അഞ്ചരക്കണ്ടി ദന്തല്‍ കോളേജിലെ ഒന്നാം വർഷ ബി.ഡി.എസ് വിദ്യാർത്ഥി നിതിൻ രാജിന്റെ മരണത്തില്‍ സ്വതന്ത്രവും നിഷ്പക്ഷവുമായ അന്വേഷണം നടത്തി കുറ്റക്കാർക്കെതിരെ കർശന നടപടിയെടുക്കണം: കെ.
സുധാകരൻ എം.പി അഞ്ചരക്കണ്ടി ദന്തല്‍ കോളേജിലെ ഒന്നാം വർഷ ബി.ഡി.എസ് വിദ്യാർത്ഥി നിതിൻ രാജിന്റെ മരണത്തില്‍ സ്വതന്ത്രവും , നിഷ്പക്ഷവുമായ അന്വേഷണം നടത്തി കുറ്റക്കാർക്കെതിരെ കർശന നടപടിയെടുക്കണമെന്ന് കോണ്‍ഗ്രസ് പ്രവർത്തക സമിതി അംഗം കെ. സുധാകരൻ എം.പി ആവശ്യപ്പെട്ടു .
നിതിൻ രാജ് കൊടിയ ജാതി അധിക്ഷേപത്തിനും അധ്യാപകരുടെ മാനസിക പീഡനത്തിനും ഇരയായതായി ഉയർന്നിരിക്കുന്ന ആരോപണം ഏറെ ഗൗരവകരവും ആശങ്കജനകവുമാണെന്ന് എം.പി. അഭിപ്രായപ്പെട്ടു. വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ അറിവിനും ,മനുഷ്യ മൂല്യങ്ങള്‍ക്കും വളർച്ചയേകുന്ന പുണ്യഭൂമികളായിരിക്കേണ്ടതാണ്. എന്നാല്‍ ഒരു വിദ്യാർത്ഥി ഇത്തരത്തില്‍ പീഡനങ്ങള്‍ സഹിക്കാനാവാതെ ജീവൻ നഷ്ടപ്പെടുത്തേണ്ടി വന്നത് വിദ്യാഭ്യാസ സംവിധാനത്തിന്റെ വലിയ പരാജയമാണ്. ജാതിവിവേചനവും മാനസിക പീഡനവും ഇന്നും നിലനില്‍ക്കുന്നുവെന്നത് സമൂഹത്തെ തന്നെ ലജ്ജിപ്പിക്കുന്ന സംഭവമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
വിദ്യാർത്ഥികളുടെ മാനസികാരോഗ്യത്തെയും ഭാവിയെയും ബാധിക്കുന്ന തരത്തിലുള്ള ഇത്തരം സംഭവങ്ങള്‍ ഒരിക്കലും അംഗീകരിക്കാനാവില്ല.
രക്ഷിതാക്കള്‍ ഉന്നയിച്ചിരിക്കുന്ന ആരോപണങ്ങള്‍ ഗൗരവത്തോടെ പരിഗണിച്ച്, സ്വതന്ത്രവും നിഷ്പക്ഷവുമായ സമഗ്ര അന്വേഷണം അടിയന്തിരമായി ആരംഭിക്കണം. സംഭവത്തില്‍ പങ്കാളികളായതായി കണ്ടെത്തുന്ന സീനിയർ വിദ്യാർത്ഥികളെയും അധ്യാപകരെയും ഉള്‍പ്പെടെ കുറ്റക്കാരെ നിയമത്തിന്റെ മുന്നില്‍ കൊണ്ടുവന്ന് കർശന നടപടി സ്വീകരിക്കണമെന്നും എം.പി. ആവശ്യപ്പെട്ടു.
അതോടൊപ്പം, വിദ്യാർത്ഥികള്‍ക്ക് സുരക്ഷിതവും, വിവേചനമില്ലാത്തതുമായ പഠനാന്തരീക്ഷം ഉറപ്പാക്കാൻ ബന്ധപ്പെട്ട അധികാരികള്‍ അടിയന്തരമായി ഇടപെടണമെന്നും, ഇത്തരം സംഭവങ്ങള്‍ ആവർത്തിക്കാതിരിക്കാനുള്ള ശക്തമായ സംവിധാനങ്ങള്‍ ഉണ്ടാവണമെന്നും കെ.സുധാകരൻ . എം.പി ആവശ്യപ്പെട്ടു.
