ഏറ്റുമാനൂരിലെ ഷൈനിയും രണ്ട് പെണ്‍മക്കളും റെയില്‍വേ ട്രാക്കില്‍ ആത്മഹത്യ ചെയ്ത സംഭവത്തില്‍ ഞെട്ടിക്കുന്ന വെളിപ്പെടുത്തല്‍ .
കല്യാണം കഴിഞ്ഞ നാള്‍ മുതല്‍ ഷൈനി ഭർത്താവിന്റെ വീട്ടില്‍ പീഡനം നേരിട്ടിരുന്നിരുന്നു. പീഡന വിവരം പലപ്പോഴും മകള്‍ വീട്ടില്‍ അറിയിച്ചിരുന്നുവെന്നും ഷൈനിയുടെ പിതാവ് കുര്യാക്കോസ്.
ഭർത്താവ് നോബി ബന്ധുക്കളുടെ മുന്നില്‍ വെച്ച് ഷൈനിയെ മർദ്ദിക്കുകയും കാലില്‍ ചവിട്ടുകയും ചെയ്തിരുന്നു അതിന് ശേഷം വീട്ടില്‍ നിന്നും ഇറക്കി വിടുകയായിരുന്നുവെന്നും, ഈ വിവരങ്ങളെല്ലാം നോബിയുടെ കസിൻസ് തന്നോട് വന്ന പറഞ്ഞപ്പോഴാണ് മകളെയും കുട്ടികളെയും കൂട്ടികൊണ്ടു വന്നതെന്നും കുര്യാക്കോസ് പറഞ്ഞു. മരിച്ചതിന് തലേന്ന് നോബി ഫോണ്‍ വിളിച്ച് ഷൈനിയോട് “കുഞ്ഞുങ്ങളെയും കൊണ്ട് ഇരിക്കാതെ പോയി മരിച്ചുടേ” എന്ന് പറഞ്ഞു.
അതെ സമയം പെണ്‍കുട്ടികളെ ഹോസ്റ്റലില്‍ നിർത്തി പഠിപ്പിക്കാൻ ഷൈനി ശ്രമിച്ചിരുന്നുവെന്ന് കെയർ ഹോമിന്റെ ഉടമ. ഷൈനി നാല് മാസം ജോലി ചെയ്തിരുന്നത് ഈ സ്ഥാപനത്തിലായിരുന്നു. ജോലിക്കെത്തിയ ഷൈനിയുടെ മുഖത്ത് മർദ്ദനത്തിന്റെ പാടുകള്‍ ഉണ്ടായിരുന്നു. ഭർത്താവ് തന്നെ സ്ഥിരമായി മർദ്ദിക്കുമായിരുന്നുവെന്ന് ഷൈനി തന്നോട് പറഞ്ഞിരുന്നു. മർദ്ദനത്തിന് പിന്നാലെ ഷൈനി ആശുപത്രിയില്‍ ചികിത്സ തേടിയിരുന്നുവെന്നും കെയർ ഹോം ഉടമ പറഞ്ഞു.
9 മാസം മുൻപ് ഷൈനിയെ നോബിയുടെ വീട്ടില്‍ നിന്ന് ഇറക്കി വിട്ടതാണ്. ഭർത്താവിന്റെ വീട്ടില്‍ ഷൈനിക്ക് വേലക്കാരിയുടെ സ്ഥാനമായിരുന്നു. നോബിയുടെ ക്യാൻസർ രോഗിയായ അച്ഛന്റെ കാര്യങ്ങളടക്കം നോക്കിയിരുന്നത് ഷൈനിയായിരുന്നു. ജോലിക്കായി പല ആശുപത്രികളും ഷൈനി ശ്രമിച്ചിരുന്നുവെങ്കിലും അതെല്ലാം ഭർത്താവ് നോബി ഇല്ലാതാക്കാൻ ശ്രമിച്ചിരുന്നു. കടുത്ത സാമ്ബത്തിക ബുദ്ധിമുട്ട് നേരിട്ട ഷൈനിക്ക് ജോലി കിട്ടാത്തത് നിരാശയാണ് ഉണ്ടാക്കിയത്. ഇതിനൊപ്പം വിവാഹമോചന കേസ് നീണ്ട് പോകുന്നതും മാനസിക പ്രയാസത്തിലേക്ക് നയിച്ചിരുന്നു.
കഴിഞ്ഞ വെള്ളിയാഴ്ചയാണ് ഏറ്റുമാനൂർ പാറോലിക്കല്‍ സ്വദേശിനിയായ ഷൈനിയും പതിനൊന്നും പത്തും വയസ്സുള്ള മക്കളായ അലീനയും ഇവാനയും നിലമ്ബൂർ എക്സ്പ്രസ് ട്രെയിനിന് മുന്നില്‍ ചാടി ആത്മഹത്യ ചെയ്യുന്നത്. ആത്മഹത്യക്ക് പിന്നാലെ അസ്വാഭാവിക മരണത്തിന് മാത്രം കേസെടുത്തിരുന്ന ഏറ്റുമാനൂർ പൊലീസ് പ്രതിക്കെതിരെ ഉയർന്ന കടുത്ത ജനരോഷത്തിനും മനുഷ്യാവകാശ കമ്മീഷന്റെ ഇടപെടലിനും പിന്നാലെയാണ് ഭർത്താവ് നോബിക്കെതിരെ ആത്മഹത്യപ്രേരണക്കുറ്റം ചുമത്തുന്നത്. നോബിക്കെതിരായി തൊടുപുഴ സ്റ്റേഷനില്‍ ഷൈനി നല്‍കിയ ഗാർഹിക പീഡന പരാതിയും നിലവിലുണ്ട്.