അതിർത്തിയില്‍ വെടിനിർത്തല്‍ ധാരണ ലംഘിച്ച് ഇന്ത്യൻ സൈനിക പോസ്റ്റുകളിലേക്ക് വെടിയുതിർത്ത് പാക് സൈന്യം.
നിയന്ത്രണ രേഖയില്‍ പൂഞ്ച് ജില്ലയിലെ കൃഷ്ണ ഘാട്ടി മേഖലയിലെ സൈനിക പോസ്റ്റുകള്‍ക്ക് നേരെയാണ് പാക് പ്രകോപനം. ഇന്ത്യൻ സൈന്യം തക്കതായ മറുപടി നല്‍കിയെന്ന് സൈനിക അധികൃതർ പറഞ്ഞു.
പാകിസ്താന്‍റെ ഭാഗത്തുണ്ടായ നാശനഷ്ടങ്ങളെ കുറിച്ച് കൃത്യമായ കണക്കില്ലെങ്കിലും കനത്ത നാശത്തിനാണ് സാധ്യതയെന്ന് സൈനിക വൃത്തങ്ങള്‍ പറയുന്നു. സംഭവത്തില്‍ ഇന്ത്യൻ സൈന്യം ഔദ്യോഗിക പ്രതികരണം നടത്തിയിട്ടില്ല.
2021ല്‍ ഇരുരാജ്യങ്ങളും വെടിനിർത്തല്‍ കരാർ പുതുക്കിയിരുന്നു. എന്നാല്‍, അതിർത്തിയില്‍ സേനാ വിന്യാസം കുറച്ചിട്ടില്ല. 2021ന് ശേഷം അപൂർവമായാണ് വെടിനിർത്തല്‍ ധാരണ ലംഘിക്കപ്പെട്ടിട്ടുള്ളത്.
ചൊവ്വാഴ്ച നിയന്ത്രണരേഖയ്ക്ക് സമീപമുണ്ടായ സ്ഫോടനത്തില്‍ ക്യാപ്റ്റൻ ഉള്‍പ്പെടെ രണ്ട് സൈനികർ വീരമൃത്യു വരിച്ചിരുന്നു. ഒരു ജവാന് പരിക്കേല്‍ക്കുകയും ചെയ്തു. അഖ്‌നൂർ സെക്ടറില്‍ ഭീകരർ സ്ഥാപിച്ച ഐ.ഇ.ഡി. പൊട്ടിത്തെറിക്കുകയായിരുന്നു. ഭട്ടല്‍ പ്രദേശത്ത് പട്രോളിങ് നടത്തുകയായിരുന്ന സൈനികരാണ് അപകടത്തില്‍പ്പെട്ടത്.