ചോദ്യങ്ങളുന്നയിച്ചപ്പോള്‍ വെബ്സൈറ്റ് പൂട്ടി

വോട്ടർപട്ടികയില്‍ ക്രമക്കേടുണ്ടായെന്ന ആരോപണത്തിന്‍റെ പേരില്‍ സത്യവാങ്മൂലം നല്‍കണമെന്ന തെരഞ്ഞെടുപ്പ് കമ്മീഷൻ നിർദേശത്തിനു ശക്തമായ മറുപടിയുമായി കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി.പാർലമെന്‍റില്‍ ഭരണഘടന മുൻനിർത്തി നേരത്തേതന്നെ സത്യപ്രതിജ്ഞ ചെയ്തിരുന്നുവെന്നാണു രാഹുല്‍ പ്രതികരിച്ചത്. കർണാടകയില്‍ ഉള്‍പ്പെടെ വോട്ടുമോഷണം നടന്നുവെന്ന ആരോപണം രാഹുല്‍ ആവർത്തിക്കുകയും ചെയ്തു.

ജനങ്ങളില്‍നിന്ന് തെരഞ്ഞെടുപ്പ് തട്ടിപ്പറിക്കുന്നതിനു തെരഞ്ഞെടുപ്പു കമ്മീഷനും ബിജെപിയും കൈകോർത്തിരിക്കുകയാണ്. തെരഞ്ഞെടുപ്പുകമ്മീഷൻ നല്‍കിയ വിവരങ്ങളുടെ അടിസ്ഥാനത്തില്‍ ക്രമക്കേടിനെക്കുറിച്ച്‌ ജനം ചോദ്യങ്ങളുന്നയിച്ചപ്പോള്‍ അവർ വെബ്സൈറ്റ് പൂട്ടിയെന്നും രാഹുല്‍ ആരോപിച്ചു.

തെരഞ്ഞെടുപ്പു ഫലം ബിജെപിക്ക് അനുകൂലമാക്കാന്‍ തെരഞ്ഞെടുപ്പു കമ്മീഷന്‍ വോട്ടുകൊള്ള നടത്തുന്നുവെന്ന ആരോപണവുമായി ബംഗളൂരുവില്‍ സംഘടിപ്പിച്ച വോട്ട് അധികാർ റാലിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

പ്രതിപക്ഷത്തിന് ഡിജിറ്റല്‍ വോട്ടർപട്ടിക എന്തുകൊണ്ട് ലഭ്യമാക്കുന്നില്ല, ബൂത്തുകളിലെ സിസിടിവി വീഡിയോ ദൃശ്യങ്ങള്‍ ആരുടെ നിർദേശമനുസരിച്ചാണു നീക്കം ചെയ്യുന്നത്, വ്യാജ വോട്ടിംഗും ക്രമക്കേടുകളും സംഭവിക്കുന്നത് എന്തുകൊണ്ട്, പ്രതിപക്ഷനേതാക്കളെ ഭീഷണിപ്പെടുത്തുന്നത് എന്തുകൊണ്ട്, ബിജെപിയുടെ ഏജന്‍റായി തെരഞ്ഞെടുപ്പു കമ്മീഷൻ മാറിയോ എന്നിങ്ങനെ അഞ്ചു ചോദ്യങ്ങളാണ് രാഹുല്‍ ഉന്നയിച്ചത്.

ആരോപണം ഉയർന്നതോടെ മധ്യപ്രദേശിലെയും രാജസ്ഥാനിലെയും ബിഹാറിലെയും വെബ്സൈറ്റുകള്‍ തെരഞ്ഞെടുപ്പു കമ്മീഷൻ അടച്ചുപൂട്ടി. തെരഞ്ഞെടുപ്പുകള്‍ തട്ടിയെടുക്കുന്നവർക്കെതിരേ അന്വേഷണം നടത്താൻ കർണാടകത്തിലെ കോണ്‍ഗ്രസ് സർക്കാർ തയാറാകണം.

വോട്ട് കൊള്ളയിലൂടെയാണു മോദി പ്രധാനമന്ത്രിയായത്. വോട്ടര്‍പട്ടികയുടെ പൂര്‍ണരൂപം തെരഞ്ഞെടുപ്പു കമ്മീഷന്‍ പുറത്തുവിടണം. വോട്ട് കൊള്ളയുടെ നേർ ഉദാഹരണമാണ് മഹാരാഷ്‌ട്രയിലെ തെരഞ്ഞെടുപ്പ് പ്രക്രിയ.

ഒരു കോടി പുതിയ വോട്ടര്‍മാര്‍ മഹാരാഷ്‌ട്രയില്‍ വോട്ട് ചെയ്തു. പുതിയ വോട്ടര്‍മാര്‍ വന്ന സ്ഥലങ്ങളിലെല്ലാം ബിജെപി വിജയിച്ചു. കോണ്‍ഗ്രസിന്‍റെ പരമ്ബരാഗത വോട്ടു കുറഞ്ഞില്ലെന്നു വ്യക്തമാവുകയും ചെയ്തു.-രാഹുല്‍ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *