പാലക്കാട് ഭര്‍തൃവീട്ടില്‍ യുവതി ആത്മഹത്യ ചെയ്ത സംഭവം ; ഭര്‍ത്താവിനെതിരെ കേസ്

വടക്കഞ്ചേരി കാരപ്പറ്റയില്‍ ഭർതൃവീട്ടില്‍ യുവതി തൂങ്ങിമരിച്ച സംഭവത്തില്‍ ഭർത്താവിനെതിരെ കേസ്. ആത്മഹത്യ പ്രേരണകുറ്റം ചുമത്തിയാണ് പ്രദീപിനെതിരെ കേസെടുത്തത്.

യുവതിയുടേത് തൂങ്ങിമരണമാണെന്ന് പ്രാഥമിക പോസ്റ്റ്മോർട്ടം റിപ്പോർട്ടില്‍ കണ്ടെത്തിയെങ്കിലും മരണത്തില്‍ നേഘയുടെ ഭർത്താവ് പ്രദീപിൻ്റെ പങ്ക് ആരോപിച്ച്‌ ബന്ധുക്കളും രംഗത്തെത്തിയിരുന്നു. ഇതിന് പിന്നാലെയാണ് അസ്വാഭാവിക മരണത്തിന് പാലക്കാട് ആലത്തൂർ പൊലീസ് കേസെടുത്തത്.

കഴിഞ്ഞ ദിവസം രാത്രി 12.20 ഓടെയാണ് നേഘ കുഴഞ്ഞ് വീണെന്ന വിവരം ഭർതൃവീട്ടുകാർ അറിയിക്കുന്നത്. നേഘയുടെ ബന്ധുക്കള്‍ ആലത്തൂരിലെ സ്വകാര്യ ആശുപത്രിയിലെത്തിയപ്പോഴേക്കും മരിച്ചെന്നാണ് വിവരം. മരണത്തില്‍ അസ്വാഭാവികത തോന്നിയ ആശുപത്രി അധികൃതർ പൊലീസിനെയും വിവരമറിയിച്ചു. പ്രാഥമിക പരിശോധനയില്‍ കഴുത്തില്‍ പാടുണ്ടെന്ന് കണ്ടെത്തി. പിന്നാലെയാണ് കുടുംബവും ഭർത്താവിനെതിരെ ആരോപണവുമായി രംഗത്തെത്തിയത്.

ആറ് വർഷം മുമ്ബായിരുന്നു നേഘയുടേയും പ്രദീപിൻ്റെയും വിവാഹം. മക്കളില്ലാതായതോടെ ചെറിയ അസ്വാരസ്യങ്ങളുണ്ടായിരുന്നുവെന്ന് ബന്ധുക്കള്‍ പറയുന്നു. പ്രവാസിയായിരുന്ന പ്രദീപ് നാട്ടിലെത്തി ചികിത്സ ആരംഭിച്ചു. രണ്ട് വർഷത്തിന് ശേഷം ഇവർക്ക് ഒരു മകള്‍ ജനിച്ചു. പിന്നാലെ പ്രദീപ് കോയമ്ബത്തൂരിലെ സ്വകാര്യ ടെക്സ്റ്റൈല്‍ കമ്ബനിയില്‍ ജോലിയില്‍ പ്രവേശിച്ചു. ആഴ്ചയില്‍ ഒരു ദിവസം വീട്ടിലെത്തും. ആ ദിവസങ്ങളിലെല്ലാം നേഘയെ മർദിക്കാറുണ്ടായിരുന്നുവെന്നും ബന്ധുക്കള്‍ പറയുന്നു.

Leave a Reply

Your email address will not be published. Required fields are marked *