ഖത്തറില്‍ ഹമാസിനെ ലക്ഷ്യമിട്ട് ഇസ്രായേല്‍ നടത്തിയ ആക്രമണത്തില്‍ പരിഭ്രാന്തരായി ജനങ്ങള്‍. സ്ഫോടനങ്ങള്‍ നടന്ന സമയത്ത് ഭൂമി കുലുങ്ങുന്നതായി തോന്നി എന്നാണ് പ്രദേശവാസി പ്രതികരിച്ചത്.
സാമൂഹ്യ മാധ്യമങ്ങളില്‍ പ്രചരിച്ച വീഡിയോകളില്‍ ആളുകള്‍ ഭയത്തോടെ തെരുവിലൂടെ ഓടുന്നതും ദൂരെയായി പുക ഉയരുന്നതും കാണാം.
യുഎഇയിലെ ഒരു താമസക്കാരി ദോഹയിലുള്ള തൻ്റെ കുടുംബാംഗങ്ങള്‍ക്ക് ഭൂമി കുലുങ്ങുന്നതായി അനുഭവപ്പെട്ടെന്ന് പറഞ്ഞു. ‘സ്ഫോടനത്തിൻ്റെ ശക്തിയില്‍ ഭൂമി കുലുങ്ങുന്നതായി തോന്നി,’ ദുബായ് നിവാസിയായ റീം ഖലീജ് ടൈംസിനോട് പറഞ്ഞു. തൻ്റെ കുടുംബം സുരക്ഷിതരാണെന്നും അവർ അല്‍ ഗറാഫ ഏരിയയിലാണ് താമസിക്കുന്നതെന്നും റീം കൂട്ടിച്ചേർത്തു. സ്ഫോടനം നടന്നത് പേള്‍ എന്ന സ്ഥലത്താണ്. ഇത് അവർ താമസിക്കുന്ന സ്ഥലത്ത് നിന്ന് വളരെ അകലെയാണ്.
ഖത്തർ ന്യൂസ് ഏജൻസി പറയുന്നതനുസരിച്ച്, സുരക്ഷാ ഉദ്യോഗസ്ഥരും സിവില്‍ ഡിഫൻസും മറ്റ് ബന്ധപ്പെട്ട അധികാരികളും ഉടൻതന്നെ സ്ഥലത്തെത്തി സ്ഥിതിഗതികള്‍ നിയന്ത്രിച്ചു. കൂടാതെ, ആളുകളുടെ സുരക്ഷ ഉറപ്പാക്കാനുള്ള നടപടികളും എടുത്തു. എന്നാല്‍ അപ്രതീക്ഷിതമായി ഉണ്ടായ സ്ഫോടനത്തിൻ്റെ നടുക്കത്തിലാണ് ദോഹ നിവാസികള്‍
അമേരിക്കൻ സ്കൂള്‍ ഓഫ് ദോഹയിലെ ഒരു വിദ്യാർഥിയുടെ രക്ഷിതാവായ റുചി സക്സേന, ഇത് വളരെ ഭയപ്പെടുത്തുന്ന ഒരനുഭവമായിരുന്നു എന്ന് പറഞ്ഞു. ആളുകള്‍ കുട്ടികളെ സ്കൂളില്‍ നിന്ന് കൂട്ടിക്കൊണ്ടുപോകാൻ തിരക്കുകൂട്ടി. എല്ലാവരും എത്രയും പെട്ടെന്ന് വീട്ടിലെത്താൻ ശ്രമിച്ചു. ‘നഗരത്തിൻ്റെ ഹൃദയഭാഗത്താണ് സ്ഫോടനങ്ങള്‍ നടന്നത്. എല്ലാവരും പേടിച്ചുപോയെന്നും അവർ കൂട്ടിച്ചേർത്തു.
‘ഞാൻ പലതവണ സ്ഫോടനങ്ങള്‍ കേട്ടു. പക്ഷെ അതൊരു ബോംബ് സ്ഫോടനമായിരിക്കുമെന്ന് സ്വപ്നത്തില്‍ പോലും വിചാരിച്ചില്ല. വെസ്റ്റ് ബേയുടെ അടുത്തുള്ള ആളുകള്‍ക്ക് വീടുകള്‍ കുലുങ്ങുന്നതായി തോന്നി. ആദ്യം അതൊരു ഭൂകമ്ബമാണെന്നാണ് അവർ കരുതിയത്. പിന്നീട് പുക ഉയർന്നപ്പോഴാണ് സത്യം മനസിലായത്. സ്കൂള്‍ അധികൃതർ ഞങ്ങളോട് സുരക്ഷിതമായി ഇരിക്കാൻ പറഞ്ഞു. പല കുടുംബങ്ങളും ഇപ്പോഴും സ്കൂളിൻ്റെ അകത്ത് അഭയം തേടിയിരിക്കുകയാണ്.’ റുചി സക്സേന പറഞ്ഞു.
സ്ഫോടന ശബ്ദം കേട്ടത് ക്ലാസ്സുകള്‍ അവസാനിക്കുന്ന സമയത്താണ് എന്നാണ് വർഷങ്ങളായി ഖത്തറില്‍ താമസിക്കുന്ന ഫിലിപ്പിനോ പ്രവാസിയായ പാറ്റ് ഗാരിഡോ പറയുന്നത് . ‘ഉടൻതന്നെ രക്ഷിതാക്കള്‍ സ്കൂളിലേക്ക് വിളിച്ചു. കുട്ടികളെ എത്രയും പെട്ടെന്ന് വീട്ടിലേക്ക് അയക്കാൻ സ്കൂളുകള്‍ക്ക് നിർദ്ദേശം നല്കി,’ അദ്ദേഹം പറഞ്ഞു.
സൈറണുകള്‍ കേട്ടിരുന്നില്ലെന്നും. എമർജൻസി മെസേക് മൊബൈലില്‍ വന്നില്ല. സ്ഫോടനം കേട്ട ഉടൻ എന്താണ് സംഭവിക്കുന്നതെന്ന് അറിയാനായി ആളുകള്‍ തെരുവിലിറങ്ങി എന്നും പാറ്റ് ഗാരിഡോ കൂട്ടിച്ചേർത്തു. “ഞാൻ സാമൂഹ്യ മാധ്യമങ്ങളില്‍ നോക്കിയപ്പോഴാണ് ഐഡിഎഫ് ഹമാസ് ഉദ്യോഗസ്ഥരെ ആക്രമിച്ചെന്ന് അറിയുന്നത്,” അദ്ദേഹം പറഞ്ഞു.
വെസ്റ്റ് ബേയിലെ പാം ടവറില്‍ ജോലി ചെയ്യുന്ന പിആർ എക്സിക്യൂട്ടീവായ മറിയം സ്ഫോടന ശബ്ദം കേട്ടതായി പറഞ്ഞു. ‘ജോലി കഴിഞ്ഞ് ഇറങ്ങാൻ തുടങ്ങുമ്ബോളാണ് വലിയ ശബ്ദം കേട്ടത്. ആദ്യം ഞാൻ കരുതിയത് വല്ല കാർ അപകടമോ അടുത്തുള്ള കെട്ടിട നിർമ്മാണത്തിൻ്റെ ഭാഗമായി ഉണ്ടായ ശബ്ദമോ ആണെന്നാണ്. എന്നാല്‍ തൊട്ടുപിന്നാലെ രണ്ടാമതൊരു സ്ഫോടനം കൂടി ഉണ്ടായി. അപ്പോഴാണ് എല്ലാവർക്കും പേടിയായത്. മുകളിലത്തെ നിലയിലുള്ള സഹപ്രവർത്തകർ പേള്‍ ഖത്തറിൻ്റെ ഭാഗത്തുനിന്ന് പുക ഉയരുന്നത് കണ്ടെന്ന് പറഞ്ഞു. എന്താണ് സംഭവിക്കുന്നതെന്ന് ആർക്കും മനസ്സിലായില്ല. പിന്നീട് വാർത്തകള്‍ കണ്ടപ്പോഴാണ് കാര്യങ്ങള്‍ വ്യക്തമായത്. പെട്ടെന്ന് എല്ലാവരും പരിഭ്രാന്തരായി. പുറത്തിറങ്ങാൻ പോലും പേടിയാണ്. ഞങ്ങള്‍ സുരക്ഷിതരാണെന്ന് ഉറപ്പുവരുത്താൻ ശ്രമിക്കുകയാണ്.’ മറിയം പറഞ്ഞു.