തലപ്പത്ത് ഇനി സൂര്യകാന്ത്; സുപ്രീം കോടതി ചീഫ് ജസ്റ്റീസായി സ്ഥാനമേറ്റു

സുപ്രീംകോടതിയുടെ 53-ാമത് ചീഫ് ജസ്റ്റീസായി ജസ്റ്റീസ് സൂര്യകാന്ത് ചുമതലയേറ്റു. രാഷ്ട്രപതി ഭവനില്‍ രാവിലെ നടന്ന ചടങ്ങില്‍ രാഷ്ട്രപതി ദ്രൗപദി മുർമു സത്യവാചകം ചൊല്ലിക്കൊടുത്തു.

സത്യപ്രതിജ്ഞാ ചടങ്ങില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയും ആഭ്യന്തര മന്ത്രി അമിത് ഷായും, രാജ് നാഥ് സിംഗും പങ്കെടുത്തു. വിദേശരാജ്യങ്ങളിലെ ചീഫ് ജസ്റ്റീസുമാർ ഉള്‍പ്പെടെ സന്നിഹിതരായിരുന്നു.

സ്ഥാനമൊഴിഞ്ഞ ജസ്റ്റീസ് ബി.ആർ. ഗവായിയുടെ പിൻഗാമിയായാണ് ഹരിയാന സ്വദേശിയായ സൂര്യകാന്ത് ചുമതലയേല്‍ക്കുന്നത്. 65 വയസ് എന്ന വിരമിക്കല്‍ പ്രായം പൂർത്തിയാകുന്ന 2027 ഫെബ്രുവരി ഒന്പതുവരെ സൂര്യകാന്ത് ചീഫ് ജസ്റ്റീസായി തുടരും.

1962 ഫെബ്രുവരി പത്തിന് ഹരിയാനയിലെ ഹിസാർ ജില്ലയില്‍ ഒരു മധ്യവർഗ കുടുംബത്തില്‍ ജനിച്ച ജസ്റ്റീസ് സൂര്യകാന്ത് പഞ്ചാബ്-ഹരിയാന കോടതിയില്‍ ജഡ്ജിയായി സേവനമനുഷ്ഠിച്ചിട്ടുണ്ട്. ഹിമാചല്‍പ്രദേശ് ഹൈക്കോടതി ചീഫ് ജസ്റ്റീസായി 2018ല്‍ നിയമിതനായ അദ്ദേഹം 2019 മേയ് 24ന് സുപ്രീംകോടതി ജഡ്ജിയായി ഉയർത്തപ്പെട്ടു.

സുപ്രീംകോടതി ജഡ്ജിയായിരിക്കേ ദേശീയപ്രാധാന്യമുള്ള ഒട്ടേറെ വിധികളുടെ ഭാഗമായ അദ്ദേഹം ജമ്മു കാഷ്മീരിന്റെ പ്രത്യേക പദവി എടുത്തുകളയുന്ന അനുച്ഛേദം 370 റദ്ദാക്കിയത് ശരിവച്ച ബെഞ്ചില്‍ അംഗമായിരുന്നു.

കൊളോണിയല്‍ കാലത്തെ രാജ്യദ്രോഹ നിയമം റദ്ദാക്കിയ ബെഞ്ചിലും ഗവർണർമാരുടെയും രാഷ്ട്രപതിയുടെയും അധികാരങ്ങള്‍ നിർവചിക്കുന്ന രാഷ്ട്രപതി റഫറൻസ് പരിഗണിച്ച ബെഞ്ചിലും സൂര്യകാന്ത് അംഗമായിരുന്നു.

എസ്‌ഐആറിനുശേഷം ബിഹാറിലെ വോട്ടർ പട്ടികയില്‍നിന്നു നീക്കം ചെയ്യപ്പെട്ട 65 ലക്ഷം വോട്ടർമാരുടെ പേരുകള്‍ വെളിപ്പെടുത്താൻ തെരഞ്ഞെടുപ്പ് കമ്മീഷനോടു നിർദേശിച്ചത് സൂര്യകാന്താണ്. സുപ്രീംകോടതിയിലും രാജ്യത്തുടനീളമുള്ള കോടതികളിലും കെട്ടിക്കിടക്കുന്ന കേസുകളുടെ എണ്ണം കുറയ്ക്കുകയെന്നതാണു തന്റെ പ്രഥമ പരിഗണനയെന്ന് കഴിഞ്ഞദിവസം മാധ്യമങ്ങളുമായുള്ള ആശയവിനിമയത്തില്‍ അദ്ദേഹം പ്രതികരിച്ചിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *