പണമടച്ചില്ല: പോളിസി ലാപ്സായെന്ന് സന്ദേശം ,ആശങ്കപ്പെട്ട് സർക്കാർ ജീവനക്കാർ

മൂന്നുമാസത്തെ പണമടയ്ക്കാത്തതിനെത്തുടർന്ന് പോളിസി ലാപ്സായെന്ന് എല്‍ഐസിയുടെ സന്ദേശം . ആശങ്കപ്പെട്ട് സർക്കാർ ജീവനക്കാർ.

ശമ്പളത്തില്‍നിന്ന് തുക ഈടാക്കിയിട്ടും ഇത്തരമൊരു സന്ദേശമെത്തിയതോടെ കൂട്ടത്തോടെ എല്‍ഐസി ഓഫീസുകളിലേക്ക് അന്വേഷണമെത്തി.

പോളിസി ലാപ്സായതിനാല്‍ ഈ കാലയളവില്‍ എന്തെങ്കിലും സംഭവിച്ചാല്‍ ഇൻഷുറൻസ് പരിരക്ഷ കിട്ടാതെപോവുമോ എന്നായിരുന്നു സർക്കാർ ജീവനക്കാരുടെ ആശങ്ക. തങ്ങളില്‍നിന്ന് പണമീടാക്കിയിട്ട് സർക്കാർ അടച്ചില്ലെന്ന സംശയവുമുണ്ടായി. സന്ദേശം കണ്ട് പലരും ഓണ്‍ലൈനായി പണമടയ്ക്കാൻ ശ്രമിച്ചെങ്കിലും അത് നടന്നില്ല. അതോടെ ആളുകള്‍ നേരിട്ട് എല്‍ഐസി ഓഫീസുകളില്‍ എത്തി.

പരിരക്ഷ തുടരാൻ വൈകിയതിനുള്ള തുകയടക്കം അടയ്ക്കണമെന്നും പറയുന്നുണ്ട്. എന്നാല്‍, ഇതില്‍ ഒട്ടും ആശങ്കപ്പെടാനില്ലെന്നാണ് എല്‍ഐസി അധികൃതർ പറയുന്നത്. സ്പാർക്കിലൂടെയാണ് സർക്കാർ ജീവനക്കാരുടെ ശമ്പളം വിതരണം ചെയ്യുന്നത്. ജീവനക്കാരില്‍നിന്ന് തുക ഈടാക്കിയാലും രണ്ടുമാസത്തിനുശേഷം പണമടച്ചാല്‍ മതി എന്ന് സർക്കാർ എല്‍ഐസിയുമായി കരാറുണ്ടാക്കിയിട്ടുണ്ട്.

അതുകൊണ്ട് പരിരക്ഷ നഷ്ടപ്പെടില്ല. കരാർപ്രകാരം ശമ്പളത്തില്‍നിന്ന് തുക ഈടാക്കിയാല്‍, പ്രീമിയം അടച്ചതായി കണക്കാക്കും. എല്‍ഐസി സന്പൂർണമായി ഡിജിറ്റൈസ് ചെയ്യുന്നതിന്റെ പ്രവർത്തനങ്ങള്‍ നടക്കുന്നതുകൊണ്ടാണ് ഇങ്ങനെ ഒരു സന്ദേശം വന്നതെന്നും അധികൃതർ വ്യക്തമാക്കി.

Leave a Reply

Your email address will not be published. Required fields are marked *