ട്രെയിനില്‍ നിന്ന് പെണ്‍കുട്ടിയെ ചവിട്ടി പുറത്തിട്ട സംഭവം;ശ്രീക്കുട്ടിയുടെ ആരോഗ്യനില മാറ്റമില്ലാതെ തുടരുന്നു;മികച്ച ചികിത്സയാണ് നല്‍കുന്നതെന്ന് മെഡിക്കല്‍ കോളേജ് സൂപ്രണ്ട്

വർക്കലയില്‍ ഓടുന്ന ട്രെയിനില്‍ വെച്ച്‌ മദ്യലഹരിയില്‍ സഹയാത്രികൻ തള്ളിയിട്ട യുവതിയുടെ നില ഗുരുതരമായി തുടരുന്നു.19 വയസുകാരി സോന എന്ന ശ്രീക്കുട്ടിയുടെ ആരോഗ്യനിലയാണ് മാറ്റമില്ലാതെ തുടരുന്നത്.ശ്രീക്കുട്ടിയുടെ തലച്ചോറിനാണ് പരിക്കേറ്റിരിക്കുന്നത്.

തലച്ചോറില്‍ ചതവ് ഉണ്ടെന്ന് കണ്ടെത്തി. സർജിക്കല്‍ ഐസിയുവിലാണ് പെണ്‍കുട്ടി ഇപ്പോള്‍ ഉള്ളതെന്നും വെന്റിലേറ്ററിന്‍റെ സഹായം ഇപ്പോഴും നല്‍കുന്നുണ്ടെന്നും ഡോ. ജയചന്ദ്രന്‍ പ്രതികരിച്ചു.

തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ തീവ്ര പരിചരണ വിഭാഗത്തിലാണ് ശ്രീക്കുട്ടി ചികിത്സയില്‍ കഴിയുന്നത്. കുട്ടിക്ക് ആവശ്യമായ എല്ലാ ചികിത്സയും നല്‍കുന്നുണ്ടെന്നും, മികച്ച ചികിത്സയാണ് കുട്ടിക്ക് നല്‍കുന്നതെന്നും മെഡിക്കല്‍ കോളേജ് സൂപ്രണ്ട് ഡോ. ജയചന്ദ്രൻ പറഞ്ഞു. എന്നാല്‍ പെണ്‍കുട്ടി ഇതുവരെയും അപകടനില തരണം ചെയ്തിട്ടില്ല. ന്യൂറോ ഉള്‍പ്പടെ എല്ലാ വിഭാഗങ്ങളും ചേർന്നുള്ള ചികിത്സയാണ് നിലവില്‍ നല്‍കുന്നതെന്നും ഡോ. ജയചന്ദ്രൻ കൂട്ടിച്ചേർത്തു.

ചികിത്സയില്‍ തൃപ്തയല്ലെന്നും മികച്ച ചികിത്സ ലഭ്യമാക്കണമെന്നുമാണ് പെണ്‍കുട്ടിയുടെ അമ്മയുടെ ഇന്നലെ മാധ്യമങ്ങളോട് പ്രതികരിച്ചിരുന്നു. എന്നാല്‍, പ്രഗത്ഭരായ ഡോക്ടര്‍മാരുടെ സംഘമാണ് പെണ്‍കുട്ടിയെ ചികിത്സിക്കുന്നതെന്നും എന്തുകൊണ്ടാണ് അങ്ങനെ ഒരു പ്രതികരണം നടത്തിയത് എന്ന് അറിയില്ലെന്നുമായിരുന്നു കുടുംബത്തിന്‍റെ ആരോപണത്തോട് മെഡിക്കല്‍ കോളേജ് സൂപ്രണ്ടിന്‍റെ പ്രതികരണം

Leave a Reply

Your email address will not be published. Required fields are marked *