ബിഹാറില്‍ ആദ്യ ഘട്ടത്തിലെ വമ്ബൻ പോളിങില്‍ കണ്ണുനട്ട് മുന്നണികള്‍; ഇത്തവണ അധികം ബൂത്തിലെത്തിയത് 31 ലക്ഷം വോട്ടര്‍മാര്‍

ബിഹാർ നിയമസഭ തെരഞ്ഞെടുപ്പിലെ ബമ്ബർ പോളിങ് നേട്ടമാകുമെന്ന അവകാശ വാദവുമായി എൻഡിഎയും ഇൻഡ്യാ സഖ്യവും. എസ്‌ഐആർ നടപടിയുടെ വിജയമെന്ന് അവകാശവാദമുയർത്തി തെരഞ്ഞെടുപ്പ് കമ്മീഷനും രംഗത്തിറങ്ങി.

കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിനെ അപേക്ഷിച്ച്‌ 31ലക്ഷം വോട്ടർമാരാണ് അധികമായി പോളിംഗ്ബൂത്തിലെത്തിയത്. ഒന്നാംഘട്ട വോട്ടെടുപ്പിലെ പോളിങ് ശതമാന വർധനയെ പുകഴ്ത്തിയാണ് ഹിന്ദി പത്രങ്ങള്‍ ഇന്ന് വാർത്തകള്‍ പ്രസിദ്ധീകരിച്ചിരിക്കുന്നത്. സ്ത്രീകള്‍ കൂട്ടത്തോടെ വോട്ട്ചെയ്യാനെത്തിയത് മൂലം എൻഡിഎയുടെ അനുകൂലവിധിയെന്നാണ് ബിജെപിയുടെ വിലയിരുത്തല്‍.

എൻഡിഎ വാഗ്‌ദാനം പൊള്ളയാണെന്നും ഉയർന്ന പോളിങ് നിരക്ക് തേജസ്വി യാദവിനെ മുഖ്യമന്ത്രിയാക്കാനാണെന്ന് കോണ്‍ഗ്രസ് നേതാക്കള്‍ വാദിക്കുന്നു. എന്നാല്‍ ഛഠ്പൂജയുടെ അവധി പോളിങ് നിരക്ക് വർദ്ധിക്കാൻ കാരണമായതായി പൊതുവേ വിലയിരുത്തപ്പെടുന്നുണ്ട്. ഇതര സംസ്ഥാനങ്ങളില്‍ തൊഴിലെടുക്കാൻ പോയവർ മടങ്ങിയെത്തിയ സമയം കൂടിയാണിത്. പതിവ് മുന്നണികളായ എന്‍ഡിഎ, ഇൻഡ്യാ സഖ്യത്തോട് മടുപ്പ് തോന്നിയവർ തങ്ങള്‍ക്ക് വോട്ട്ചെയ്യാനെത്തിയതാണെന്ന് പ്രശാന്ത്കിഷോറിൻ്റെ ജൻസുരാജ് പാർട്ടിയും അവകാശപെടുന്നു.

സ്വാതന്ത്ര്യം ലഭിച്ചതിന് ശേഷം ആദ്യമായിട്ടാണ് 64.66 എന്ന പോളിങ് ശതമാനത്തില്‍ തൊട്ടത്. രണ്ടാംഘട്ട വോട്ടെടുപ്പ് നവംബർ 11ന് നടക്കും. 14ന് വോട്ടെണ്ണും. ഇതിനിടെ ബിഹാർ നിയമസഭാ തെരഞ്ഞെടുപ്പില്‍ ആദ്യഘട്ട വോട്ടെടുപ്പ് നടന്ന ഒരു ബൂത്തിലും റീപോളിങ് ആവശ്യമില്ലെന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ വ്യക്തമാക്കി. 121 സീറ്റുകളിലെ 45,000 പോളിങ് സ്‌റ്റേഷനുകളിലാണ് ഒന്നാം ഘട്ടത്തില്‍ വോട്ടെടുപ്പ് നടന്നത്.

Leave a Reply

Your email address will not be published. Required fields are marked *