ദുബായില്‍ നിന്ന് സ്വർണം കടത്താൻ ശ്രമിക്കുന്നതിനിടെ കോണ്‍ഗ്രസ് നേതാവ് ശശി തരൂരിന്റെ പേഴ്സണല്‍ അസിസ്റ്റന്റിനെ അറസ്റ്റ് ചെയ്ത് കസ്റ്റംസ് ഉദ്യോഗസ്ഥർ.
ഡല്‍ഹി വിമാനത്താവളത്തില്‍ നിന്നാണ് ശശി തരൂരിന്റെ പിഎ, ശിവകുമാർ അറസ്റ്റിലാകുന്നത്. ഇന്നലെയാണ് സംഭവം. ഐജിഐ എയർപോർട്ടിലെ ടെർമിനല്‍ 3ല്‍ നിന്നാണ് ഇയാളെ പിടികൂടിയത്.
ഇയാളുടെ കൂട്ടാളികളില്‍ ഒരാളില്‍ നിന്ന് സ്വർണം മേടിക്കുന്നതിനിടെയാണ് ശിവകുമാർ കസ്റ്റംസിന്റെ പിടിയിലാകുന്നത്. വിദേശത്ത് നിന്ന് തിരിച്ചെത്തിയ ആളില്‍ നിന്നാണ് ശിവകുമാർ സ്വർണം കൈപ്പറ്റിയത്. 30 ലക്ഷം രൂപ വിലമതിക്കുന്ന സ്വർണമാണിതെന്ന് കസ്റ്റംസ് ഉദ്യോഗസ്ഥർ അറിയിച്ചു. പിടിച്ചെടുത്ത സ്വർണത്തിന്റെ ഉറവിടം സംബന്ധിച്ച് ഉദ്യോഗസ്ഥർ ചോദിച്ചെങ്കിലും ശിവകുമാർ വിവരം കൈമാറിയില്ലെന്നാണ് സൂചന.
എന്തിനാണ് സ്വർണം കൊണ്ടുവന്നത് എന്നതുള്‍പ്പെടെയുള്ള കാര്യങ്ങള്‍ ചോദിച്ചെങ്കിലും കൃത്യമായ വിവരം നല്‍കാനോ സ്വർണത്തിന്റെ രേഖകള്‍ ഹാജരാക്കാനോ ശിവകുമാറിന് സാധിച്ചിട്ടില്ല. സംഭവത്തില്‍ വിശദമായ അന്വേഷണം നടത്തുമെന്ന് ഉദ്യോഗസ്ഥർ അറിയിച്ചിട്ടുണ്ട്. നിലവില്‍ കസ്റ്റംസ് ഉദ്യോഗസ്ഥർ ശിവകുമാറിനെ ചോദ്യം ചെയ്ത് വരികയാണ്.