ശബരിമല തീർഥാടനത്തിനുള്ള ഒരുക്കങ്ങള്‍ പൂർത്തിയായെന്നും അയ്യപ്പഭക്തർക്ക് സുഗമമായ തീർഥാടനം ഉറപ്പുവരുത്തുമെന്നും ദേവസ്വം-സഹകരണ-തുറമുഖ വകുപ്പുമന്ത്രി വി.എൻ. വാസവൻ.
ശബരിമല തീർഥാടനവുമായി ബന്ധപ്പെട്ട് കടപ്പാട്ടൂർ ഇടത്താവളത്തിലെ ഒരുക്കങ്ങള്‍ വിലയിരുത്തുന്നതിനായി കടപ്പാട്ടൂർ ദേവസ്വം ഓഡിറ്റോറിയത്തില്‍ നടന്ന അവലോകനയോഗം ഉദ്ഘാടനം ചെയ്തുകൊണ്ടു സംസാരിക്കുകയായിരുന്നു അദ്ദേഹം. ശനിയാഴ്ച തിരുവനന്തപുരത്ത് മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ മണ്ഡലകാല ഒരുക്കങ്ങളുടെ അന്തിമഅവലോകനം നടക്കുമെന്നും മന്ത്രി അറിയിച്ചു.
അൻപതിലധികം പോലീസുകാരെയും സ്പെഷ്യല്‍ ഓഫീസർമാരെയും കടപ്പാട്ടൂരില്‍ നിയോഗിക്കുമെന്ന് ജില്ലാ പോലീസ് മേധാവി എ. ഷാഹുല്‍ ഹമീദ് അറിയിച്ചു. റോഡിലെ അപകടമേഖലകള്‍ കണ്ടെത്തി കൂടുതല്‍ പോലീസുകാരെ നിയോഗിക്കും. പോലീസിന്റെ നേതൃത്വത്തില്‍ ചുക്കുകാപ്പി വിതരണം നടത്തും.
ലഹരിക്കെതിരേയുള്ള പരിശോധന കർശനമാക്കുന്നതിന്റെ ഭാഗമായി കടപ്പാട്ടൂരിലും പരിസരപ്രദേശങ്ങളിലും എക്സൈസ് വകുപ്പ് രണ്ട് പട്രോളിങ് യൂണിറ്റുകളെ നിയോഗിക്കും. കടകളിലുള്‍പ്പെടെ വ്യാപക പരിശോധന നടത്തും. 24 മണിക്കൂറും പ്രവർത്തിക്കുന്ന സ്‌ക്വാഡും പട്രോളിങ് യൂണിറ്റും മോട്ടോർ വാഹനവകുപ്പ് സജ്ജമാക്കും. തീർഥാടനകാലത്ത് പാലായില്‍നിന്ന് പമ്ബയിലേക്ക് നാലു ബസുകള്‍ കെ.എസ്.ആർ.ടി.സി. ഓടിക്കും. കൂടുതല്‍ തീർഥാടകരുണ്ടെങ്കില്‍ ബജറ്റ് ടൂറിസം പദ്ധതിയിലുള്‍പ്പെടുത്തി സ്്പെഷ്യല്‍ സർവീസും നടത്തും.
തീർഥാടനപാതയിലെ കുഴികള്‍ അടയ്്ക്കുന്നതുള്‍പ്പെടെയുള്ള ജോലികള്‍ പൊതുമരാമത്ത് വകുപ്പ് പൂർത്തിയാക്കുകയാണ്. വഴിയോരത്തെ കാടുകള്‍ വെട്ടിത്തെളിച്ച് വൃത്തിയാക്കും. ദിശാ സൂചികാ ബോർഡുകള്‍ വൃത്തിയാക്കും. ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ നേതൃത്വത്തില്‍ കച്ചവടക്കാർക്കായി ബോധവത്കരണ ക്ലാസുകളും പരിശോധനകളും നടത്തും. ആരോഗ്യവകുപ്പ് 24 മണിക്കൂറും പ്രവർത്തിക്കുന്ന പ്രാഥമികചികിത്സാകേന്ദ്രവും ആംബുലൻസ് സൗകര്യവും ഏർപ്പെടുത്തും.
കുളിക്കടവിലിറങ്ങുമ്ബോഴുള്ള അപകടമൊഴിവാക്കാൻ അഗ്‌നിരക്ഷാസേനയുടെ നേതൃത്വത്തില്‍ സ്‌കൂബാ ടീമിനെ ഏർപ്പെടുത്തും. അപകടസൂചന നല്‍കുന്ന വിവിധ ഭാഷകളിലുള്ള ബോർഡുകളും സ്ഥാപിക്കും. പൊൻകുന്നം- തൊടുപുഴ റോഡില്‍ വഴിവിളക്കുകള്‍ തെളിയിക്കുന്നതിന് അടിയന്തരനടപടികള്‍ സ്വീകരിക്കാനും യോഗത്തില്‍ തീരുമാനമായി.
യോഗത്തില്‍ മാണി സി. കാപ്പൻ എം.എല്‍.എ. അധ്യക്ഷത വഹിച്ചു. പാലാ നഗരസഭാധ്യക്ഷൻ ഷാജു വി. തുരുത്തൻ, മുത്തോലി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് രഞ്ജിത്ത് മീനാഭവൻ, അഡീഷണല്‍ ജില്ലാ മജിസ്‌ട്രേറ്റ് ബീനാ പി. ആനന്ദ്, ജില്ലാ പഞ്ചായത്തംഗം ജോസ്മോൻ മുണ്ടയ്ക്കല്‍, മുത്തോലി ഗ്രാമപഞ്ചായത്തംഗങ്ങളായ രാജൻ മുണ്ടമറ്റം, പുഷ്പാ ചന്ദ്രൻ, പാലാ ആർ.ഡി.ഒയുടെ ചുമതല വഹിക്കുന്ന എം. അമല്‍ മഹേശ്വർ, മീനച്ചില്‍ തഹസില്‍ദാർ ലിറ്റിമോള്‍ തോമസ്, പാലാ ഡിവൈ.എസ്.പി. കെ. സദൻ, സ്പെഷ്യല്‍ ബ്രാഞ്ച് ഡിവൈ.എസ്.പി. ടിപ്സണ്‍ തോമസ്, കടപ്പാട്ടൂർ ദേവസ്വം പ്രസിഡന്റ് മനോജ് ബി. നായർ, വിവിധ വകുപ്പ് പ്രതിനിധികള്‍ എന്നിവർ യോഗത്തില്‍ പങ്കെടുത്തു.