സയ്യിദ് മുഷ്താഖ് അലി ട്രോഫി; ക്വാർട്ടറിൽ ഇന്ന് കേരളം അസമിനെതിരെ

സയ്യിദ് മുഷ്താഖ് അലി ട്രോഫി ക്വാർട്ടർ ഫൈനലിൽ കേരളം ഇന്ന് അസമിനെതിരെ. മൊഹാലിയിലെ ഐഎസ് ബിന്ദ്ര സ്റ്റേഡിയത്തിൽ വൈകുന്നേരം 4.30നാണ് മത്സരം. ഗ്രൂപ്പ് ഘട്ടത്തിൽ നേരിട്ട ഒരേയൊരു പരാജയം അസമിനെതിരെ ആയതിനാൽ ആ സമ്മർദ്ദത്തിലാവും കേരളം ഇന്ന് ഇറങ്ങുക. (smat kerala assam quarter)

ഗ്രൂപ്പ് ഘട്ടത്തിലെ ആദ്യ ആറ് മത്സരങ്ങളിൽ ആറും വിജയിച്ചെത്തിയ കേരളത്തിന് അപ്രതീക്ഷിത തിരിച്ചടിയാണ് ഏഴാം മത്സരത്തിൽ നേരിട്ടത്. ടൂർണമെൻ്റിൽ തകർപ്പൻ ഫോമിലുള്ള ക്യാപ്റ്റൻ റിയാൻ പരാഗിൻ്റെ ഓൾറൗണ്ട് മികവിൽ കേരളത്തെ മറികടന്ന അസം പ്രീക്വാർട്ടറിൽ ബംഗാളിനെയും വീഴ്ത്തി. ഈ മത്സരത്തിലും പരാഗ് തൻ്റെ ഫോം തുടർന്നു. തുടരെ ഏഴ് അർധസെഞ്ചുറികൾ നേടിയ പരാഗ് ലോക റെക്കോർഡ് നേട്ടവും സ്വന്തമാക്കി. ഒഡീഷയ്ക്കെതിരായ ആദ്യ കളി 45 റൺസിനു പുറത്തായ പരാഗ് പിന്നീട് എല്ലാ മത്സരങ്ങളിലും അർദ്ധസെഞ്ചുറി നേടിയിരുന്നു. ടൂർണമെൻ്റിൽ ഏറ്റവുമധികം റൺസ് നേടിയ താരമാണ് പരാഗ്. ഇതിനൊപ്പം 11 വിക്കറ്റും നേടിയ താരം ടീമിനെ മുന്നിൽ നിന്ന് നയിക്കുകയാണ്. പരാഗിനെ പിടിച്ചുനിർത്തുക എന്നതാവും കേരളം നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളി.

Read Also: ഒന്നാം സ്ഥാനം ലക്ഷ്യമിട്ട് ഇന്ത്യ; ചാമ്പ്യൻസ് ട്രോഫി ലക്ഷ്യമിട്ട് ശ്രീലങ്ക: രോഹിതിൻ്റെ തട്ടകത്തിൽ ഇന്ന് ആവേശപ്പോര്

ഏറെക്കാലത്തിനു ശേഷം ടീമിൽ തിരികെയെത്തിയ വിനോദ് കുമാറാണ് ബൗളർമാരിൽ മികച്ച പ്രകടനം നടത്തുന്നത്. കെഎം ആസിഫും ബേസിൽ തമ്പിയും ഫോമൗട്ടാണ്. കർണാടകയിൽ നിന്ന് ഈ സീസണിൽ ടീമിലെത്തിയ ശ്രേയാസ് ഗോപാൽ, സിജോമോൻ ജോസഫ് എന്നിവർ തരക്കേടില്ലാത്ത പ്രകടനങ്ങൾ നടത്തി. ജലജ് സക്സേന ലഭിച്ച അവസരങ്ങൾ ഫലപ്രദമായി ഉപയോഗിച്ചു. ബേസിലിനു പകരം ഉണ്ണികൃഷ്ണൻ മനുകൃഷ്ണന് അവസരം ലഭിച്ചെക്കാനിടയുണ്ട്.

ബാറ്റർമാരിൽ വിഷ്ണു വിനോദ് മികച്ച ഫോമിലാണ്. അസമിനെതിരായ കഴിഞ്ഞ കളി നിരാശപ്പെടുത്തിയെങ്കിലും ടൂർണമെൻ്റിൽ കേരളത്തിൻ്റെ ഏറ്റവും മികച്ച ബാറ്ററാണ് വിഷ്ണു. സഞ്ജു, സൽമാൻ നിസാർ, സച്ചിൻ ബേബി, അബ്ദുൽ ബാസിത്ത് എന്നിവരും ഭേദപ്പെട്ട പ്രകടനങ്ങൾ നടത്തി. ടോപ്പ് ഓർഡറിൽ രോഹൻ കുന്നുമ്മൽ കഴിഞ്ഞ സീസണുകളിലേതുപോലെ മികച്ച ഫോമിൽ അല്ലെന്നത് കേരളത്തിനു തിരിച്ചടിയാണ്.

അസമിൽ പരാഗ് തന്നെയാണ് സൂപ്പർ സ്റ്റാർ. പരാഗിനു കീഴിൽ ഒരുകൂട്ടം യുവതാരങ്ങൾ ഒരു ടീമെന്ന നിലയിൽ അസാധ്യ പ്രകടനങ്ങൾ കാഴ്ചവെക്കുന്നു. മൃണ്മോയ് ഗുപ്ത, സിബ്സങ്കർ റോയ്, ആകാശ് സെൻഗുപ്ത തുടങ്ങിയ താരങ്ങൾ വിവിധ മത്സരങ്ങളിൽ മികച്ചുനിന്നു.

Leave a Reply

Your email address will not be published. Required fields are marked *