ചരിത്രംകുറിച്ച രണ്ട് നേട്ടങ്ങളുമായി കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രി. ഒരേ സമയം മൂന്ന് പ്രധാന അവയവങ്ങള്‍ മാറ്റിവെച്ച രാജ്യത്തെ ഏക സർക്കാർ ആശുപത്രി എന്ന നേട്ടമാണ് ബുധനാഴ്ച രാത്രിയില്‍ ഡോ.
ടി.കെ. ജയകുമാറിന്റെ നേതൃത്വത്തിലുള്ള സംഘം കൈവരിച്ചത്. ഒപ്പം, ഡല്‍ഹിയിലെ എയിംസ് കഴിഞ്ഞാല്‍, സർക്കാർ മേഖലയില്‍ ആദ്യമായി ശ്വാസകോശം മാറ്റിവയ്ക്കുന്ന ആശുപത്രിയുമായി.
ഇതോടെ, മനുഷ്യശരീരത്തില്‍ സാധ്യമായ ശസ്ത്രക്രിയകളെല്ലാം ചെയ്യുന്ന അന്താരാഷ്ട്ര നിലവാരത്തിലുമായി. ശസ്ത്രക്രിയകള്‍ക്ക് നേതൃത്വം നല്‍കിയവരെ മന്ത്രി വീണാ ജോർജ് അഭിനന്ദിച്ചു.
കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലിരിക്കെ മസ്തിഷ്‌കമരണം സംഭവിച്ച തിരുവനന്തപുരം പൂഴനാട് കാവിൻപുറത്ത് വീട്ടില്‍ എ.ആർ. അനീഷിന്റെ (38) അവയവങ്ങളാണ് ബന്ധുക്കളുടെ സമ്മതപ്രകാരം രോഗികള്‍ക്ക് ലഭിച്ചത്. അതില്‍ ഒരു വൃക്കയും ഹൃദയവും ശ്വാസകോശവും രണ്ട് നേത്രപടലങ്ങളും കോട്ടയം മെഡിക്കല്‍ കോളേജിലെ രോഗികള്‍ക്കാണ് ലഭിച്ചത്. ഒരു വൃക്കയും കൈകളും കൊച്ചി അമൃത ആശുപത്രിയിലുള്ള രോഗികള്‍ക്കായി നല്‍കി.
ഡോ. ടി.കെ. ജയകുമാർ നേതൃത്വം നല്‍കുന്ന ഹൃദയശസ്ത്രക്രിയാവിഭാഗമാണ് ഹൃദയവും ശ്വാസകോശവും ഒരേദിവസം ഒരേസമയം രണ്ട് രോഗികള്‍ക്ക് മാറ്റിവെച്ചത്. വൃക്കമാറ്റിവയ്ക്കലിന് നേതൃത്വം നല്‍കിയത് ഡോ. രാജീവനാണ്. ബുധനാഴ്ച വൈകീട്ട് ആറുമണിക്ക് ആരംഭിച്ച ശസ്ത്രക്രിയകള്‍ അവസാനിച്ചത് വ്യാഴാഴ്ച ഉച്ചയ്ക്ക് 11.30-നാണ്.
ഡോക്ടർമാർ, നഴ്‌സുമാർ, പെർഫ്യൂഷനിസ്റ്റുകള്‍, ടെക്‌നീഷ്യന്മാർ എന്നിവരും മറ്റ് ജീവനക്കാരും ഉള്‍പ്പെടെ 50 പേരുള്ള മൂന്ന് സംഘമാണ് മൂന്ന് മേജർ ശസ്ത്രക്രിയകള്‍ക്കായി പ്രവർത്തിച്ചത്. കോട്ടയം മുണ്ടക്കയം സൗത്ത് മയ്യാവില്‍ പി.ഡി. ദിവ്യമോള്‍ക്ക് (27) ശ്വാസകോശവും എറണാകുളം പുത്തൻകുരിശ് മറ്റത്തില്‍ എം.എം. മാത്യുവിന് (57) ഹൃദയവും പത്തനംതിട്ട കോഴഞ്ചേരി വി.കെ. അജിത്കുമാറിന് (38) വൃക്കയും ലഭിച്ചു. കണ്ണുകള്‍ കോട്ടയം മെഡിക്കല്‍ കോളേജിലെ നേത്രബാങ്കില്‍ സൂക്ഷിക്കും. ഇത് ക്രമപ്രകാരം രണ്ട് രോഗികള്‍ക്ക് നല്‍കും. ശസ്ത്രക്രിയകള്‍ വിജയകരമായെങ്കിലും പ്രധാന അവയവം മാറ്റിവയ്ക്കലായതിനാല്‍ ഒരാഴ്ച നിർണായകമാണ്.
