ചലച്ചിത്ര അക്കാദമിയിലെ പുതിയ ഭരണസമിതി ചുമതലയേല്‍ക്കുന്ന ചടങ്ങില്‍ നിന്നും തന്നെ ക്ഷണിക്കാത്തതിലെ അതൃപ്തി പരസ്യമായി പ്രകടമാക്കി നടനും മുൻ അധ്യക്ഷനുമായ പ്രേം കുമാർ.
ചടങ്ങില്‍ നിന്നും വിട്ടു നിന്നത് ചടങ്ങിന് ലക്ഷണിക്കാത്തത് കൊണ്ടാണെന്നും . ഔദ്യോഗികമായി ഒരു അറിയിപ്പും ഇത് സംബന്ധിച്ച് തനിച്ച് ലഭിച്ചിരുന്നില്ലന്നും അദ്ദേഹം വ്യക്തമാക്കി .
ഇത്തരം കാര്യങ്ങള്‍ തന്നെ വിഷമിപ്പിച്ചു എന്നും അദ്ദേഹം പറഞ്ഞു .ഓസ്കർ ജേതാവ് റസൂല്‍ പൂക്കുട്ടിയെ ചലച്ചിത്ര അക്കാദമി ചെയർമാനായി നിയമിച്ചതിന് പിന്നാലെ ഉയർന്ന വിവാദങ്ങളോട് പ്രതികരിക്കുകയായിരുന്നു പ്രേം കുമാർ.
സാംസ്‌കാരിക വകുപ്പും പ്രേംകുമാറും തമ്മിലുള്ള ഭിന്നത രൂക്ഷമായിരുന്നു എന്ന് വ്യക്തമാക്കുന്നതാണ് പുതിയ പ്രതികരണം.
റസൂല്‍ പൂക്കുട്ടി ചുമതലയേല്‍ക്കുന്ന ചടങ്ങില്‍ പങ്കെടുക്കാൻ തനിക്ക് ആഗ്രഹമുണ്ടായിരുന്നു എന്ന് തുറന്നുപറയുകയാണ് പ്രേംകുമാർ .
ഒരു മഹാ പ്രതിഭയാണ് തനിക്ക് ശേഷം ആ ചുമതലയിലേക്ക് വന്നത്. ലോക സിനിമയില്‍ മലയാളത്തെ എത്തിച്ച കലാകാരൻ ചലച്ചിത്ര അക്കാദമിയുടെ അധ്യക്ഷൻ ആകുന്ന ചടങ്ങില്‍ സാന്നിധ്യമാകാൻ ആഗ്രഹിച്ചിരുന്നു.
എന്നാല്‍ അറിയിപ്പും ക്ഷണവും തനിക്ക് ലഭിച്ചില്ല, അതില്‍ വലിയ വിഷമമുണ്ടെന്നും പ്രേംകുമാർ തുറന്നുപറയുന്നു.
ചുമതല നല്‍കിയതും മാറ്റിയതും സർക്കാരാണ്. അത് അംഗീകരിക്കുന്നു. സർക്കാരാണ് തന്നെ ചലച്ചിത്ര അക്കാദമി അധ്യക്ഷനായി നിയോഗിച്ചത്, തന്നെ ഏല്‍പ്പിച്ച ചുമതല സുതാര്യമായും ആത്മാർത്ഥയോടും കൂടി നിർവഹിച്ചിട്ടുണ്ടെന്നും അദ്ദേഹം മാധ്യമങ്ങളോട് പ്രതികരിച്ചു.
രാഷ്ട്രീയ വിവാദങ്ങളോട് പ്രതികരിക്കാനില്ലെന്നും പ്രേം കുമാർ പറഞ്ഞു. നിലമ്ബൂർ ഉപതെരഞ്ഞെടുപ്പ് പ്രചാരണങ്ങളില്‍ നിന്ന് വിട്ടു നിന്നു, ആശ സമരത്തോട് അനൂകൂല നിലപാട് എടുത്തു തുടങ്ങിയ സാഹചര്യങ്ങളാണ് പ്രേം കുമാറിന് തിരിച്ചടിയായത് എന്ന നിലയിലുള്ള അഭ്യൂഹങ്ങളോട് പ്രതികരിക്കുന്നില്ലെന്നായിരുന്നു പ്രേം കുമാറിന്റെ പ്രതികരണം
