‘കഴിഞ്ഞ ജന്മത്തില്‍ അമ്ബലപ്പുഴ രാജാവിന്റെ മന്ത്രിയായിരുന്നു; 100 വര്‍ഷങ്ങള്‍ക്ക് മുമ്ബ് ഭൃഗുമുനി എഴുതിയതെല്ലാം പുനര്‍ജന്മത്തില്‍ നടന്നു’: അലക്‌സാണ്ടര്‍ ജേക്കബ് ഐപിഎസ്

കഴിഞ്ഞ ജന്മത്തില്‍ താന്‍ അമ്ബലപ്പുഴ രാജാവിന്റെ മന്ത്രിയായിരുന്നുവെന്ന് മുന്‍ ഡിജിപി അലക്‌സാണ്ടര്‍ ജേക്കബ് ഐപിഎസ്.

പുനര്‍ജന്മത്തെക്കുറിച്ചുള്ള ചോദ്യത്തിനായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. 100 വര്‍ഷങ്ങള്‍ക്കു മുമ്ബ് ഭൃഗുമുനി തന്റെ പൂര്‍വ്വകാലവും വരുംകാലവും എഴുതിവെച്ചിരുന്നുവെന്നും അതില്‍ പറയുന്ന കാര്യങ്ങളെല്ലാം ഈ ജന്മത്തിലും സംഭവിച്ചുവെന്നും അദ്ദേഹം വ്യക്തമാക്കി.

രാജാവിനെ ധിക്കരിച്ചതിനെ തുടര്‍ന്ന് കുളത്തില്‍ മുക്കി തന്നെ കൊലപ്പെടുത്തിയതാണെന്നും ഈ ജന്മത്തിലും രാമേന്ദ്രന്‍ രാജാവിന്റെ മന്ത്രിയാകുമെന്ന് പ്രവചിച്ചത് സത്യമായെന്നും അദ്ദേഹം പറഞ്ഞു. അതിനാല്‍ താന്‍ ഐപിഎസ് ജോലിയില്‍ പ്രവേശനം നേടി ഗവര്‍ണറുടെ എഡിസിയായി നിയമിക്കപ്പെടുമെന്നെല്ലാം ഭൃഗുമുനി എഴുതിയ പുസ്തകത്തില്‍ ഉണ്ടായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. തന്റെ വിവാഹത്തെക്കുറിച്ച്‌ പറഞ്ഞ കാര്യങ്ങള്‍ പ്രാവര്‍ത്തികമായതിനെക്കുറിച്ചും അലക്‌സാണ്ടര്‍ ജേക്കബ് വിശദീകരിച്ചു. അബാക്ക് മീഡിയക്ക് നല്‍കിയ അഭിമുഖത്തിലാണ് ഇക്കാര്യങ്ങളെക്കുറിച്ച്‌ അദ്ദേഹം വ്യക്തമാക്കിയത്.

”ഞാന്‍ 1980 ല്‍ മാര്‍വാനിസ് കോളജിലെ ലക്ച്ചറായിരുന്നു. അവിടെ നിന്ന് ഞാന്‍ എന്റെ മുത്തച്ഛന്റെ സഹോദരിയുടെ വീട്ടില്‍ പോയി. പുനര്‍ജന്മം കണ്ടെത്തുന്ന സംവിധാനമുണ്ടെന്ന് അവിടെ ചര്‍ച്ച വന്നു. അവിടെ പോയിട്ട് വന്ന ഒരാള്‍ പറയുന്ന കഥയാണ്. എനിക്ക് പക്ഷെ ഈ ജാതകം എന്നിവയില്‍ ഒന്നും തീരെ വിശ്വസമില്ല. അതുകൊണ്ട് തന്നെ അത് തെറ്റാണെന്ന് തെളിയിക്കാന്‍ ഞാന്‍ ആ സ്ഥലത്ത് പോയി.

അന്ന് ശ്രീധരപണിക്കര്‍ എന്ന ആളാണ് അവിടെ ഉള്ളത്. ഞാന്‍ ആരാണെന്നോ എവിടെ നിന്ന് ആണെന്നോ ഒന്നും അവിടെ പറഞ്ഞില്ല. പക്ഷെ, ശ്രീധര പണിക്കര്‍ ഇറങ്ങി വന്ന് വാതില്‍ തുറന്നിട്ട് ചോദിച്ചു, തെക്കില്‍ നിന്ന് വരുകയാണല്ലേ… ഗുരുക്കന്മാരെ ബഹുമാനിക്കണം കയറി ഇരിക്കാന്‍ അദ്ദേഹം എന്നോട് പറഞ്ഞു. ഞാന്‍ ഒന്നും പറയാതെ തെക്കില്‍ നിന്നാണ് വരുന്നത്, കോളജ് ലക്ച്ചറാണെന്നൊക്കെ അദ്ദേഹം മനസിലാക്കി.

അദ്ദേഹത്തിന്റെ രാശിപലകയില്‍ ഒരു നാണയം ഞാന്‍ വെച്ചു. അതിന് ശേഷം അദ്ദേഹം ഭൃഗുസംഹിത തുറന്നു. നാലായിരത്തി അഞ്ഞൂറ് വര്‍ഷം മുമ്ബ് ജീവിച്ച ആളാണ് ഭൃഗുമുനി. അദ്ദേഹം സംസ്‌കൃതത്തില്‍ ഒരു സംഹിത എഴുതി ഹിമാലയത്തിലെ സന്യസിമാര്‍ക്ക് കൊടുത്തിരുന്നു. അവര്‍ അത് നൂറ് വര്‍ഷങ്ങള്‍ക്ക് മുമ്ബ് പ്രിന്റ് ചെയ്തു. എന്നിട്ട് ഇന്ത്യയിലെ പല ഭാഗത്തുള്ള ആളുകള്‍ക്ക് അത് കൊടുത്തയച്ചു. അതിലെ എന്റെ ഭാഗം തുറന്ന ശേഷം അദ്ദേഹം നോക്കിയിട്ട് ഞാന്‍ വന്ന സ്ഥലത്തെക്കുറിച്ചും അവിടെ ഉള്ളവരെക്കുറിച്ചും പറഞ്ഞു.

എന്നെക്കുറിച്ചുള്ള എല്ലാ കാര്യങ്ങളും അദ്ദേഹം പറഞ്ഞു. അങ്ങ് കഴിഞ്ഞ ജന്മത്തില്‍ അമ്ബലപ്പുഴ രാജാവിന്റെ മന്ത്രിയായിരുന്നു എന്ന് എന്നോട് പറഞ്ഞു. രാജാവിനെ ധിക്കരിച്ചതിനെ തുടര്‍ന്ന് രാജാവ് അങ്ങയെ കുളത്തില്‍ മുക്കി കൊന്ന ശേഷം ശരീരം അച്ചന്‍കോവില്‍ ആറ്റില്‍ എറിഞ്ഞു. അതുകൊണ്ട് ഈ ജന്മം അങ്ങ് ആറിന്റെ അങ്ങേ കരയില്‍ ജനിക്കും. അതിന് ശേഷമുള്ള എന്നെക്കുറിച്ചുള്ള കഴിഞ്ഞ ജന്മവുമായി ബന്ധപ്പെട്ട് ഈ ജന്മത്തില്‍ നടന്ന എല്ലാ കാര്യങ്ങളും അദ്ദേഹം പറഞ്ഞു.

അധിക കാലം ടീച്ചറായി ഇരിക്കാന്‍ കഴിയില്ല. രാജ്യം ഭരിക്കുന്ന ഒരു പരീക്ഷ ഉണ്ട്, ഐഎഎസ് പരീക്ഷ എഴുതണമെന്ന് അദ്ദേഹം എന്നോട് പറഞ്ഞു. തലയില്‍ കിരീടമുള്ള ഐപിഎസ് ജോലി കിട്ടുമെന്ന് അദ്ദേഹം പറഞ്ഞു. അതിന് ശേഷം ഞാന്‍ വെറുതെ പോയി പരീക്ഷ എഴുതി നോക്കി. എനിക്ക് ഐപിഎസ് കിട്ടി. രണ്ടാം തവണയും പരീക്ഷ പാസായി, ഇന്‍ര്‍വ്യൂന് ചെന്നപ്പോഴും എനിക്ക് ഐഎഎസ് കിട്ടിയില്ല വീണ്ടും ഐപിഎസ് കിട്ടി. ബൃഗു പറയുന്ന പോലെ തലയില്‍ കിരീടമുള്ള ഐപിഎസ് ജോലി എനിക്ക് കിട്ടി. ഇത്രയും കാര്യങ്ങള്‍ ഒരു പുസ്തകത്തില്‍ നോക്കി വായിക്കുക എന്ന് പറയുന്നത് അസാമാന്യ കാര്യമാണ്.

കഴിഞ്ഞ ജന്മത്തില്‍ കൊല്ലപ്പെടുന്നതിന് മുമ്ബ് എനിക്ക് ഒരു സ്ത്രീയുമായി പ്രേമത്തിലായിരുന്നുവെന്ന് അദ്ദേഹം പറഞ്ഞു. അങ്ങ് കൊല്ലപ്പെട്ടപ്പോള്‍ ആ സ്ത്രീ ആറ്റില്‍ ചാടി മരിച്ചു. ആ സ്ത്രീ അങ്ങയുടെ ഭാര്യയാകാന്‍ ഈ ജന്മത്തില്‍ ജനിച്ചിട്ടുണ്ട്. കൊല്ല രാജ്യത്ത് പോയി അങ്ങ് ആ സ്ത്രീയെ വിവാഹം കഴിക്കണമെന്നും പ്രകാശത്തിന്റെ പേരായിരിക്കും അവള്‍ക്ക് എന്നും അദ്ദേഹം പറഞ്ഞു.

കല്യാണം കഴിക്കേണ്ട സമയത്ത് ഞാന്‍ അമ്മയോട് ഒരു കണ്ടീഷന്‍ മാത്രമാണ് പറഞ്ഞിട്ടുള്ളത്, യൂണിവേഴ്‌സിറ്റിയില്‍ ഫസ്റ്റ് റാങ്കുള്ള പെണ്‍കുട്ടിയെ ആലോചിച്ചാല്‍ മതിയെന്ന്. എന്റെ ഭാര്യയുടൈ വീട് കൊല്ലത്താണ്. അവള്‍ക്ക് ബിഎക്കും എംഎക്കും ഫസ്റ്റ് റാങ്കും ഉണ്ടായിരുന്നു. പക്ഷെ കല്യാണത്തിന് മുമ്ബ് അവളുടെ പേര് എലിസബത്ത് എന്നാണ് എന്നായിരുന്നു എന്റെ ധാരണ. എന്നാല്‍ വിവാഹം കഴിഞ്ഞ് അവളുടെ വീട്ടില്‍ പോയപ്പോഴാണ് പ്രഭ എന്ന് അവളെ വിളിക്കുന്നത് കേട്ടത്. അപ്പോഴാണ് ഞാന്‍ ഓര്‍ത്തത് പ്രകാശത്തിന്റെ പര്യായം പ്രഭ എന്ന പേര്. അതും പറഞ്ഞപോലെ സംഭവിച്ചു.

അതല്ലാതെ മറ്റൊരു കാര്യം കൂടി പറഞ്ഞിരുന്നു. കഴിഞ്ഞ ജന്മത്തില്‍ എന്നെ കൊലപ്പെടുത്തിയ രാജാവിന്റെ പേര് രാമേന്ദ്രന്‍ എന്നായിരുന്നു. ഇനിയും കേരളം ഒരു രാമേന്ദ്രന്‍ ഭരിക്കും. അന്നും അദ്ദേഹത്തിന്റെ മന്ത്രിയായി അങ്ങ് പോകേണ്ടി വരുമെന്ന് എന്നോട് പറഞ്ഞു. എന്നാല്‍ പത്തുമാസം ആ രാജാവുമായി വഴക്കിന് പോകരുത് എന്ന് എന്നോട് പറഞ്ഞു.

1982 ല്‍ പി.രാമേന്ദ്രന്‍ കേരള ഗവര്‍ണറായി വന്നു. 1986ല്‍ ഞാന്‍ അദ്ദേഹത്തിന്റെ എഡിസിയായിട്ട് അല്ലങ്കില്‍ മന്ത്രിയായി രാജ്ഭവനില്‍ ഞാന്‍ ചെന്നു. അപ്പോള്‍ ഞാന്‍ ഓര്‍ത്തു രാമേന്ദ്രന്‍ രാജാവിന്റെ മന്ത്രിയായി ഞാന്‍ എത്തിയെന്ന്. ഗവര്‍ണര്‍ എന്ത് പറഞ്ഞാലും ഞാന്‍ അതിന് എതിര് പറഞ്ഞില്ല. കാരണം പത്തുമാസം ഒന്നും പറയരുത് എന്നാണ്.

ഗവര്‍ണറുടെ കാലാവധി തീരാറായപ്പോള്‍ ഗവര്‍ണറെ കാണാന്‍ ഇ.കെ നായനാര്‍ മുഖ്യമന്ത്രി വന്നു. അദ്ദേഹത്തെ തിരിച്ച്‌ കാറിലേക്ക് എക്‌സ്‌കോര്‍ട്ടായി ഞാന്‍ പോയപ്പോള്‍ എന്നോട് അദ്ദേഹം ഒരു കാര്യം പറഞ്ഞു. ഗവര്‍ണര്‍ എനിക്ക് ഒരു ജില്ല തരണമെന്ന് അദ്ദേഹത്തോട് പറഞ്ഞുവെന്ന്. കോട്ടയത്തേക്ക് നിന്നെ ഞാന്‍ പോസ്റ്റ് ചെയ്യുമെന്ന് അദ്ദേഹം എന്നോട് പറഞ്ഞു. ഗവര്‍ണറോടും ഇക്കാര്യം ഞാന്‍ ചോദിച്ചു. അദ്ദേഹം അത് ശരിവെച്ചു. രണ്ടാഴ്ച കഴിഞ്ഞപ്പോള്‍ എന്നെ കോട്ടയം എസ്പിയായി പോസ്റ്റ് ചെയ്തു.

പൂര്‍വ ജന്മത്തിലെ രാമേന്ദ്രന്‍ രാജാവ് കേരളത്തിന്റെ ഗവര്‍ണറായി വരുന്നു, ഞാന്‍ അദ്ദേഹത്തിന്റെ മന്ത്രിയായി അവിടെ എത്തുന്നു. ഇതെല്ലാം അപാരമായ കോഇന്‍സിഡന്‍സ് ആണോ എന്ന് നമുക്ക് അറിയില്ല. അതിന് ശേഷം എന്നെ അമ്ബലപ്പുഴ ക്ഷേത്രത്തില്‍ ഒരു പ്രസംഗത്തിന് വിളിച്ചു. അവിടെ വെച്ച്‌ കഴിഞ്ഞ ജന്മത്തില്‍ ഞാന്‍ ഈ ക്ഷേത്രം ഭരിച്ച മന്ത്രിയായിരുന്നു എന്ന് ഞാന്‍ പറഞ്ഞു. പൂര്‍വ്വ ജന്മവും പുനര്‍ജന്മവും തെളിയിക്കാന്‍ എനിക്ക് അറിയില്ല. പക്ഷെ എന്റെ കാര്യത്തില്‍ അവ സാധ്യമായിരുന്നു,” അലക്‌സാണ്ടര്‍ ജേക്കബ് പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *