പൊലീസ് മേധാവിയാകാൻ കോണ്‍ഗ്രസ്സ് നേതാക്കളുടെ പിന്നാലെ ഉന്നത ഐപിഎസ് ഉദ്ദ്യോഗസ്ഥൻ !

സംസ്ഥാന പൊലീസ് മേധാവി ആകാൻ ആഗ്രഹിക്കുന്ന ഒരു മുതിർന്ന ഐപിഎസുകാരൻ, ഇടനിലക്കാർ വഴി പ്രതിപക്ഷ നേതാവ് വിഡി സതീശനെയും രമേശ് ചെന്നിത്തലയെയും മാറി മാറി കണ്ടു കൊണ്ടിരിക്കുന്നതായ അമ്പരപ്പിക്കുന്ന ഒരു വിവരമാണിപ്പോള്‍ പുറത്ത് വരുന്നത്.

നിലവിലെ സംസ്ഥാന പൊലീസ് മേധാവി രവത ചന്ദ്രശേഖറിന് ഒരു വർഷത്തേക്ക് കൂടി ഇടതുപക്ഷ സർക്കാർ കാലാവധി നീട്ടി നല്‍കിയിട്ടുണ്ടെങ്കിലും, ഇക്കാര്യത്തില്‍ പുതിയ മുഖ്യമന്ത്രിയും പുതിയ സർക്കാരും എടുക്കുന്ന നിലപാട് നിർണ്ണായകമാകും. കാരണം, കാലാവധി നീട്ടി നല്‍കുന്നത് സംബന്ധിച്ച്‌ തീരുമാനം എടുക്കേണ്ടത് പുതിയ സർക്കാർ ആണെന്നാണ് കോണ്‍ഗ്രസ്സ് നേതാക്കള്‍ പറയുന്നത്.

‘പിണറായി സർക്കാർ തന്നെ ദ്രോഹിച്ചതിനാല്‍, താൻ പൊലീസ് ചീഫായാല്‍ എല്ലാത്തിനും പകരം ചോദിക്കാൻ ഒപ്പം നില്‍ക്കാം ‘എന്നാണ് പൊലീസ് മേധാവിയാകാൻ ശ്രമിക്കുന്ന ഉന്നതൻ്റെ വാഗ്ദാനമെന്നാണ് ലഭിക്കുന്ന വിവരം. ഒരേസമയം വിഡി സതീശനെയും രമേശ് ചെന്നിത്തലയേയും പ്രീണിപ്പിക്കാൻ ശ്രമിച്ചത്, ഇരുനേതാക്കളും അറിഞ്ഞത് ഈ ഉദ്യോഗസ്ഥൻ്റെ അവസരവാദ നീക്കങ്ങള്‍ക്ക് തിരിച്ചടിയായിട്ടുണ്ട്.

അതേസമയം, പുതിയ സംസ്ഥാന പൊലീസ് മേധാവിയെ തിരഞ്ഞെടുക്കേണ്ട സാഹചര്യം ഉണ്ടായാല്‍, ഉന്നത നേതാക്കള്‍ക്കിടയില്‍ കൃത്യമായ ധാരണയുണ്ടാകണമെന്ന നിർദ്ദേശം മുതിർന്ന കോണ്‍ഗ്രസ്സ് നേതാക്കള്‍ തന്നെ മുന്നോട്ട് വച്ചിട്ടുണ്ട്. പരിചയ സമ്ബന്നരായവരെ സ്റ്റേറ്റ് പൊലീസ് ചീഫായി നിയമിച്ചില്ലെങ്കില്‍, ഇടതുപക്ഷം പ്രതിപക്ഷത്ത് വരുന്ന സാഹചര്യത്തില്‍ ഭരണം മുന്നോട്ട് കൊണ്ടു പോവുക പ്രയാസമാണെന്നതാണ് മുതിർന്ന നേതാക്കളുടെ വിലയിരുത്തല്‍. പ്രത്യേകിച്ച്‌ സി.പി.എമ്മും അവരുടെ വർഗ്ഗ ബഹുജന സംഘടനകളും ഭരിക്കാൻ സമ്മതിക്കാത്ത സാഹചര്യം ഉണ്ടാക്കാൻ പ്രക്ഷോഭ പരമ്ബര തന്നെ നടത്തുമെന്നാണ് കോണ്‍ഗ്രസ്സ് നേതൃത്വം കരുതുന്നത്. അതു കൊണ്ടു തന്നെ പൊലീസിങ് കൃത്യമായി അറിയുന്ന ഒരു സംവിധാനമാണ് യുഡിഎഫ് അധികാരത്തില്‍ വന്നാല്‍ ഉണ്ടാകുക എന്നാണ് കോണ്‍ഗ്രസ്സ് നേതൃത്വം പറയുന്നത്.

കോണ്‍ഗ്രസ്സ് മുഖ്യമന്ത്രി ആരായാലും അയാള്‍ തന്നെയാകും ആഭ്യന്തര വകുപ്പും കൈകാര്യം ചെയ്യുക എന്നതും ഏകദേശം ഉറപ്പായിട്ടുണ്ട്. നിലവില്‍ രമേശ് ചെന്നിത്തലയും വിഡി സതീശനുമാണ് മുഖ്യമന്ത്രി പദത്തിനായി രംഗത്തുള്ളതെങ്കിലും ഇരുവരും തമ്മിലുള്ള തർക്കം മൂർച്ചിച്ചാല്‍ ഹൈക്കമാൻ്റ് പിന്തുണയോടെ കേരളത്തില്‍ ലാൻ്റ് ചെയ്യാൻ കെ.സി വേണുഗോപാലും ശ്രമിക്കാൻ സാധ്യതയുണ്ട്.

ആര് മുഖ്യമന്ത്രി ആയാലും ഉദ്യോഗസ്ഥ തലപ്പത്ത് വ്യാപകമായ അഴിച്ചുപണിയാണ് ആദ്യം ഉണ്ടാകുക. ഭരണം മാറി എന്നതിൻ്റെ എഫക്‌ട് വരണമെങ്കില്‍ ഉദ്യോഗസ്ഥ സംവിധാനങ്ങളും തീർച്ചയായും മാറണമെന്നാണ് യുഡിഎഫ് നേതൃത്വം പറയുന്നത്.

പൊലീസ് തലപ്പത്തും, ജില്ലാ കളക്ടർമാർ, വകുപ്പ് സെക്രട്ടറിമാർ ഉള്‍പ്പെടെയുള്ള ഐ.എ.എസ് തലപ്പത്തും പെട്ടന്ന് തന്നെ മാറ്റം ഉണ്ടാകുമെന്നാണ് ലഭിക്കുന്ന സൂചന. സെക്രട്ടറിയേറ്റ് ഉദ്യോഗസ്ഥരുടെ നിലവിലെ സ്ഥാനങ്ങളും തെറിക്കും. കഴിഞ്ഞ 10 വർഷമായി തുടരുന്ന ഇടതുപക്ഷ ഭരണത്തില്‍ കീ പോസ്റ്റില്‍ ഇരിക്കുന്നവരെ മാറ്റുക എന്നത് ഭരണമാറ്റം സംഭവിച്ചാല്‍, പുതിയ സർക്കാറിനെ സംബന്ധിച്ച്‌ വലിയ ടാസ്ക്ക് തന്നെ ആയിരിക്കും എന്ന കാര്യത്തിലും സംശയം വേണ്ട.

ചീഫ് സെകട്ടറി ജയതിലകിന് എതിരെ വകുപ്പ് തല നടപടി ഉണ്ടാകാനുള്ള സാധ്യതയും ഏറെയാണ്. ഇപ്പോള്‍ യുഡിഎഫ് ക്യാംപിലുള്ള രണ്ട് ഐ.എ.എസ് ഉദ്യോഗസ്ഥരെ ദ്രോഹിച്ചതിന് തീർച്ചയായും ഒരു പകവീട്ടല്‍ ഉറപ്പാണ്. അങ്ങനെ നടപടി സ്വീകരിക്കാൻ തക്ക തെളിവുകള്‍ നിലവിലുണ്ട് എന്നാണ് ഐ. എ. എസ് ഉദ്യോഗസ്ഥർ തന്നെ പറയുന്നത്. ചീഫ് സെക്രട്ടറിയുടെ ഓഫീസില്‍ പിടിച്ചുവച്ച പല ഫയലുകളും ജീവൻ വയ്ക്കാൻ പോകുന്നതും, യുഡിഎഫ് അധികാരത്തില്‍ വരുന്നതോടെ ആയിരിക്കുമെന്നാണ് യുഡിഎഫ് അനുകൂല ഐ.എ.എസ് ഉദ്യോഗസ്ഥർ പറയുന്നത്.

ഭരണമാറ്റം സംഭവിച്ചാല്‍, ക്രമസമാധാന ചുമതലയുള്ള എഡിജിപി, പൊലീസ് ആസ്ഥാനത്തെ എഡിജിപി, തുടങ്ങി ക്രമസമാധാന ചുമതലയില്‍ ഉള്ള ഐ.ജിമാർ, ഡി.ഐ.ജിമാർ, എസ്.പിമാർ, കമ്മീഷണർമാർ തുടങ്ങിയവർക്ക് ഉള്‍പ്പെടെ മാറ്റമുണ്ടാകും. ഇവർക്കൊക്കെ പഴയ സർക്കാർ നിയമനം നല്‍കിയ ചുമതലകളില്‍ നിന്നും എന്തായാലും ഒരു മാറ്റം ഉറപ്പാണ്. അത് എവിടേക്ക് ആയിരിക്കും എന്നതാണ് ഇനി അറിയാനുള്ളത്.

ഭരണമാറ്റം മുന്നില്‍ കണ്ട് ഡെപ്യൂട്ടേഷനില്‍ ഉള്ള നിരവധി ഐ.എ.എസ്, ഐ.പി.എസ് ഉദ്യോഗസ്ഥർ കേരളത്തിലേക്ക് മടങ്ങി വരാനുള്ള ശ്രമത്തിലാണുള്ളത്. ഇതില്‍ സി.പി.എമ്മിൻ്റെ ഹിറ്റ് ലിസ്റ്റില്‍ പെട്ടവരും ഉള്‍പെടും. മാത്രമല്ല, പൊളിറ്റിക്കല്‍ സെക്രട്ടറി പി ശശിയുടെ കീഴില്‍ പൊലീസ് സംവിധാനം വന്നതില്‍ എതിർപ്പുള്ള ഐ.പി.എസുകാർ, ഭരണം മാറിയാല്‍ അതിനുള്ള ‘പണി’യും തിരിച്ചു നല്‍കാനുള്ള എല്ലാ സാധ്യതയും ഉണ്ട്.

Leave a Reply

Your email address will not be published. Required fields are marked *