സോഷ്യല്‍ സയന്‍സ് പരീക്ഷാ പേപ്പറും എംഎസ് സൊല്യൂഷൻസ് ചോര്‍ത്തി

ക്രിസ്മസ് ചോദ്യപ്പേപ്പർ ചോര്‍ച്ചയില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. പത്താം ക്ലാസിലെ ഇംഗ്ലീഷ്, പ്ലസ് വണ്‍ ക്ലാസിലെ കണക്ക് എന്നീ വിഷയങ്ങള്‍ക്ക് പുറമേ 2024-25 ലെ പത്താംക്ലാസ് അര്‍ധവാര്‍ഷിക പരീക്ഷയുടെ ഇംഗ്ലീഷ്, സോഷ്യല്‍ സയന്‍സ് പേപ്പറും ചോര്‍ന്നുവെന്ന് പൊലീസ് കണ്ടെത്തല്‍.

വിഷയത്തില്‍ പ്രഗത്ഭരായ സാക്ഷികള്‍ ഇക്കാര്യം മൊഴി നല്‍കി.

കേസില്‍ ഗൂഢാലോചന നടന്നിട്ടുണ്ടെന്നും ഒരു കൂട്ടം പ്രതികളുടെ സഹായമുണ്ടെന്നും പൊലീസ് വ്യക്തമാക്കുന്നു. മറ്റ് പ്രതികളെയും ചോര്‍ച്ചയുടെ ഉറവിടവും കണ്ടെത്തണമെന്നും പൊലീസ് ആവശ്യപ്പെട്ടു. എം എസ് സൊലൂഷന്‍ ഉടമ ഷുഹൈബിന്റെ കസ്റ്റഡി അപേക്ഷയിലാണ് പൊലീസിന്റെ പരാമര്‍ശം.

ഷുഹൈബ് ചോദ്യം ചെയ്യലിനോട് പൂര്‍ണ്ണമായും സഹകരിക്കുന്നില്ലെന്നും അന്വേഷണസംഘം അറിയിച്ചു. ഗൂഢാലോചന ആരോപണത്തില്‍ തെളിവുകള്‍ നല്‍കിയില്ലെന്നും 11 മണിയോടെ താമരശ്ശേരി കോടതിയില്‍ ഹാജരാക്കുമെന്നും പൊലീസ് പറഞ്ഞു. കസ്റ്റഡി അപേക്ഷ ഇന്നു തന്നെ നല്‍കുമെന്നും പൊലീസ് പറയുന്നു.

അതേസമയം ഷുഹൈബിന്റെ വാദങ്ങള്‍ രണ്ടാം പ്രതിയും അധ്യാപകനുമായ ഫഹദും തള്ളി. കേസില്‍ ഗൂഢാലോചനയില്ലെന്ന് ഫഹദ് പറഞ്ഞു. 2024 നവംബറിലാണ് എം എസ് സൊലൂഷനില്‍ ജോലിക്ക് പ്രവേശിക്കുന്നതെന്നും 2023ലും ചോദ്യപേപ്പര്‍ ചോര്‍ന്നിട്ടുണ്ടെന്നും ഫഹദ് പറഞ്ഞു. എം എസ് സൊലൂഷനെതിരെ ഗൂഢാലോചന നടത്തിയിട്ടില്ലെന്നും ഷുഹൈബ് എന്തെങ്കിലും ഗൂഢാലോചന നടത്തിയിട്ടുണ്ടോയെന്ന് അന്വേഷിക്കണമെന്നും ഫഹദ് പറഞ്ഞു

Leave a Reply

Your email address will not be published. Required fields are marked *