വായ്‌പ തിരിച്ചടക്കാത്തവരുടെ ഫോണ്‍ റിമോട്ട് ലോക്ക് ചെയ്യാനുള്ള അധികാരം കടം നല്‍കിയ സ്ഥാപനങ്ങള്‍ക്ക് നല്‍കാന്‍ ആലോചിച്ച്‌ ആര്‍ബിഐ

കിട്ടാക്കടങ്ങളുടെ ഒരു സമ്ബദ് ഘടനയാകരുത് ഇന്ത്യ എന്ന മുന്‍കരുതലിന്റെ ഭാഗമായി ചെറിയ വായ്‌പകളെടുത്ത് തിരിച്ചടക്കാത്തവരുടെ ഫോണ്‍ റിമോട്ട് ലോക്ക് ചെയ്യാനുള്ള അധികാരം വായ്‌പ നല്‍കിയ കമ്ബനികള്‍ക്ക് കൊടുക്കുന്നതിനെക്കുറിച്ച്‌ റിസര്‍വ്വ് ബാങ്ക് ആലോചിക്കുന്നു.

ഏറ്റവും കൂടുതല്‍ കുടിശ്ശികയായി മാറുന്നത് ഒരു ലക്ഷത്തില്‍ താഴെയുള്ള കുട്ടിവായ്‌പകളാണെന്നാണ് പഠനം കണ്ടെത്തിയിരിക്കുന്നത്. ഇത്തരം വായ്‌പകള്‍ തിരിച്ചടക്കാത്തവരുടെ മേല്‍ ചെറിയ സമ്മര്‍ദ്ദങ്ങള്‍ ഉപയോഗിച്ചാല്‍ അവര്‍ വായ്‌പ തിരിച്ചടവ് മുടക്കില്ല എന്നാണ് റിസര്‍വ്വ് ബാങ്ക് കരുതുന്നത്. ഇന്നത്തെ നിലയില്‍ മൊബൈല്‍ ഫോണ്‍ ആണ് ഒരു ശരാശരി ഉപയോക്താവിന്റെ സുപ്രധാനമായ ഒരു സ്വത്ത്. ഇതിനെ റിമോട്ട് ലോക്ക് ചെയ്താല്‍ ആ ഫോണ്‍ ഉപയോഗിക്കാന്‍ സാധിക്കില്ല. ഇത് വായ്‌പ തിരിച്ചടക്കാന്‍ അവരില്‍ പ്രേരണ ചെലുത്തിയേക്കും.

ഈ പുതിയ നിയമം റിസര്‍വ് ബാങ്ക് പരിഗണിക്കുന്നതേയുള്ളൂ. കിട്ടാക്കടം വര്‍ധിച്ചുവരുന്ന സാഹചര്യത്തില്‍ ഈ നീക്കം ധനകാര്യ സ്ഥാപനങ്ങള്‍ക്ക് ഗുണകരമാകുമെന്നാണ് വിലയിരുത്തല്‍. ഉപഭോക്തൃ വായ്‌പകളുടെ ഏകദേശം 85% നല്‍കുന്നത് ബാങ്കിംഗ് ഇതര ധനകാര്യ സ്ഥാപനങ്ങളാണ്. ഈ നിയമങ്ങള്‍ പ്രാബല്യത്തില്‍ വന്നാല്‍, ബജാജ് ഫിനാന്‍സ്, ഡിഎംഐ ഫിനാന്‍സ്, ചോളമണ്ഡലം ഫിനാന്‍സ് തുടങ്ങിയ വലിയ വായ്‌പാദാതാക്കള്‍ക്ക് ഇത് വലിയ ഉത്തേജനം നല്‍കിയേക്കും. ഇത് തിരിച്ചടവ് മെച്ചപ്പെടുത്താന്‍ പ്രേരണയാകും എന്നതാണ് റിസര്‍വ്വ് ബാങ്കിന്റെ വിലയിരുത്തല്‍.

എന്നാല്‍, ഉപഭോക്താക്കളുടെ അവകാശങ്ങളെക്കുറിച്ചും സ്വകാര്യതയെക്കുറിച്ചും ഇത് വലിയ ചര്‍ച്ചകള്‍ക്ക് വഴിവെച്ചേക്കാം.

വായ്‌പയെടുത്തവര്‍ക്ക് അത് തിരിച്ചടയ്‌ക്കാന്‍ കഴിയാതെ വരുമ്ബോള്‍ അവരുടെ ഫോണുകള്‍ ലോക്ക് ചെയ്യാന്‍ ആപ്പുകള്‍ ഉപയോഗിക്കുന്നതില്‍ നിന്ന് കഴിഞ്ഞ വര്‍ഷം ആര്‍ബിഐ വായ്‌പാ സ്ഥാപനങ്ങളെ വിലക്കിയിരുന്നു. എന്നാല്‍ ആര്‍ബിഐ ഇതിനുള്ള ചട്ടങ്ങളില്‍ ഭേദഗതി വരുത്താന്‍ ആലോചിക്കുന്നുവെന്ന് റോയിട്ടേഴ്‌സ് റിപ്പോര്‍ട്ട് ചെയ്യുന്നു. ഏതെങ്കിലും ലോക്കിങ് സംവിധാനം ഉപയോഗിക്കുന്നതിന് മുമ്ബ് വായ്‌പയെടുക്കുന്നവരുടെ മുന്‍കൂര്‍ സമ്മതം നേടേണ്ടതുണ്ട് എന്നതാണ് പുതുതായി വരുത്താന്‍ പോകുന്ന മാറ്റം..വായ്‌പാ ദാതാക്കള്‍ ലോക്ക് ചെയ്ത ഫോണുകളിലെ സ്വകാര്യ വിവരങ്ങള്‍ പരിശോധിക്കാനോ മാറ്റം വരുത്താനോ പാടില്ല.

2024-ല്‍ ഹോം ക്രെഡിറ്റ് ഫിനാന്‍സ് നടത്തിയ ഒരു പഠനമനുസരിച്ച്‌, ഇന്ത്യയില്‍ ഉപഭോക്താക്കള്‍ വാങ്ങുന്ന ഇലക്‌ട്രോണിക് ഉപകരണങ്ങളില്‍ മൂന്നിലൊന്ന് വായ്‌പയെടുത്താണ് വാങ്ങുന്നത്. 140 കോടി ജനങ്ങളുള്ള രാജ്യത്ത് 116 കോടി മൊബൈല്‍ കണക്ഷനുകള്‍ ഉണ്ട്. ജനങ്ങള്‍ മൊബൈല്‍ ഫോണുകളുമായി എത്രത്തോളം അഭേദ്യമായി ബന്ധപ്പെട്ടിരിക്കുന്നു എന്ന് ഇത് ചൂണ്ടിക്കാട്ടുന്നു. സ്മാര്‍ട്ട്ഫോണുകള്‍ പോലുള്ള ഇലക്‌ട്രോണിക് ഉപകരണങ്ങള്‍ക്കുള്ള ചെറിയ വായ്‌പകള്‍ക്കുള്ള ഡിമാന്‍ഡ് കുതിച്ചുയരുന്ന പശ്ചാത്തലത്തിലാണ് ആര്‍ബിഐ ചില പുതിയ വ്യവസ്ഥകളോടെ വായ്‌പ തിരിച്ചടക്കാത്തവരുടെ ഫോണ്‍ ലോക്ക് ചെയ്യുന്നതിനെക്കുറിച്ച്‌ ആലോചിക്കുന്നത്.

ക്രെഡിറ്റ് ബ്യൂറോയായ സിആര്‍ഐഎഫ് ഹൈമാര്‍ക്കിന്റെ കണക്കുകള്‍ പ്രകാരം, ഒരു ലക്ഷം രൂപയില്‍ താഴെയുള്ള വായ്‌പകളിലാണ് ഏറ്റവും കൂടുതല്‍ കുടിശ്ശികയുള്ളത്. ഇത് വ്യാപകമായാല്‍ സമ്ബദ്ഘടനയെത്തന്നെ ദോഷകരമായി ബാധിക്കും. വായ്‌പ തിരിച്ചടക്കാത്തവരുടെ ഒരു സമ്ബദ് വ്യവസ്ഥ ധാര്‍മ്മികമായ പ്രശ്നങ്ങളും ഉയര്‍ത്തും.

ഈ നീക്കം നടപ്പിലാക്കിയാല്‍ തിരിച്ചടവ് നിര്‍ബന്ധമാക്കാന്‍ സാങ്കേതികവിദ്യയെ ഒരു ആയുധമായി ഉപയോഗിക്കുന്നു എന്ന വിമര്‍ശനം ഉയര്‍ന്നേക്കുമെന്ന ഭയം റിസര്‍വ്വ് ബാങ്കിന് ഇല്ലാതില്ല. പക്ഷെ ഉപഭോഗസംസ്കാരത്തോട് ആസക്തി കൂടുമ്ബോള്‍ തന്നെ ധാര്‍മ്മികമായ ഉത്തരവാദിത്വങ്ങളും ഉപഭോക്താക്കളെ ശീലിപ്പിക്കേണ്ടതുണ്ട്. ഫോണ്‍ ലോക്ക് ചെയ്യുമ്ബോള്‍ ഉപഭോക്താവിന്റെ ദൈനംദിന ജീവിതത്തെ അത് തടസ്സപ്പെടുത്തിയേക്കുമെന്നും വിമര്‍ശനങ്ങള്‍ ഉയരുന്നു.

Leave a Reply

Your email address will not be published. Required fields are marked *