കായിക പരിശീലനത്തിന് കൂടുതല്‍ സൗകര്യങ്ങള്‍ ഒരുക്കും: മന്ത്രി കെ. എൻ. ബാലഗോപാല്‍

കായിക പരിശീലനത്തിന് കൂടുതല്‍ അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കുമെന്ന് ധനകാര്യ വകുപ്പ് മന്ത്രി കെ. എൻ ബാലഗോപാല്‍.

ജില്ലാ സ്പോർട്സ് കൗണ്‍സിലിന്റെയും അമച്വർ ബോക്സിംഗ് അസോസിയേഷന്റെയും ആഭിമുഖ്യത്തില്‍ ചിന്നക്കട ബസ് ബേയില്‍ കായിക താരങ്ങളെയും പരിശീലകരെയും ആദരിക്കുന്ന ചടങ്ങിന്റെ ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു അദ്ദേഹം.

മികച്ച കായിക താരങ്ങളെ സൃഷ്ടിക്കാൻ ജില്ലയ്ക്കായി. കായിക പരിശീലന രംഗത്ത് അറിയപ്പെടുന്ന പല സ്ഥാപനങ്ങളും കൊല്ലത്തുണ്ട്. ഹോക്കി സ്റ്റേഡിയം പ്രവർത്തനം ആരംഭിച്ചു. കർബലയിലെ ലാല്‍ ബഹദൂർ സ്റ്റേഡിയത്തില്‍ ഫ്ലഡ്ലൈറ്റ്, സിന്തറ്റിക് ട്രാക്ക് എന്നിവ നിർമിക്കാൻ കൂടുതല്‍ പണം അനുവദിക്കും. അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കുന്നതിനൊപ്പം മികച്ച പരിശീലകരെയും അനുബന്ധ ജീവനക്കാരെയും നിയമിക്കും. ഇതുവരെ 973 സ്പോർട്സ് താരങ്ങള്‍ക്ക് വിവിധ സർക്കാർ വകുപ്പുകളില്‍ ജോലി നല്‍കി. ബഡ്ജറ്റില്‍ അംഗീകരിച്ച മാരിടൈം മ്യൂസിയം പദ്ധതി, ഇൻഡോർ സ്റ്റേഡിയം എന്നിവയുടെ നിർമാണം ത്വരിതപെടുത്തുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ലോക ബോക്സിങ് ചാമ്ബ്യൻഷിപ്പില്‍ മികച്ച പ്രകടനം നടത്തിയ ഇന്ത്യൻ വനിത ടീമിന്റെ മുഖ്യ പരിശീലകനും ദ്രോണാചാര്യ
അവാർഡ് ജേതാവുമായ ഡോ.ഡി. ചന്ദ്രലാല്‍, ഏഷ്യൻ ബോഡി ബില്‍ഡിംഗ് ചാമ്ബ്യൻഷിപ്പില്‍ ഒന്നാം സ്ഥാനം കരസ്ഥമാക്കിയ അഖില്‍, ബോക്സിങ് കോച്ച്‌ ആർ കെ മനോജ്കുമാർ, യുവ കായിക പ്രതിഭകളെയും ദേശീയ തലത്തില്‍ മെഡലുകള്‍ കരസ്ഥമാക്കിയ ജില്ലാ സ്‌പോർട്‌സ് അക്കാദമിയിലെയും സായ് സെന്ററിലേയും കായികതാരങ്ങളെയും ചടങ്ങില്‍ ആദരിച്ചു.

ജില്ലാ സ്പോർട്സ് കൗണ്‍സില്‍ പ്രസിഡന്റ്‌ എക്സ് ഏണസ്റ്റ് അധ്യക്ഷനായി. എം.എല്‍.എമാരായ എം. മുകേഷ്, എം നൗഷാദ്, ജില്ലാ പഞ്ചായത്ത്‌ പ്രസിഡന്റ്‌ ഡോ.പി.കെ ഗോപൻ, ജില്ലാ ബോക്സിങ് അസോസിയേഷൻ വൈസ് പ്രസിഡന്റ് ആർ ബിജു, സംസ്ഥാന സ്പോർട്സ് കൗണ്‍സില്‍ എക്സിക്യൂട്ടീവ് അംഗം രഞ്ജു സുരേഷ്, ജില്ലാ സ്പോർട്സ് കൗണ്‍സില്‍ വൈസ് പ്രസിഡന്റ്‌ ഡോ. കെ രാമഭദ്രൻ, എക്സിക്യൂട്ടീവ് അംഗം കെ രാധാകൃഷ്ണൻ, സെക്രട്ടറി ശ്രീകുമാരി, സ്പോർട്സ് കൗണ്‍സില്‍ സ്ഥിരം സമിതി അംഗം കെ സി ലേഖ, ബോക്സിങ് അസോസിയേഷൻ ജില്ലാ സെക്രട്ടറി വില്‍‌സണ്‍ പെരേര, ബോഡി ബില്‍ഡിംഗ് അസോസിയേഷൻ പ്രസിഡന്റ് രഞ്ജിത്ത് സായി, ജില്ലാ സ്‌പോർട്‌സ് അക്കാദമിയിലെ കായിക താരങ്ങള്‍, കായിക സംഘടന ഭാരവാഹികള്‍ തുടങ്ങിയവർ പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *