ഇന്ത്യ കാനഡ നയതന്ത്ര തര്‍ക്കം ; വിസ ഇടപാടുകള്‍ വൈകിയേക്കും

ഇന്ത്യയും കാനഡയും തമ്മിലുള്ള നയതന്ത്ര തര്‍ക്കം വിസാ നടപടികളുടെ വേഗം കുറയ്ക്കും. പ്രധാന നയതന്ത്ര ഉദ്യോഗസ്ഥരെ ഇരു രാജ്യങ്ങളും പുറത്താക്കുകയോ തിരിച്ചുവിളിക്കുകയോ ചെയ്ത സാഹചര്യത്തില്‍ വിസാ നടപടികള്‍ പരിമിതപ്പെടുത്താനും കാലതാമസമുണ്ടാകാനും സാധ്യതയുണ്ടെന്ന് നയതന്ത്ര വിദഗ്ധര്‍ പറഞ്ഞു.

തര്‍ക്കത്തിന്റെ പശ്ചാത്തലത്തില്‍ തുടര്‍ നടപടികള്‍ സ്വീകരിക്കാനുള്ള അവകാശം ഇന്ത്യക്കുണ്ടെന്ന് വ്യക്തമാക്കിയാണ് കഴിഞ്ഞ ദിവസം വിദേശകാര്യ മന്ത്രാലയം നയതന്ത്ര തലത്തില്‍ നടപടിയെടുത്തത്. ആറ് നയതന്ത്ര ഉദ്യോഗസ്ഥരെ ഇന്ത്യ പുറത്താക്കിയ സാഹചര്യത്തില്‍ വിസാ നടപടികള്‍ നിര്‍വഹിക്കാനുള്ള സംവിധാനം, ഉദ്യോഗസ്ഥ ബലം എന്നിവ ഡല്‍ഹിയിലെ സ്ഥാനപതി കാര്യാലയത്തില്‍ പരിമിതപ്പെടുത്തും. വിതരണം ചെയ്യുന്ന വിസകളുടെ എണ്ണം വെട്ടിക്കുറക്കാനും കാരണമാകും.

നിജ്ജര്‍ വധവുമായി ബന്ധപ്പെട്ട് കഴിഞ്ഞ വര്‍ഷം കനേഡിയന്‍ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോ ഇന്ത്യാ വിരുദ്ധ പ്രസ്താവനകള്‍ നടത്തിയതോടെ 2023 സെപ്തംബറില്‍ ഇന്ത്യ ഒരു മാസത്തേക്ക് വിസ നല്‍കുന്നത് നിര്‍ത്തിവച്ചിരുന്നു. ഇതോടെ കാനഡയും താല്‍ക്കാലികമായി വിസ വിതരണം നിര്‍ത്തി. 2023 നവംബറില്‍ ഘട്ടം ഘട്ടമായി ഇന്ത്യ വിസ വിതരണം പുനരാരംഭിക്കുകയായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *