ഏഷ്യാ പസഫിക്കിലെ ഏറ്റവും മികച്ച ബാങ്കെന്ന നേട്ടം സ്വന്തമാക്കി ഫെഡറല്‍ ബാങ്ക്

ഏഷ്യാ പസഫിക്കിലെ ഏറ്റവും മികച്ച ബാങ്കുകളുടെ പട്ടികയില്‍ ഇടം നേടി ഫെഡറല്‍ ബാങ്ക് ഓഫ് ഇന്ത്യ. ആഗോളതലത്തില്‍ ബാങ്കിംഗ് മേഖലയെക്കുറിച്ച്‌ വിവരങ്ങള്‍ ലഭ്യമാകുന്ന പോര്‍ട്ടലായ ദി ബാങ്കറിന്റെ ബാങ്ക് ഓഫ് ദി ഇയര്‍ 2023 അവാര്‍ഡ് ആണ് ഫെഡറല്‍ ബാങ്ക് സ്വന്തമാക്കിയത്.

ഭാരതത്തിലുള്ളതില്‍ തന്നെ ഈ നേട്ടം സ്വന്തമാക്കിയ ഏക ബാങ്കാണിത്. ആഗോള സാമ്ബത്തിക അനിശ്ചിതത്വങ്ങള്‍ക്കിടയിലും മികച്ച രീതിയില്‍ സേവനം ഉറപ്പു വരുത്തുകയും അടിസ്ഥാന സൗകര്യങ്ങള്‍ നവീകരിക്കുകയും ചെയ്തതിനാണ് അവാര്‍ഡെന്ന് ദി ബാങ്കര്‍ അറിയിച്ചു.

ആലുവ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഫെഡറല്‍ ബാങ്കിന് 1,200-ല്‍ അധികം ശാഖകളുണ്ട്. ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിലായി 1900-ല്‍ അധികം എടിഎമ്മുകളിലൂടെയും സിഡിഎംഎസുകളിലൂടെയും സേവനം നല്‍കുന്നു. ഏകദേശം 1.6 കോടിയിലധികം ഉപയോക്താക്കളാണ് നിലവില്‍ ഫെഡറല്‍ ബാങ്കിനുള്ളത്. സാങ്കേതിക വിദ്യയുടെ കാര്യത്തില്‍ മുൻ നിരയില്‍ പ്രവര്‍ത്തിക്കുന്ന ബാങ്കാണ് ഫെഡറല്‍ ബാങ്ക്.

എല്ലാ ശാഖകളും കമ്ബ്യൂട്ടര്‍വത്കരിച്ച രാജ്യത്തെ ആദ്യ ബാങ്കില്‍ ഒന്നാണിത്. ഇന്റര്‍നെറ്റ് ബാങ്കിംഗ്, മൊബൈല്‍ ബാങ്കിംഗ്, ഓണ്‍ലൈൻ ബില്‍ പേയ്മെന്റ്, ഓണ്‍ലൈൻ ഫീസ് ശേഖരണം, ഡിപ്പോസിറ്ററി സേവനങ്ങള്‍, ക്യാഷ് മാനേജ്മെന്റ്, മര്‍ച്ചന്റ് ബാങ്കിംഗ് സേവനങ്ങള്‍, ഇൻഷുറൻസ്, മ്യൂച്വല്‍ ഫണ്ട് ഉത്പന്നങ്ങള്‍ എന്നിങ്ങനെ നിരവധി സേവനങ്ങള്‍ ബാങ്ക് നല്‍കുന്നുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *