മോർച്ചറിയില്‍ നിന്നും ജീവിതത്തിലേക്ക് അത്ഭുതകരമായി തിരിച്ചു വന്ന കൂത്തുപറമ്ബ് പാച്ചപ്പൊയ്കയിലെ പവിത്രൻ ആശുപത്രി വിട്ടു.
മരിച്ചെന്ന് കരുതി മോർച്ചറിയില്‍ മൃതദേഹമെന്ന ധാരണയില്‍ സൂക്ഷിച്ച പവിത്രനാണ് കണ്ണൂർ എ.കെ.ജി ആശുപത്രിയിലെ അറ്റൻഡർമാരുടെ ജാഗ്രതയില്‍ രക്ഷപ്പെട്ടത്. എ.കെ.ജി ആശുപത്രിയില്‍ ഐ.സി.യുവില്‍ ചികിത്സയിലായിരുന്ന പവിത്രനെ ആരോഗ്യസ്ഥിതി മെച്ചപ്പെട്ടതിനെ തുടർന്ന് വാർഡിലേക്ക് മാറ്റുകയായിരുന്നു.
ഡോ. പൂർണിമ റാവുവിന്റെ നേതൃത്വത്തിലുള്ള മെഡിക്കല്‍ സംഘമാണ് പവിത്രനെ ചികിത്സിച്ചത്. ആറു ദിവസത്തോളം ഗ്യാസ്ട്രോ ഐ.സി.യുവിലായിരുന്നു. ആരോഗ്യനില മെച്ചപ്പെട്ടതോടെ വാർഡിലേക്ക് മാറ്റിയ പവിത്രൻ വെള്ളിയാഴ്ച വൈകീട്ടോടെ ഭാര്യ സുധക്കൊപ്പം വീട്ടിലേക്ക് മടങ്ങി.
കഴിഞ്ഞ 13 നാണ് മംഗ്ളൂരിലെ ആശുപത്രിയില്‍ വെൻ്റിലേറ്ററില്‍ ചികിത്സയിലായിരുന്ന പവിത്രനെ ഡോക്ടർമാർ മരണം സ്ഥിരീകരിച്ചതിനെ തുടർന്ന് കണ്ണൂർ എ.കെ.ജി സ്മാരക സഹകരണ ആശുപത്രി മോർച്ചറിയിലെത്തിച്ചത്. പ്രാദേശിക ജനപ്രതിനിധിയുടെ കത്ത് വാങ്ങിയാണ് സംസ്കാര ചടങ്ങുകള്‍ ഒരുക്കുന്നതിനിടെയില്‍ മോർച്ചറിയില്‍ സൂക്ഷിച്ചത്. എന്നാല്‍ അന്ന് രാത്രിയില്‍ ഡ്യൂട്ടിയിലുണ്ടായിരുന്ന സൂപ്പർവൈസർ ജയനും ഇലക്‌ട്രീഷ്യൻ അനൂപും കാണിച്ച ജാഗ്രതയാണ് ഈ 67 വയസുകാരന് ജീവിതത്തിലേക്കുള്ള വഴി തുറന്നത്. പാച്ച പൊയ്കയിലെ പുഷ്പാലയം വീട്ടില്‍ വെള്ളുവക്കണ്ടി പവിത്രൻ വൃക്കസംബന്ധമായ അസുഖം കാരണം ഏറെക്കാലമായി മംഗ്ളൂരിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. നിലമോശമായതിനെ തുടർന്നാണ് വെൻ്റിലേറ്ററിലേക്ക് മാറ്റിയത്.
കൂടുതല്‍ ചികിത്സയൊന്നും നല്‍കാനില്ലെന്നും വെൻ്റിലേറ്ററില്‍ നിന്നും മാറ്റിയാല്‍ പത്തു മിനുട്ടിലധികം ജീവിച്ചിരിക്കാൻ സാധ്യതയില്ലെന്ന് ഡോക്ടർമാർ അറിയിച്ചു. ഇതിനെ തുടർന്നാണ് ഭാര്യ സുധയും ബന്ധുവും ആശുപത്രിയില്‍ നിന്നും ആംബുലൻസില്‍ നാട്ടിലേക്ക് കൊണ്ടുവന്നത്. യാത്രയില്‍ പവിത്രന് അനക്കമൊന്നും ഇല്ലാത്തതിനാലാണ് എ.കെ.ജി ആശുപത്രി ഫ്രീസറിലേക്ക് ശരീരം മാറ്റിയത് -രാത്രി 11.30 ന് എ.കെ.ജി ആശുപത്രിയിലെത്തിച്ച മൃതദേഹം സ്ട്രച്ചറില്‍ മാറ്റുന്നതിനിടെയാണ് ആംബുലൻസില്‍ കയറിയ ജയനും അനൂപും പവിത്രൻ്റെ ദേഹം അനങ്ങുന്നതായി വ്യക്തമായത്. ഉടൻ ഡോക്ടറെ വിവരമറിയിക്കുകയും ഇവരുടെ നിർദ്ദേശപ്രകാരം അതി തീവ്ര പരിചരണ വിഭാഗത്തിലേക്ക് മാറ്റി അടിയന്തിര ചികിത്സ നടത്തുകയുമായിരുന്നു.