1600 കോടിയെത്തി; പ്രതിസന്ധിക്ക് നേരിയ ആശ്വാസം

ഇന്ധന നികുതിയും ബിവറേജസ് കോര്‍പറേഷനില്‍നിന്നുള്ള പണവിഹിതവുമെത്തിയതോടെ കടുത്ത സാമ്ബത്തികപ്രതിസന്ധിക്ക് നേരിയ ആശ്വാസം.

ട്രഷറി നിയന്ത്രണം കൂടുതല്‍ കടുപ്പിച്ചതിനൊപ്പം 2,000 കോടി രൂപ ഓവര്‍ ഡ്രാഫ്റ്റ് വഴി സമാഹരിച്ചാണ് കഴിഞ്ഞയാഴ്ച ചെലവുകള്‍ക്കു പണം കണ്ടെത്തിയത്. ശമ്ബളമടക്കം ആനുകൂല്യങ്ങള്‍ നല്‍കേണ്ട സമയമായിരുന്നതിനാല്‍ വലിയ ഞെരുക്കത്തിലായിരുന്നു ഈ ദിവസങ്ങള്‍. ഇതിനിടയിലാണ് ഇന്ധന നികുതിയായും ബിവറേജസ് കോര്‍പറേഷനില്‍നിന്നുള്ള വിഹിതമായും 1,600 കോടി രൂപ ട്രഷറിയിലെത്തിയത്.

സാമ്ബത്തിക പ്രതിസന്ധി കാരണം അഞ്ചു ലക്ഷം രൂപയില്‍ കൂടുതലുള്ള ബില്ലുകള്‍ക്ക് സര്‍ക്കാര്‍ ട്രഷറി നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ട് നാലര മാസമായി. ഇതിനിടയിലാണ് ഒരു ലക്ഷം രൂപയില്‍ അധികമുള്ള ബില്ലുകള്‍ ധനവകുപ്പിന്റെ അനുമതിയില്ലാതെ പാസാക്കരുതെന്ന് വാക്കാല്‍ നിര്‍ദേശം നല്‍കിയിരുന്നത്. ഇന്ധന നികുതിയും ബിവറേജസ് കോര്‍പറേഷൻ വിഹിതവും എത്തിയ സാഹചര്യത്തില്‍ വാക്കാല്‍ ഏര്‍പ്പെടുത്തിയ നിയന്ത്രണം പിൻവലിച്ചേക്കും. അതേസമയം, അഞ്ചുലക്ഷം വരെയുള്ള ബില്ലുകളുടെ കാര്യത്തില്‍ വ്യക്തതയില്ല. ഓണക്കാലത്തെ സാമ്ബത്തിക പ്രതിസന്ധിയുടെ പേരിലാണ് 10 ലക്ഷമായിരുന്ന ബില്‍ മാറല്‍ പരിധി അഞ്ചു ലക്ഷമായി ചുരുക്കിയത്.

കടുത്ത സാമ്ബത്തികപ്രതിസന്ധിയിലൂടെയാണ് സംസ്ഥാനം കടന്നു പോകുന്നതെന്നും ദൈനംദിന ചെലവുകള്‍ക്കുപോലും ബുദ്ധിമുട്ടുന്നതായും കഴിഞ്ഞ മാസം ചീഫ് സെക്രട്ടറി ഹൈകോടതിയില്‍ സത്യവാങ്മൂലം സമര്‍പ്പിച്ചിരുന്നു. സര്‍ക്കാര്‍ സാമ്ബത്തിക പരാധീനത ആവര്‍ത്തിക്കുന്നതിനിടെയാണ് കേരളത്തില്‍ സാമ്ബത്തിക അടിയന്തരാവസ്ഥ പ്രഖ്യാപിക്കണമെന്ന വിഷയത്തില്‍ സര്‍ക്കാറിനെ വെട്ടിലാക്കി ഗവര്‍ണര്‍ ചീഫ് സെക്രട്ടറിയോട് റിപ്പോര്‍ട്ട് തേടിയത്.

Leave a Reply

Your email address will not be published. Required fields are marked *