മലമ്പുഴയില്‍ എല്‍ഡിഎഫ് സ്ഥാനാർത്ഥിയായേക്കുമെന്ന വാർത്തകളോട് പ്രതികരിച്ച് മുൻ മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദന്റെ മകൻ വി.എ.
അരുണ്‍ കുമാർ.തിരഞ്ഞെടുപ്പ് അടുത്തതോടെ മലമ്പുഴയടക്കമുള്ള മണ്ഡലങ്ങളെ കേന്ദ്രീകരിച്ച് പല വാർത്തകളും അഭ്യൂഹങ്ങളും പരക്കുന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടെന്നും തന്റെ രാഷ്ട്രീയ പ്രവേശം ഏതെങ്കിലും തെരഞ്ഞെടുപ്പുമായി ബന്ധിപ്പിക്കുന്നത് വേദനാജനകമാണെന്നും അരുണ്‍കുമാർ അരുണ്‍കുമാർ ഫേസ്ബുക്ക് പോസ്റ്റില്‍ പറഞ്ഞു.
ബാലസംഘ കാലഘട്ടം മുതല്‍ ഇടതുപക്ഷത്തോടൊപ്പമാണ് ജിവിച്ചു വരുന്നത്. പാർട്ടിയുടെ സംഘടനാപരമായ തീരുമാനത്തെ അംഗീകരിക്കുക എന്നതാണ് ഒരു കമ്മ്യൂണിസ്റ്റുകാരന്റെ പ്രാഥമികമായ മര്യാദയെന്നും തന്റെ നിലപാട് പാർട്ടിയ്ക്കൊപ്പം മാത്രമാണെന്നും അരുണകുമാർ കൂട്ടിച്ചേർത്തു
ഫേസ്ബുക്ക് കുറിപ്പിന്റെ പുർണരൂപം
തിരുവനന്തപുരത്തെ ഔദ്യോഗിക തിരക്കുകളില്‍ നിന്നും വാർത്താചക്രങ്ങളില് നിന്നും അല്പം മാറി ഇപ്പോള്‍ നഗരത്തിന് പുറത്ത് വ്യക്തിപരമായ ഒരാവശ്യത്തിനായുള്ള ഒരു യാത്രയിലാണ്.
കഴിഞ്ഞ കുറച്ചു കാലമായി IHRD ഡയറക്ടറുടെ അധിക ചുമതലയടക്കം നിരവധി ഔദ്യോഗിക ഉത്തരവാദിത്തങ്ങള്‍ ഒരു പരാതിക്കും ഇടയില്ലാതെ ഞാൻ നിർവ്വഹിച്ചു വരികയാണ്. സ്ഥാനമാനങ്ങള്‍ക്കോ പ്രമോഷനുകള്‍ക്കോ അപ്പുറം ഏല്‍പ്പിച്ച ജോലി കൃത്യമായി ചെയ്യുക എന്നതായിരുന്നു എന്റെ രീതി. മുപ്പത് വർഷമായി തുടരുന്ന ഈ ഔദ്യോഗിക യാത്രയില്‍ പലപ്പോഴും അർഹതപ്പെട്ട അംഗീകാരങ്ങള്‍ വൈകുന്നത് കണ്ടിട്ടുണ്ടെങ്കിലും, അച്ഛൻ പഠിപ്പിച്ച രാഷ്ട്രീയവും വ്യക്തിജീവിതവും എപ്പോഴും എന്നെ ഓർമ്മിപ്പിക്കുന്നത് ‘ക്ഷമ’യുടെ പാഠങ്ങളാണ്.
തിരഞ്ഞെടുപ്പ് അടുത്തതോടെ മലമ്പുഴയടക്കമുള്ള മണ്ഡലങ്ങളെ കേന്ദ്രീകരിച്ച് പല വാർത്തകളും അഭ്യൂഹങ്ങളും പരക്കുന്നത് ശ്രദ്ധയില്‍പ്പെട്ടു. എന്റെ രാഷ്ട്രീയ പ്രവേശം ഏതെങ്കിലും തെരഞ്ഞെടുപ്പുമായി ബന്ധിപ്പിക്കുന്നത് വേദനാജനകമാണ്. ബാലസംഘ കാലഘട്ടം മുതല്‍ ഇടതുപക്ഷത്തോടൊപ്പമാണ് ഞാൻ ജിവിച്ചു വരുന്നത്. പാർട്ടിയുടെ സംഘടനാപരമായ തീരുമാനത്തെ അംഗീകരിക്കുക എന്നതാണ് ഒരു കമ്മ്യൂണിസ്റ്റുകാരന്റെ പ്രാഥമികമായ മര്യാദ. വാർത്താ മാധ്യമ കോലാഹലങ്ങള്‍ക്കപ്പുറം ആവർത്തിച്ച് പറയട്ടെ, എന്റെ നിലപാട് പാർട്ടിയ്ക്കൊപ്പം മാത്രമാണ്.
മടങ്ങിയെത്തിയ ശേഷം നമുക്ക് വീണ്ടും കാണാം.
