ഗാസയിലാകെ ആക്രമണം വ്യാപിപ്പിച്ച ഇസ്രയേലിന് കടുത്ത മുന്നറിയിപ്പുമായി ഇറാൻ. ലോക ഭൂപടത്തില്‍ നിന്ന് ഇസ്രയേല്‍ തുടച്ചുനീക്കപ്പെടുമെന്നാണ് ഇറാൻ ഇസ്ലാമിക് റെവലൂഷണറി ഗാര്‍ഡ് തലവൻ മേജര്‍ ജനറല്‍ ഹൊസൈൻ സലാമി മുന്നറിയിപ്പ് നല്‍കിയത്.
ഒക്ടോബര്‍ 7ലെ ഹമാസ് ആക്രമണത്തിന്റെ പതിന്മടങ്ങ് ശക്തിയുള്ള ആക്രമണം നടത്തും. 48 മണിക്കൂര്‍ കൊണ്ട് ഇസ്രയേല്‍ തകര്‍ന്നടിയുമെന്നും ഹൊസൈൻ സലാമി പറഞ്ഞു.
അതേ സമയം, തെക്കൻ ഗാസയില്‍ ഖാൻ യൂനിസില്‍ മുന്നേറ്റം തുടരുന്ന ഇസ്രയേല്‍ കൂടുതല്‍ മേഖലകളില്‍ ഒഴിപ്പിക്കല്‍ ഉത്തരവ് പുറപ്പെടുവിച്ചു. ഹമാസിന്റെ ഷാതി ബറ്റാലിയൻ കമാൻഡര്‍ ഹൈതം ഖുവാജരിയെ വധിച്ചു.
വടക്കൻ ഗാസയിലെ അല്‍ – നസര്‍ ആശുപത്രിയില്‍ അഞ്ച് ശിശുക്കളുടെ ജീര്‍ണിച്ച മൃതദേഹങ്ങള്‍ കണ്ടെത്തിയെന്ന് ഹമാസ് പറഞ്ഞു. സംഭവത്തിന്റെ വീഡിയോ പ്രചരിക്കുന്നുണ്ട്. നവംബര്‍ 10ന് ഇസ്രയേല്‍ സൈന്യം ആശുപത്രി ഒഴിപ്പിച്ചിരുന്നു.
അതിനിടെ ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിനെതിരായ അഴിമതി കേസിന്റെ വിചാരണ പുനരാരംഭിച്ചു.