ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ അന്വേഷണം പുരോഗമിക്കെവേ ക്ഷേത്രവുമായി ബന്ധപ്പെട്ട മറ്റ് ക്രമക്കേടുകളുടെ വിവരങ്ങളാണ് ഇപ്പോള്‍ പുറത്ത് വരുന്നത്.
ശബരിമലയിലെ വിശേഷാല്‍ ചടങ്ങായ ‘പടി പൂജ’ വഴിപാട് അനുവദിക്കുന്നതില്‍ ഉള്‍പ്പെടെ അഴിമതിയും ക്രമക്കേടുകളും നടന്നിട്ടുണ്ടെന്നാണ് അന്വേഷണ ഉദ്യോഗസ്ഥരുടെ കണ്ടെത്തല്‍. വിജിലന്‍സ് ആന്‍ഡ് ആന്റി കറപ്ഷന്‍ ബ്യൂറോയുടെ ഇന്റലിജന്‍സ് വിഭാഗത്തിന്റെ റിപ്പോര്‍ട്ടിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്.
ദേവസ്വം ബോര്‍ഡ് ജീവനക്കാരുടെ ഭാഗത്ത് നിന്ന് വഴിവിട്ട ഇടപെടലുകള്‍ ഉണ്ടായിട്ടുണ്ടെന്നും ആചാരങ്ങളില്‍ ഇടപെട്ട രീതികളിലും ക്രമക്കേട് നടന്നിട്ടുണ്ടെന്നുമാണ് റിപ്പോര്‍ട്ട് പറയുന്നത്. ശബരിമലയിലെ 18 തരം പൂജകള്‍, 39 തരം വഴിപാടുകള്‍ എന്നിവ പരാമര്‍ശിച്ചാണ് വിജിലന്‍സ് റിപ്പോര്‍ട്ട്. തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് ജീവനക്കാരുടെയും അവരുടെ ഏജന്റുമാരുടെയും ഒത്താശയോടെ ക്ഷേത്രവുമായി വ്യാപക ക്രമക്കേടുകള്‍ നടക്കുന്നു. ഇവ തടയാന്‍ സുസ്ഥിരവും കൃത്യവുമായ നടപടി സ്വീകരിക്കണം എന്നാണ് ഇന്റലിജന്‍സ് നല്‍കുന്ന മുന്നറിയിപ്പ്.
ക്ഷേത്രവുമായി ബന്ധപ്പെട്ട വിശേഷാല്‍ പൂജകളുടെ സ്ലോട്ടുകള്‍ ദേവസ്വം ബോര്‍ഡ് ജീവനക്കാരും, അവരുടെ ബിനാമികളും കൈക്കലാക്കുകയും, പിന്നീട് ഉയര്‍ന്ന തുക ഈടാക്കി ഭക്തര്‍ക്ക് വില്‍ക്കുകയും ചെയ്യുന്നു എന്നാണ് റിപ്പോര്‍ട്ട് പറയുന്നത്. പടിപൂജയാണ് ഇതില്‍ പ്രധാനമായി പരാമര്‍ശിക്കുന്നത്. 1.37 ലക്ഷം രൂപയാണ് പടിപൂജയുടെ ഔദ്യോഗിക നിരക്ക്. എന്നാല്‍ പത്തിരട്ടി വരെ ഇടനിലക്കാര്‍ അധികമായി ഈടാക്കുന്ന നിലയുണ്ട്.
തട്ടിപ്പ് മറച്ചുവെക്കാന്‍ രേഖകളില്‍ കൃത്രിമം കാണിക്കുന്ന നിലയും വ്യാപകമാണ്. വഴിപാടുകള്‍ക്കും ചടങ്ങുകള്‍ക്കും പണം നല്‍കിയ യഥാര്‍ത്ഥ ഭക്തരുടെ പേരുകള്‍ ടിഡിബി രേഖകളില്‍ രേഖപ്പെടുത്തിയിട്ടില്ല. കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടെ പടിപൂജ ബുക്ക് ചെയ്തവരില്‍ പലരും ചടങ്ങ് നടത്തിയിട്ടില്ല. ഇത്തരം സ്ലോട്ടുകള്‍ മറിച്ചുവില്‍ക്കുകയായിരുന്നു എന്നും റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു.
