ശ്രീപദ്മനാഭസ്വാമി ക്ഷേത്രത്തിലെ മൂലവിഗ്രഹത്തില്‍ ഉണ്ടെന്ന് ആരോപിക്കപ്പെടുന്ന അപാകതകള്‍ പരിഹരിക്കാന്‍ നിര്‍ദേശം നല്‍കണമെന്ന് ആവശ്യപ്പെട്ട് സമര്‍പ്പിച്ച ഹര്‍ജിയില്‍, സ്വീകരിച്ച നടപടികളെക്കുറിച്ച് തന്ത്രിയുടെ കുറിപ്പ് ഉള്‍പ്പെടെയുള്ള വിശദാംശങ്ങള്‍ അറിയിക്കാന്‍ ഭരണ സമിതിയോട് ഹൈക്കോടതി നിര്‍ദേശിച്ചു.
ജസ്റ്റിസ് ദേവന്‍ രാമചന്ദ്രനും ജസ്റ്റിസ് എം.ബി. സ്നേഹലതയും അടങ്ങുന്ന ബെഞ്ച് വിദഗ്‌ദ്ധ സമിതിയുടെ റിപ്പോര്‍ട്ടും സ്വീകരിച്ച നടപടി റിപ്പോര്‍ട്ടും സമര്‍പ്പിക്കണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്. കായംകുളം സ്വദേശി ആര്‍. രാജശേഖരന്‍ പിള്ള സമര്‍പ്പിച്ച ഹര്‍ജി സപ്തംബര്‍ പതിനൊന്നിന് പരിഗണിക്കും. 2016 ല്‍ സുപ്രീംകോടതിയില്‍ സമര്‍പിച്ച അമിക്കസ് ക്യൂറി റിപ്പോര്‍ട്ടില്‍ വിഗ്രഹത്തിലെ അപാകതകള്‍ കണ്ടെത്തിയിട്ടുണ്ടെങ്കിലും അവ പരിഹരിക്കാന്‍ ഭരണസമിതി ഇതുവരെ നടപടികളൊന്നും സ്വീകരിച്ചിട്ടില്ലെന്ന് ഹര്‍ജിക്കാരന്‍ ആരോപിച്ചു.