മാരക രാസലഹരിയായ എംഡിഎംഎയുമായി പ്രമുഖ സീരിയല്‍ നടിയെ പൊലീസ് അറസ്റ്റുചെയ്തു. ചിറക്കര പഞ്ചായത്ത് ഒഴുകുപാറ കുഴിപ്പില്‍ ശ്രീ നന്ദനത്തില്‍ ഷംനത്ത് എന്ന പാർവതി (36) ആണ് പിടിയിലായത്.
പരവൂർ ഇൻസ്പെക്ടർക്ക് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ നടത്തിയ പരിശോധനയിലാണ് ഷംനത്ത് പിടിയിലായത്. ഇവരുടെ വീട്ടില്‍ നടത്തിയ പരിശോധനയില്‍ മൂന്നുഗ്രാം എംഡിഎംഎ പിടിച്ചെടുത്തു. ഭർത്താവിനൊപ്പമാണ് ഇവർ താമസിച്ചിരുന്നത്. ഷംനത്തിന് ലഹരിക്കടത്ത് സംഘങ്ങളുമായി ബന്ധമുണ്ടോ എന്ന് പൊലീസ് അന്വേഷിക്കുന്നുണ്ട്. നടിയെ ഇന്ന് കോടതിയില്‍ ഹാജരാക്കും.
കഴിഞ്ഞ ദിവസം കൊല്ലം കൊട്ടിയത്ത് എംഡിഎംഎയുമായി യുവതി അടക്കം അഞ്ച് പേരെ പൊലീസ് അറസ്റ്റുചെയ്തിരുന്നു. കിഴവൂർ, ഫൈസല്‍ വില്ലയില്‍ ഫൈസല്‍ (29), കരീപ്ര, കുഴിമതിക്കാട് സ്വദേശി വിപിൻ (32), കണ്ണൂർ , ചെമ്ബിലോട് സ്വദേശി ആരതി (30) കിളികൊല്ലൂർ, പ്രഗതി നഗർ ബിലാല്‍ (35), കല്ലുവാതുക്കല്‍, പാമ്ബുറം, സ്വദേശി സുമേഷ് (26) എന്നിവരാണ് കൊട്ടിയം പൊലീസിന്റെ പിടിയിലായത്.
നഗരത്തിലെ വിവിധ പ്രദേശങ്ങള്‍ കേന്ദ്രീകരിച്ച് വിലപനയ്ക്കായി എത്തിച്ച 4.37 ഗ്രാം എം.ഡി.എം.എ പൊലീസ് സംഘം നടത്തിയ പരിശോധനയില്‍ ഒന്നാം പ്രതിയുടെ വീട്ടില്‍ നിന്നും കണ്ടെടുത്തു. ബിലാലും സുമേഷും ചേർന്നാണ് മയക്കുമരുന്ന് എത്തിച്ചത്. 2 ഗ്രാം കഞ്ചാവും ഇവരില്‍ നിന്നും കണ്ടെടുത്തിട്ടുണ്ട്.