മുൻ ആരോഗ്യ വകുപ്പ് പ്രിൻസിപ്പള്‍ സെക്രട്ടറി രാജീവ് സദാനന്ദൻ ഉന്നയിച്ച വിമർശനങ്ങള്‍ക്ക് മറുപടിയുമായി മുൻ ആരോഗ്യമന്ത്രിയും സിപിഎം നേതാവുമായ കെ.കെ.
ശൈലജ രംഗത്തെത്തി. കേരളം ആരോഗ്യരംഗത്ത് ഒന്നാമതാണെന്ന് പറയുന്നത് അവകാശവാദമല്ലെന്നും, ആരും അങ്ങനെ പ്രഖ്യാപിക്കാൻ കഴിയില്ലെന്നും അവർ വ്യക്തമാക്കി. ആരോഗ്യ മേഖലയില്‍ പല കാര്യങ്ങളും ഇനിയും പരിഹരിക്കാനുണ്ടെങ്കിലും സംസ്ഥാനത്തിന്റെ നേട്ടങ്ങള്‍ ദേശീയ-അന്താരാഷ്ട്ര തലത്തില്‍ അംഗീകരിക്കപ്പെട്ടിട്ടുണ്ടെന്ന് ശൈലജ ചൂണ്ടിക്കാട്ടി. 2016-ല്‍ ശിശുമരണം 12 ആയിരുന്നെങ്കില്‍, 2020-ല്‍ അത് അഞ്ചായി കുറഞ്ഞു. അമേരിക്കയെക്കാള്‍ പോലും മികച്ച നിലയിലാണ് കേരളം. മാതൃമരണ നിരക്കും സംസ്ഥാനത്ത് കുറഞ്ഞ നിലയിലാണ്. കേന്ദ്ര ഏജൻസികളുടെ കണക്കുകള്‍ ഉള്‍പ്പെടെ, കേരളം പല മേഖലകളിലും മുന്നിലാണ് എന്ന് തെളിയിക്കുന്നുവെന്നുമായിരുന്നു കെ.കെ. ശൈലജയുടെ മറുപടി.
ആരോഗ്യ മേഖലയില്‍ എല്ലാം പൂർത്തിയായെന്നും ഇനി പ്രശ്നങ്ങളൊന്നുമില്ലെന്നും പറയാനാവില്ലെന്ന് ശൈലജ തുറന്നുപറഞ്ഞു. മെച്ചപ്പെടുത്താനുള്ള സാധ്യതകള്‍ നിരവധി നിലനില്‍ക്കുന്നു. എന്നാല്‍, കേരളത്തിന്റെ പൊതുആരോഗ്യ സംവിധാനത്തിന്റെ ശക്തി കോവിഡ് മഹാമാരി നേരിടുമ്ബോള്‍ ലോകത്തിന് മുന്നില്‍ തെളിഞ്ഞുവെന്ന് അവർ ഓർമ്മപ്പെടുത്തി. നിപ്പയുടെ ഉറവിടം കണ്ടെത്തിയിട്ടില്ലെന്നത് യാഥാർത്ഥ്യമല്ലെന്നും, രോഗനിയന്ത്രണത്തില്‍ കേരളം നേടിയ നേട്ടങ്ങള്‍ രാജ്യത്തിന് മാതൃകാപരമാണെന്നും ശൈലജ വ്യക്തമാക്കി.
അതേസമയം, രാജീവ് സദാനന്ദൻ സംസ്ഥാനത്തിന്റെ ആരോഗ്യ സംവിധാനത്തെ രൂക്ഷമായി വിമർശിച്ചു. കേരളം ഒന്നാമതെന്ന അവകാശവാദം അപകടകരമാണെന്നും, ആരോഗ്യ സംവിധാനം ഇപ്പോഴും പ്രാകൃത അവസ്ഥയില്‍ തന്നെയാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ഡെങ്കിപ്പനിയെ നിയന്ത്രിക്കാൻ കഴിയാത്തതും നിപ്പയുടെ ഉറവിടം കണ്ടെത്താൻ സാധിക്കാത്തതും സംസ്ഥാനത്തിന് നാണക്കേടാണെന്നും സദാനന്ദൻ ആരോപിച്ചു. ചികിത്സാചെലവിന്റെ ഭൂരിഭാഗവും ഇപ്പോഴും ജനങ്ങള്‍ സ്വന്തം പോക്കറ്റില്‍ നിന്ന് തന്നെ വഹിക്കേണ്ടിവരുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി. ദീർഘകാലം ആരോഗ്യ സെക്രട്ടറി ആയിരുന്ന അനുഭവത്തിന്റെ അടിസ്ഥാനത്തിലാണ് സദാനന്ദന്റെ ഈ വിമർശനം.