മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയുടെ പേര് മാറ്റാൻ കേന്ദ്രസർക്കാർ ഒരുങ്ങുന്നു. ഇത് സംബന്ധിച്ച ബില്‍ പാർലമെന്റില്‍ അവതരിപ്പിച്ചു കഴിഞ്ഞു.
പുതിയ പേരിനൊപ്പം പദ്ധതിയില്‍ സുപ്രധാനമായ മറ്റ് മാറ്റങ്ങളും വരുത്താനാണ് സർക്കാർ ലക്ഷ്യമിടുന്നത്.
തൊഴിലുറപ്പ് പദ്ധതിയുടെ പുതിയ പേര് വികസിത് ഭാരത് ഗ്യാരന്റി ഫോർ റോസ്ഗാർ ആൻഡ് അജീവിക മിഷൻ (ഗ്രാമീണ്‍) എന്നായിരിക്കും. ഈ പുതിയ പേരിന്റെ ചുരുക്കപ്പേര് വി.ബി.ജി. റാം. ജി എന്നും അറിയപ്പെടും.
പദ്ധതിയില്‍ വരുന്ന പ്രധാന മാറ്റങ്ങളിലൊന്ന് അതിന്റെ സാമ്ബത്തിക വിഹിതത്തിലാണ്. നിലവില്‍ 75 ശതമാനം തുകയാണ് കേന്ദ്രസർക്കാർ വഹിക്കുന്നതെങ്കില്‍, ഇത് കുറച്ച് 60 ശതമാനമാക്കാൻ ബില്ലില്‍ വ്യവസ്ഥയുണ്ട്. ഇതോടെ, ബാക്കി വരുന്ന 40 ശതമാനം തുക സംസ്ഥാന സർക്കാരുകള്‍ വഹിക്കേണ്ടി വരും. ഇത് സംസ്ഥാനങ്ങള്‍ക്ക് അധിക സാമ്ബത്തിക ബാധ്യത വരുത്താൻ സാധ്യതയുണ്ട്.
അതേസമയം, ഗ്രാമീണ മേഖലയിലെ തൊഴിലാളികള്‍ക്ക് ആശ്വാസം നല്കുന്ന ഒരു പ്രഖ്യാപനവും പദ്ധതിയിലുണ്ട്. തൊഴില്‍ ദിനങ്ങളുടെ എണ്ണം നൂറില്‍ നിന്ന് 125 ദിവസമായി ഉയർത്തിയേക്കും. ഈ നിർദേശങ്ങള്‍ പാർലമെന്റ് പാസാക്കുകയാണെങ്കില്‍, പുതിയ പേര് നിലവില്‍ വരികയും കേന്ദ്ര വിഹിതത്തിലെ മാറ്റം പ്രാബല്യത്തില്‍ വരികയും ചെയ്യും.
