്കുന്ന ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി പ്രചരിക്കുകയും വിമർശനം ഉയരുകയും ചെയ്തിരുന്നു. ഇതേത്തുടർന്ന് ചിന്ത ജെറോം വിശദീകരണവുമായി രംഗത്തെത്തിയിരുന്നുവെങ്കിലും കോണ്‍ഗ്രസ് പരാതിയില്‍ ഉറച്ചുനില്‍ക്കുകയായിരുന്നു.
സംഭവത്തില്‍ പോലീസ് കൂടുതല്‍ അന്വേഷണം നടത്തിവരികയാണ്. വീഡിയോ ദൃശ്യങ്ങള്‍ പരിശോധിച്ച് മുദ്രാവാക്യത്തിലെ നിയമവിരുദ്ധമായ കാര്യങ്ങള്‍ പോലീസ് സ്ഥിരീകരിക്കും.
